ക്വാലലംപുര്‍: ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ അര്‍ധ സഹോദരന്‍ കിം ജോങ് നാമിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ചത് ‘വിഎക്‌സ്’ എന്ന രാസ പദാര്‍ഥമെന്ന് മലേഷ്യ.
വെള്ളിയാഴ്ച പുറത്തുവിട്ട പ്രാഥമിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. വളരെ ചെറിയ അളവില്‍ ശരീരത്തില്‍ എവിടെയെങ്കിലും പുരട്ടിയാല്‍ പോലും മരണം സംഭവിക്കുന്ന രാസവസ്തുവാണ് ‘വിഎക്‌സ്’. കൂട്ടകൊല നടത്താന്‍ ഉപയോഗിക്കുന്ന ആയുധമെന്നാണ് ഇതിനെ യുഎന്‍ വിശേഷിപ്പിക്കുന്നത്.
ഈ മാസം 13നു മക്കാവുവിലേക്കുള്ള യാത്രയ്ക്കിടെ ക്വാലലംപൂര്‍ വിമാനത്താവളത്തില്‍ വച്ചാണ് നാം വധിക്കപ്പെട്ടത്. ഉത്തര കൊറിയന്‍ ചാരസംഘടനയാണു കൊല നടത്തിയതെന്നാണ് ദക്ഷിണ കൊറിയ ആരോപിക്കുന്നത്.
വിയറ്റ്‌നാമില്‍നിന്നും ഇന്തൊനീഷ്യയില്‍ നിന്നുമുള്ള രണ്ടു യുവതികളാണു ദ്രവരൂപത്തിലുള്ള വിഷ പദാര്‍ഥം നാമിന്റെ മുഖത്തു തേച്ചത്. ഉപയോഗിച്ച വിഷ പദാര്‍ഥം എന്താണെന്ന് അറിയില്ലെന്നും കൃത്യത്തിനുശേഷം കൈ കഴുകണമെന്നായിരുന്നു നിര്‍ദേശിച്ചതായി പിടിയിലായ യുവതികള്‍ പൊലീസിനോട് പറഞ്ഞു.
നാമിനെ വിമാനത്താവളത്തില്‍ വച്ച് ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. വധത്തില്‍ പങ്കാളികളാണെന്നു കരുതുന്ന നാല് ഉത്തര കൊറിയന്‍ പൗരന്‍മാര്‍ നാട്ടിലേക്കു തിരിച്ചുപോയെന്നാണു മലേഷ്യന്‍ പൊലീസ് കരുതുന്നത്.