കോവിഡ് കാലത്ത് അടക്കം ഇന്ത്യ ഏറ്റവും സഹായിച്ച രാജ്യം; ചൈനയോട് മാലദ്വീപ് കൂട്ടുകൂടുമ്പോൾ…

ന്യൂഡൽഹി : ഇന്ത്യൻ പ്രധാനമന്ത്രിക്കെതിരെ മാലദ്വീപ് മന്ത്രിമാരിൽ ചിലർ അധിക്ഷേപകരമായ പരാമർശം നടത്തിയതിനെ തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിൽ കാര്യമായ തോതിൽ വിള്ളൽ വീണിരിക്കെ, കോവിഡ് കാലത്ത് ഉൾപ്പെടെ ഇന്ത്യ മാലദ്വീപിനു നൽകിയ സഹായങ്ങളുടെ പട്ടിക ചർച്ചയാകുന്നു. കോവിഡ് കാലത്ത് ഇന്ത്യയുടെ സഹായം ഏറ്റവുമധികം ഇരുകയ്യും നീട്ടി വാങ്ങിയ രാജ്യമാണ് മാലദ്വീപ് എന്ന് കണക്കുകളും രേഖകളും വ്യക്തമാക്കുന്നു. കടുത്ത ഇന്ത്യാവിരോധിയായ നിലവിലെ പ്രസിഡന്റ് മുഹമ്മദ് മുയിസുവിനു കീഴിൽ ഇന്ത്യയുമായുള്ള കരാറുകൾ അവസാനിപ്പിക്കാനും ചൈനയോടു കൂടുതൽ അടുക്കാനും മാലദ്വീപ് ശ്രമിക്കുന്നുവെന്ന സംശയങ്ങൾക്കിടെയാണ്, മന്ത്രിമാർ തന്നെ ഇന്ത്യൻ പ്രധാനമന്ത്രിയെ കോമാളിയെന്നും ഇസ്രയേലിന്റെ പാവയെന്നും വിളിച്ച് പുതിയ വിവാദത്തിനു തുടക്കമിട്ടത്.

ഇബ്രാഹിം മുഹമ്മദ് സോലിഹിന്റെ ഭരണകാലത്ത് ഇന്ത്യയുടെ ഉറ്റ സുഹൃത്തായിരുന്നു ഈ രാജ്യം. അക്കാലത്ത് ഉൾപ്പെടെ ഇന്ത്യ എന്നും ചേർത്തുപിടിച്ചിട്ടുള്ള രാജ്യമാണ് മാലദ്വീപ്. അതിന്റെ ഏറ്റവും പ്രകടമായ സൂചനകൾ കണ്ടത് കോവിഡ് കാലത്താണ്. കോവിഡ് പൊട്ടിപ്പുറപ്പെട്ട വുഹാനിൽനിന്ന് മാലദ്വീപ് പൗരന്മാരെ ഒഴിപ്പിക്കുന്നതു മുതൽ, കോവിഡ് പ്രതിസന്ധി ഉച്ചസ്ഥായിൽ നിൽക്കെ അവിടെനിന്നുള്ളവർക്ക് കൊച്ചിയിൽ ചികിത്സാ സഹായം ഉറപ്പാക്കുന്നതിൽ വരെ ഇന്ത്യയുടെ സഹായം മാലദ്വീപ് സ്വീകരിച്ചിരുന്നു. ഇതിനു പുറമേയാണ് ഹനിമാധൂ രാജ്യാന്തര വിമാനത്താവളം വിപുലീകരിക്കാൻ നൽകിയ സഹായങ്ങൾ. ഇക്കാലത്തെല്ലാം ഇന്ത്യൻ പ്രധാനമന്ത്രി ഇപ്പോൾ അവർ വിമർശനം ഉന്നയിക്കുന്ന നരേന്ദ്ര മോദി തന്നെയായിരുന്നു.

2021 ജനുവരിയിൽ കോവിഡിന്റെ രണ്ടാം തരംഗം ലോകത്തെയാകമാനം ഗ്രസിക്കുമ്പോൾ, ഇന്ത്യ വികസിപ്പിച്ച കോവിഡ് വാക്സീനുകൾ ആദ്യമായി സ്വീകരിച്ച വിദേശരാജ്യമാണ് മാലദ്വീപ്. ഇന്ത്യയിൽ വാക്സീന് അനുമതി ലഭിച്ച് മൂന്നു മാസങ്ങൾക്കുള്ളിൽ മൂന്നു ലക്ഷം ഡോസ് കോവിഡ് വാക്സീനാണ് ഇന്ത്യ മാലദ്വീപിലേക്ക് അയച്ചത്. രാജ്യാന്തര തലത്തിൽ കടുത്ത കയറ്റുമതി നിയന്ത്രണവും ഇന്ത്യയിൽത്തന്നെ കോവിഡ് വാക്സീന് വൻ ആവശ്യവും നിലനിൽക്കെയായിരുന്നു ഈ സഹായം.

കഴിഞ്ഞ ഏതാനും വർഷങ്ങളായി ഈ അയൽരാജ്യത്തിന് ഏതുവിധത്തിലുമുള്ള സഹായവും ഉറപ്പാക്കാൻ ഏതറ്റം വരെയും പോകാൻ ഇന്ത്യ തയാറായിട്ടുണ്ട് എന്നത് ചരിത്രം. കോവിഡ് കാലത്ത് ഇന്ത്യ മാലദ്വീപിനു നൽകിയ സഹായം വുഹാനിൽനിന്ന് അവരുടെ പൗരൻമാരെ ഒഴിപ്പിച്ചതിലും ഗുരുതര രോഗം ബാധിച്ചവർക്ക് കൊച്ചിയിൽ ചികിത്സയ്ക്കായി യാത്രാനുമതി നൽകിയതിലും മാത്രം ഒതുങ്ങുന്നതല്ല എന്നതാണ് യാഥാർഥ്യം.

മാലദ്വീപിന്റെ കോവിഡിനെതിരായ പോരാട്ടത്തിനു കരുത്തേകാൻ പ്രത്യേക വൈദ്യസംഘത്തെ അവിടേക്ക് അയച്ചും നൂറുകണക്കിനു കോടി രൂപയുടെ സഹായം എത്തിച്ചും ഇന്ത്യ അവർക്കൊപ്പം അടിയുറച്ചുനിന്നു. വിജ്ഞാനം പങ്കുവയ്ക്കാനുള്ള കരാറിന്റെ ഭാഗമായി, ഇപ്പോഴും ഇന്ത്യയിലെ വിവിധ സ്ഥാപനങ്ങളിൽ പരിശീലനം തുടരുന്ന മാലദ്വീപുകാരുണ്ട് എന്നതും മറന്നുകൂടാ.

2020 മാർച്ചിൽ കോവിഡ് ലോകത്ത് പിടിമുറുക്കിത്തുടങ്ങിയ കാലത്ത്, മാലദ്വീപിന്റെ കോവിഡിനെതിരായ പോരാട്ടത്തെ സഹായിക്കാൻ ഇന്ത്യ പ്രത്യേക വൈദ്യസംഘത്തെ മാലെയിലേക്ക് അയച്ചിരുന്നു. വൈദ്യരംഗത്ത് വിവിധ വിഭാഗങ്ങളിൽ പ്രഗൽഭരായ ഡോക്ടർമാരും സാങ്കേതിക വിദഗ്ധരും സംഘത്തിലുണ്ടായിരുന്നു. കോവിഡ് വ്യാപനത്തെ തുടർന്ന് കയറ്റുമതി നിയന്ത്രണം നിലനിൽക്കെ തന്നെ, മാനുഷിക പരിഗണന വച്ച് ഇന്ത്യ അവിടേക്ക് അവശ്യ മരുന്നുകൾ അയച്ചു. കോവിഡിന്റെ പ്രഭവകേന്ദ്രമായ വുഹാനിൽനിന്ന് ഇന്ത്യ പുറത്തെത്തിച്ചവരിൽ ഒൻപതു പേർ മാലദ്വീപ് പൗരൻമാരായിരുന്നു. 580 ടൺ ഭക്ഷ്യവസ്തുക്കളും ഒട്ടേറെ മരുന്നുകളും ഇന്ത്യ അവിടേക്ക് അയച്ചു.

കോവിഡ് വ്യാപനത്തിന്റെ ഉച്ചസ്ഥായിലും, ഗുരുതര രോഗം ബാധിച്ച 37 മാലദ്വീപ് പൗരൻമാരെ ചികിത്സയ്ക്കായി കൊച്ചിയിലേക്ക് യാത്ര ചെയ്യാൻ അനുവദിച്ചു. ഇവരിൽ പലരും ഗുരുതരമായ അർബുദം ബാധിച്ചവരും അടിയന്തരമായി റേഡിഷേയനു വിധേയരാകേണ്ടവരുമായിരുന്നു. കോവിഡ് കാലത്ത് വിദേശികൾക്ക് സമ്പൂർണ യാത്രാവിലക്ക് ഏർപ്പെടുത്തിയിരുന്ന കാലത്താണ് ഈ മാനുഷിക പരിഗണനയെന്ന് ഓർക്കണം. ഇതിനു പുറമേ 6.2 ടൺ അവശ്യ മരുന്നുകളും ആശുപത്രി സാമഗ്രികളും ഇന്ത്യൻ വ്യോമസേന മാലദ്വീപിലെത്തിച്ചു. ഓപ്പറേഷൻ സഞ്ജീവനി എന്നു പേരിട്ട നീക്കത്തിലൂടെയായിരുന്നു ഇത്.

ഇതിനു പിന്നാലെയാണ് 2021 ജനുവരി 20ന് ഇന്ത്യ മാലദ്വീപിലേക്ക് ഒരു ലക്ഷം ഡോസ് കോവിഡ് വാക്സീൻ ‍അയച്ചുകൊടുത്തത്. മരുന്നിനായി ഇന്ത്യയിൽത്തന്നെ വൻ തോതിൽ ആവശ്യമുയർന്ന സമയത്തായിരുന്നു ഈ സഹായം. ഇന്ത്യ നൽകിയ ഈ സഹായത്തിന്റെ ബലത്തിലാണ് ലോകത്തെ തന്നെ ഏറ്റവും വേഗമേറിയ കോവിഡ് വാക്സിനേഷൻ ഡ്രൈവ് മാലദ്വീപിനു സാധ്യമായത്. തുടർന്ന് ഫെബ്രുവരിയിലും മാർച്ചിലുമായി ഓരോ ലക്ഷം ഡോസുകൾ കൂടി ഇന്ത്യ മാലദ്വീപിനു നൽകി.

ഇതിനിടെ ഇന്ത്യ – മാലദ്വീപ് സഹകരണത്തിന്റെ ഭാഗമായി 130 കോടിയിലധികം യുഎസ് ഡോളറിന്റെ സഹായവും കൈമാറി. ഗ്രേറ്റർ മാലെ കണക്ടിവിറ്റി പ്രോജക്ടിന്റെ ഭാഗമായി 400 മില്യൻ യുഎസ് ഡോളറിന്റെ കരാറിലും ഒപ്പിട്ടു. ഈ പദ്ധതിക്ക് 100 മില്യൻ യുഎസ് ഡോളറിന്റെ ഗ്രാന്റും അനുവദിച്ചു. ഇതിനു പുറമേയാണ് ഹനിമാധൂ രാജ്യാന്തര വിമാനത്താവളത്തിന്റെ വികസനത്തിനായി നൽകിയ സഹായം. എ320, ബോയിങ് 737 വിമാനങ്ങൾക്ക് ലാൻഡിങ് സാധ്യമാകുമാറ്, റൺവേയുടെ നീളം 2,200 മീറ്ററാക്കി വർധിപ്പിച്ചത് ഈ പദ്ധതിയുടെ ഭാഗമായാണ്. ഇതിനു പുറമേ ടെർമിനലുകളും ആധുനികവൽക്കരിച്ചു. വടക്കൻ മാലദ്വീപിന്റെ ടൂറിസം വികസനത്തിനു കുതിപ്പു നൽകിയ പദ്ധതിയാണിത്. ഇതിനെല്ലാം പുറമേ ഇന്ത്യ മാലദ്വീപിനു നൽകിയ സഹായങ്ങൾ എത്രയോ അധികമാണ്. ഇതിനിടെയാണ്, അവരുടെ മന്ത്രിമാർ ഇന്ത്യൻ പ്രധാനമന്ത്രിക്കെതിരെ രംഗത്തെത്തിയത് എന്നത് എല്ലാവിധത്തിലും വിരോധാഭാസമായി ചിത്രീകരിക്കപ്പെടുന്നത്.

Top