കൊച്ചി: കൊറോണ വൈറസിനെയും ഒപ്പം പ്രദേശവാസികളെയും പേടിച്ച് പുറത്തിറങ്ങാനാവാതെ 33 മലയാളികളാണ് ഹെയ്തി എന്ന കരീബിയന്‍ രാജ്യത്തു കുടുങ്ങി കിടക്കുന്നത്. ആകെ 80 ഇന്ത്യക്കാര്‍ രാജ്യത്ത് കുടുങ്ങിക്കിടക്കുന്നുണ്ട്.
കൊറോണ രാജ്യത്ത് എത്തിച്ചത് വിദേശികളാണെന്ന വിശ്വാസത്തിലാണ് ഹെയ്തി വാസികള്‍.അതുകൊണ്ട് തന്നെ സ്വദേശികളല്ലാത്തവരെ കണ്ടാല്‍ അപ്പോള്‍ തന്നെ ആക്രമിക്കുകയാണ് ഈ ദ്വീപ് വാസികള്‍ ചെയ്യുന്നത്.
കൊറോണ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച 11 വയസുകാരനായ സ്വന്തം നാട്ടുകാരനെ വിദ്യാഭ്യാസമോ കാര്യമായ വരുമാന മാര്‍ഗങ്ങളോ ഇല്ലാത്ത ഇവരില്‍ ഒരു സംഘം കഴിഞ്ഞ ദിവസം കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നതായി ആലപ്പുഴ സ്വദേശിയായ ജിതിന്‍ സിങ് പറയുന്നു. സംഭവമറിഞ്ഞെത്തിയ പൊലീസുകാരാണ് കുഞ്ഞിനെ രക്ഷിച്ച് ചികിത്സയ്ക്കായി വേണ്ട കാര്യങ്ങള്‍ ചെയ്ത് നല്‍കിയത്.
ഹെയ്തിയില്‍ ഇതുവരെ 15 പേര്‍ക്കാണ് കോവിഡ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. വളരെ വേഗം ഇത് സമൂഹിക വ്യാപനത്തിലെത്തുമെന്ന് ഭയപ്പെടുകയാണ് ഇവിടെയുള്ള ഇന്ത്യന്‍ കുടുംബങ്ങള്‍. ശുചിത്വമില്ലായ്മയും ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ചെറിയ ദ്വീപായതിനാലും ഇതിനുളള സാധ്യത വളരെ കൂടുതലുമാണ്.
ഒരാഴ്ച ഇവിടെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചെങ്കിലും ആളുകള്‍ പുറത്തിറങ്ങി നടക്കുന്നതിന് യാതൊരു തടസ്സവുമില്ല. സ്വന്തമായി ഭക്ഷണ ഉല്‍പാദമില്ലാത്ത ഹെയ്തിയിലേയ്ക്ക് വിമാന സര്‍വീസുകള്‍ പൂര്‍ണമായും നിര്‍ത്തി വച്ചിരിക്കുന്നതിനാല്‍ വരും ദിവസങ്ങളില്‍ രാജ്യം കാര്യമായ ഭക്ഷണക്ഷാമത്തിന്റെ ഭീഷണിയിലുമാണുള്ളത്.
ഒരാഴ്ച കൂടി കഴിയുന്നതിനുള്ള ഭക്ഷണ സാധനങ്ങള്‍ മാത്രമാണ് ഇവിടെ പലരുടേയും വീടുകളില്‍ ബാക്കിയുള്ളത്.സാധനങ്ങള്‍ വാങ്ങാന്‍ പുറത്തിറങ്ങിയാല്‍ ഹെയ്തിനികളുടെ ആക്രമണത്തിന് ഇരയാകും എന്ന ഭീതിയില്‍ വിദേശരാജ്യങ്ങളില്‍ നിന്നുള്ള ആരും പുറത്തിറങ്ങുന്നില്ലെന്നും ഇവിടെയുള്ള മലയാളികള്‍ പറയുന്നു.
ടെലികോം മേഖലയില്‍ ജോലി ചെയ്യുന്നവരാണ് ഇവിടെയുള്ള വിദേശികളില്‍ ഏറെയും. ചികിത്സാ സൗകര്യങ്ങള്‍ ഇല്ല എന്നതാണ് ഇവിടുത്തെ പ്രധാന പ്രതിസന്ധി. കഴിഞ്ഞ ദിവസം ഇവിടെ മലയാളികളില്‍ ഒരാള്‍ക്ക് രോഗലക്ഷണങ്ങള്‍ പ്രകടമായതോടെ മലയാളിസമൂഹമാകെ ഭീതിയിലായിരുന്നു. രോഗം ഗുരുതരമായതോടെ രഹസ്യമായി ഒരു ഡോക്ടറെ കണ്ട് ചികിത്സയ്ക്ക് വിധേയമാക്കുകയും ഒടുവില്‍ കോവിഡ് 19 അല്ലെന്ന് സ്ഥിരീകരിച്ചതോടെയാണ് എല്ലാവര്‍ക്കും ശ്വാസമായതെന്നും ഇവര്‍ പറയുന്നു.
കുഞ്ഞുങ്ങളും കുടുംബവുമെല്ലാം ഉള്ളതിനാല്‍ എത്രയും പെട്ടെന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം. അല്ലാത്ത പക്ഷം ജീവിതം എന്താകുമെന്ന ആശങ്കയിലാണ് എല്ലാവരും.
എയര്‍ ലിഫ്റ്റിന് സാഹചര്യമൊരുക്കണമെന്ന് സര്‍ക്കാരിനോടും ഇന്ത്യന്‍ എംബസിയോടും ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ 80 പേര്‍ക്ക് വേണ്ടി മാത്രമായി വിമാനം വരുത്തുന്നത് കമ്പനികള്‍ക്ക് നഷ്ടമുണ്ടാക്കുമെന്ന വിവരമാണ് എംബസിയില്‍ നിന്ന് അറിയാനായത്.
അടുത്ത ദിവസം ഇവിടെ നിന്ന് യുഎസിലേയ്ക്ക് ഒരു ഫ്‌ലൈറ്റ് അവരുടെ പൗരന്‍മാര്‍ക്കായി അയയ്ക്കുന്നുണ്ട്. പണം നല്‍കിയാല്‍ അതില്‍ അമേരിക്കയില്‍ എത്തിക്കാമെന്ന് വിമാനക്കമ്പനി അറിയിച്ചിട്ടുണ്ടെന്ന് ജിതിന്‍ സിങ് പറയുന്നു.
യുഎസില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് മടങ്ങാനുള്ള അനുമതി ലഭിച്ചാല്‍ ഇതില്‍ യുഎസ് വരെ എത്താമെന്നും ഇന്ത്യയിലേയ്ക്ക് യാത്രയ്ക്ക് സൗകര്യമൊരുക്കുകയെങ്കിലും വേണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു.