ന്യൂഡല്‍ഹി: ഇന്ത്യ-മാലിദ്വീപ് ബന്ധം വഷളാകുന്നതിനിടെ മാലിദ്വീപ് പ്രസിഡന്റ് മൊഹമ്മദ് മുയിസു ഇന്ന് ചൈനയില്‍. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിംഗിന്റെ ക്ഷണം സ്വീകരിച്ച് എത്തിയ മുയിസു സുപ്രധാന കരാറുകളില്‍ ഒപ്പിടും. മുന്‍ തീരുമാനം അനുസരിച്ചാണ് സന്ദര്‍ശനമെങ്കിലും പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ സന്ദര്‍ശനത്തിന് പ്രാധാന്യമുണ്ട്. ഇന്ത്യയുമായുള്ള സൈനിക സഹകരണം അവസാനിപ്പിക്കുകയും ചൈനയുമായി സഹകരിച്ച് മുന്നോട്ട് പോവുകയെന്നതുമാണ് മാലിദ്വീപിന്റെ പുതിയ നയതന്ത്രം. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നതിന് പിന്നാലെ ആദ്യം ഇന്ത്യ സന്ദര്‍ശിക്കുക എന്നതായിരുന്നു മുയിസുവിന്റെ മുന്‍ഗാമികള്‍ പിന്തുടര്‍ന്നിരുന്ന സമീപനം. ഇതിന് വിരുദ്ധമായാണ് മുയിസു ചൈന സന്ദര്‍ശിക്കുന്നത്.’ചൈനയും മാലിദ്വീപും കാലാകാലങ്ങളായുള്ള സൗഹൃദത്തില്‍ അഭിമാനിക്കുന്നു. നയതന്ത്രബന്ധം സ്ഥാപിച്ചതിന് ശേഷം കഴിഞ്ഞ 52 വര്‍ഷങ്ങളില്‍, ഇരു രാജ്യങ്ങളും പരസ്പരം ബഹുമാനത്തോടെ പെരുമാറുകയും പരസ്പരം പിന്തുണയ്ക്കുകയും ചെയ്തു’, എന്നായിരുന്നു മാലി ദ്വീപ് പ്രസിഡന്റിനെ ക്ഷണിച്ചു കൊണ്ടുള്ള ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് വാങ് വെന്‍ബിന്റെ പ്രതികരണം. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് അദ്ദേഹത്തെ ക്ഷണിച്ചതായി ചൈനയുടെ വിദേശകാര്യ വക്താവ് ഹുവ ചുന്‍യിംഗാണ് വെള്ളിയാഴ്ച വ്യക്തമാക്കിയത്.
സെപ്തംബറില്‍ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മുന്‍ പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹിനെ പരാജയപ്പെടുത്തിയാണ് മുയിസു അധികാരത്തിലെത്തിയത്. ചൈന അനുകൂലിയെന്ന നിലയിലാണ് മുയിസു അറിയപ്പെടുന്നത്. മാലിദ്വീപിന്റെ എട്ടാമത്തെ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം മുയിസു ചൈനീസ് അനുകൂല നിലപാട് സ്വീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് മുയിസുവിനെ ചൈന ക്ഷണിച്ചിരിക്കുന്നത്. ഭൂമിശാസ്ത്രപരമായ പ്രാധാന്യം കണക്കിലെടുത്ത് ഇന്ത്യ മാലിദ്വീപുമായി വിശാലമായ ബന്ധം സൂക്ഷിച്ചിരുന്നു. ഇതിനിടയിയാണ് മാലിയിലെ പുതിയ ഭരണകൂടം ചൈനയുമായി കൂടുതല്‍ അടുക്കുന്നതും ദ്വീപ് രാഷ്ട്രത്തിന് മേല്‍ ചൈന തങ്ങളുടെ സ്വാധീനം വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുന്നതും.പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ഡിസംബറില്‍ കോപ്28 കാലാവസ്ഥാ ഉച്ചകോടിയുടെ ഭാഗമായി മുയിസു ദുബായില്‍ വെച്ച് പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ബഹുമുഖ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ആഴത്തിലാക്കുന്നതിനും ഒരു കോര്‍ ഗ്രൂപ്പ് രൂപീകരിക്കാന്‍ ഇരു നേതാക്കളും സമ്മതിച്ചിരുന്നു. മാലിദ്വീപില്‍ നിന്ന് 77 ഇന്ത്യന്‍ സൈനികരെ പിന്‍വലിക്കാന്‍ മുയിസു ഇന്ത്യയോട് ആവശ്യപ്പെടുകയും ഇരു രാജ്യങ്ങളും തമ്മിലുള്ള 100ലധികം ഉഭയകക്ഷി കരാറുകള്‍ അവലോകനം ചെയ്യാന്‍ തീരുമാനിക്കുകയും ചെയ്തതിന് പിന്നാലെയായിരുന്നു ഈ കൂടിക്കാഴ്ച.
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ മൂന്ന് മന്ത്രിമാരെ മാലിദ്വീപ് പുറത്താക്കി. യുവജന വകുപ്പ് മന്ത്രി മറിയം ഷിവുന, സഹമന്ത്രിമാരായ മാല്‍ഷ, ഹസന്‍ സിഹാന്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. ഇന്ത്യ കടുത്ത അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് സസ്പെന്‍ഷന്‍. ലക്ഷദ്വീപിലെ സ്നോര്‍ക്കെല്ലിംഗിനെക്കുറിച്ച് എക്സില്‍ പ്രധാനമന്ത്രി മോദി പങ്കുവെച്ച പോസ്റ്റുകള്‍ വൈറലായതിന് പിന്നാലെയായിരുന്നു മാലി മന്ത്രിമാരുടെ പരാമര്‍ശം പുറത്ത് വന്നത്. മാലിദ്വീപിന് പകരമുള്ള ബദല്‍ ടൂറിസ്റ്റ് കേന്ദ്രമായി ലക്ഷദ്വീപിനെ നിര്‍ദ്ദേശിക്കാന്‍ ഇന്ത്യയിലെ സോഷ്യല്‍ മീഡിയ ഉപയോക്താക്കളെ പ്രേരിപ്പിച്ചിക്കുന്നതായിരുന്നു പ്രധാനമന്ത്രിയുടെ കുറിപ്പെന്നാണ് ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നത്.