ബെയ്ജിങ്: മാലിദ്വീപിലെ നിലനില്‍പ്പ് ചൈനയ്‌ക്കെന്ന പോലെ ഇന്ത്യയ്ക്കും നിര്‍ണ്ണായകമാണ്. മാലദ്വീപിലെ രാഷ്ട്രീയപ്രതിസന്ധി പരിഹരിക്കാനുള്ള വഴികള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ത്യയെ ബന്ധപ്പെടാന്‍ ശ്രമിക്കുകയാണ് ചൈന.
ഇന്ത്യയുമായുള്ള മറ്റൊരു ഏറ്റുമുട്ടല്‍ വിഷയമായി മാലദ്വീപ് മാറാന്‍ ചൈന ആഗ്രഹിക്കുന്നില്ലെന്ന് ദോഖ്‌ലാമിലെ സംഘര്‍ഷം ഉദ്ദേശിച്ച് വിദേശകാര്യമന്ത്രാലയ വക്താവ് ഗെങ് ഷുവാങ് പറഞ്ഞു. മാലദ്വീപില്‍ ബാഹ്യ ഇടപെടല്‍ അനുവദിക്കില്ലെന്ന ഔദ്യോഗിക നിലപാട് ചൈന തുടരും.
യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും വെള്ളിയാഴ്ച ഫോണില്‍ മാലദ്വീപ് വിഷയം സംസാരിച്ചു. അവിടത്തെ രാഷ്ട്രീയപ്രതിസന്ധിയില്‍ ഇരുനേതാക്കളും ആശങ്ക പ്രകടിപ്പിച്ചു. ജനാധിപത്യ സ്ഥാപനങ്ങളെയും നിയമവാഴ്ചയെയും ആദരിക്കേണ്ടതിനെക്കുറിച്ചും ഇരുനേതാക്കളും സംസാരിച്ചിരുന്നു.
ഇരുനേതാക്കളുടെയും സംഭാഷണത്തെക്കുറിച്ചുള്ള ചോദ്യത്തിന് മാലദ്വീപിന്റെ പരമാധികാരത്തെയും സ്വാതന്ത്ര്യത്തെയും അന്താരാഷ്ട്ര സമൂഹം മാനിക്കണമെന്ന് ഷുവാങ് പറഞ്ഞു. മാലദ്വീപിന്റേത് ആഭ്യന്തരപ്രശ്നമാണെന്നും അതിലുള്‍പ്പെട്ട കക്ഷികള്‍ ചര്‍ച്ചയിലൂടെ അത് പരിഹരിക്കണമെന്നുമുള്ള നിലപാട് അദ്ദേഹം ആവര്‍ത്തിച്ചു. റോഹിംഗ്യ, അഫ്ഗാനിസ്താന്‍, ഉത്തരകൊറിയ വിഷയങ്ങളും ഇരുവരും ചര്‍ച്ച ചെയ്തു.
അതിനിടെ, ഭീഷണിയെത്തുടര്‍ന്ന് മാലദ്വീപിലെ പ്രതിപക്ഷാനുകൂല ചാനലായ രാജ്ജെ ടി.വി. വെള്ളിയാഴ്ച പ്രവര്‍ത്തനം നിര്‍ത്തി. പ്രസിഡന്റ് അബ്ദുള്ള യമീന്റെ ദൂതനായി ധനവികസനമന്ത്രി മുഹമ്മദ് സയീദ് ചൈനയിലെത്തി. രാജ്യത്തെ സ്ഥിതിയെക്കുറിച്ച് ചൈനീസ് വിദേശകാര്യമന്ത്രി വാങ്‌യിയുമായി അദ്ദേഹം സംസാരിച്ചു.
പ്രതിസന്ധി സ്വതന്ത്രമായി പരിഹരിക്കാനും നിയമവാഴ്ച നിലനിര്‍ത്താനും രാജ്യം പ്രതിജ്ഞാബദ്ധമാണെന്നും സയീദ് പറഞ്ഞു. മാലദ്വീപ് വിദേശകാര്യമന്ത്രിയെ പ്രസിഡന്റിന്റെ ദൂതനായി സ്വീകരിക്കാന്‍ അനുയോജ്യമായ തീയതിയില്ലെന്ന് ഇന്ത്യ അറിയിക്കുകയായിരുന്നു.
മാലദ്വീപിലെ സ്ഥിതി ചര്‍ച്ചചെയ്യാന്‍ യു.എന്‍. രക്ഷാസമിതി യോഗം ചേര്‍ന്നു. രാജ്യത്ത് അക്രമസംഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് യു.എന്‍. അസിസ്റ്റന്റ് സെക്രട്ടറി ജനറല്‍ മിറസ്ലാവ് ജെന്‍ക സമിതിയെ അറിയിച്ചു.
മാലദ്വീപിലെ ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ ഇന്ത്യയുടെ പ്രത്യേകസേന സജ്ജമായിനില്‍ക്കുകയാണല്ലോ എന്ന ചോദ്യത്തില്‍ മറ്റുരാജ്യങ്ങളുടെ ആഭ്യന്തരകാര്യത്തില്‍ ഇടപെടാതിരിക്കുകയെന്നത് അന്താരാഷ്ട്രബന്ധത്തിലെ പ്രധാനതത്ത്വമാണെന്ന് ഷുവാങ് പറഞ്ഞു. ചൈന മാലദ്വീപില്‍ ഇടപെടില്ല. സാമൂഹികവികസനത്തിന് ആ രാജ്യത്തിന് നിസ്വാര്‍ഥ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.