മാലദ്വീപ് പാര്‍ലമെന്റ് സൈന്യം വളഞ്ഞു, രണ്ട് പ്രതിപക്ഷ അംഗങ്ങളെ അറസ്റ്റു ചെയ്തു

മാലദ്വീപ്: മാലദ്വീപില്‍ പാര്‍ലമെന്റ് മന്ദിരം സൈന്യം വളഞ്ഞ് രണ്ട് പ്രതിപക്ഷാംഗങ്ങളെ അറസ്റ്റു ചെയ്തതായി റിപ്പോര്‍ട്ട്.

കോടതി വിധി നടപ്പാക്കാന്‍ തയ്യാറാകാത്ത പ്രസിഡന്റ് യമീന്‍ അബ്ദുള്‍ ഗയൂമിനെ ഇമ്ബീച്ച് ചെയ്യാന്‍ കോടതി ഉത്തരവിടുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് സൈനിക നടപടി.

കോടതി ഉത്തരവിനെ തുടര്‍ന്ന് പാര്‍ലമെന്റ് അംഗത്വം തിരിച്ചുകിട്ടിയ പ്രതിപക്ഷാംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ പാര്‍ലമെന്റിലെത്തുന്നത് തടയാനാണ് നടപടിയെന്നാണ് സൂചന. തെരഞ്ഞെടുപ്പ് നേരത്തെ നടത്താന്‍ തയ്യാറാണെന്ന് പ്രസിഡന്റ് യമീന്‍ അബ്ദുള്‍ ഗയൂം പ്രഖ്യാപിച്ചു. ഇതിനിടെ ഉത്തരവ് ഉടന്‍ നടപ്പാക്കണമെന്ന് സുപ്രീംകോടതി സര്‍ക്കാരിന് അന്ത്യശാസനം നല്‍കി.

മാലദ്വീപിനെ ആര് നയിക്കണമെന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെയെന്ന് പ്രസിഡന്റ് പറഞ്ഞു. കഴിഞ്ഞദിവസമാണ് മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദ് അടക്കമുള്ള രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കാന്‍ മാലദ്വീപ് സുപ്രീംകോടതി ഉത്തരവിട്ടത്. കഴിഞ്ഞവര്‍ഷം പാര്‍ലമെന്റില്‍നിന്ന് പുറത്താക്കിയ 12 അംഗങ്ങളെ തിരിച്ചെടുക്കാനും കോടതി ഉത്തരവിട്ടു.

ഇവര്‍ തിരിച്ചെത്തിയാല്‍ 85 അംഗ പാര്‍ലമെന്റില്‍ ഭൂരിപക്ഷം നഷ്ടമാകുമെന്നതിനാലാണ് കോടതി ഉത്തരവ് നടപ്പാക്കാന്‍ പ്രസിഡന്റ് തയ്യാറാകാത്തത്.

Top