ബെയ്ജിങ് : ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധത്തിൽ ഉലച്ചിലുകള്‍ തുടരുന്നതിനിടെ ചൈനയുമായി 20 സുപ്രധാന കരാറുകളിൽ ഒപ്പുവച്ച് മാലദ്വീപ്. കരാറുകളിൽ ഒപ്പുവച്ചതിനു പുറമെ തന്ത്രപ്രധാന സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായി, ഉഭയകക്ഷി ബന്ധം ദൃഢമാക്കാൻ ധാരണയിലെത്തിയതായും ചൈനീസ് വാർത്താ ഏജൻസിയായ ഷിൻഹുവ റിപ്പോർട്ടു ചെയ്തു. ചൈനീസ് പ്രസിഡന്റ് ഷീ ചിൻപിങ്, മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു എന്നിവരുടെ സാന്നിധ്യത്തിലാണ് സർക്കാർ പ്രതിനിധികൾ നിർണായക കരാറുകളില്‍ ഒപ്പുവച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ കാരാറുകളെ സംബന്ധിച്ച വിശദ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
അഞ്ചു ദിവസത്തെ സന്ദർശനത്തിനായി ചൈനയിലെത്തിയ മുഹമ്മദ് മുയിസു മാലദ്വീപിലേക്കു കൂടുതൽ സഞ്ചാരികളെ അയയ്ക്കാൻ ചൈനയോട് അഭ്യർഥിച്ചിരുന്നു. നയതന്ത്ര പ്രശ്നങ്ങളുടെ തുടർച്ചയായി ഇന്ത്യൻ വിനോദസഞ്ചാരികള്‍ മാലദ്വീപിലേക്കുള്ള യാത്ര റദ്ദാക്കിയതിന്റെ പശ്ചാത്തലത്തിലാണ് അഭ്യർഥന. മാലദ്വീപിലേക്കുള്ള വിദേശ സഞ്ചാരികളിൽ ഒന്നാമത് ഇന്ത്യക്കാരാണ്. ചൈനീസ് പ്രീമിയർ ലി ക്വിയാങ് ഉൾപ്പെടെയുള്ള നേതാക്കളെ സന്ദർശിച്ചശേഷം വെള്ളിയാഴ്ചയാണ് മുയിസു മാലെയിലേക്ക് മടങ്ങുന്നത്.
President Xi Jinping and President Mohamed Muizzu of the Maldives agreed at their talks to elevate the China-Maldives relationship to a comprehensive strategic cooperative partnership. pic.twitter.com/YsyeoTzBdx
— Hua Chunying 华春莹 (@SpokespersonCHN) January 10, 2024
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ മൂന്നു മന്ത്രിമാരുടെ അപകീർത്തികരമായ പ്രസ്താവനയാണ് ഇരുരാജ്യങ്ങൾക്കുമിടയിലുള്ള നയതന്ത്രബന്ധം വഷളാക്കിയത്. പരാമർശങ്ങൾ വിവാദമായതോടെ 3 മന്ത്രിമാരെ മാലദ്വീപ് സർക്കാർ സസ്പെൻഡ് ചെയ്തിരുന്നു. ലക്ഷദ്വീപിൽ ടൂറിസം പ്രോത്സാഹിപ്പിക്കാൻ പ്രധാനമന്ത്രി പങ്കുവച്ച സമൂഹമാധ്യമ പോസ്റ്റിനെതിരെ മാലദ്വീപിലെ ഡപ്യൂട്ടി മന്ത്രിമാരായ മറിയം ഷിയുന, മൽഷ ഷരീഫ്, അബ്ദുല്ല മഹ്‍സും മജീദ് എന്നിവർ നടത്തിയ പരാമർശങ്ങളിൽ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു.
മന്ത്രിമാരുടേതു വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളായിരുന്നുവെന്നും ഔദ്യോഗിക നിലപാടല്ലെന്നും വിശദീകരിച്ച ശേഷമാണു മാലദ്വീപ് സർക്കാർ മൂന്നു പേർക്കെതിരെയും നടപടിയെടുത്തത്. മാലദ്വീപിലെ പുതിയ സർക്കാർ ഇന്ത്യയുമായി അകന്ന്, ചൈനയുമായി അടുക്കാൻ ശ്രമിക്കുന്നുവെന്ന സൂചനകൾക്കിടെയാണു പുതിയ വിവാദം. ആദ്യ വിദേശ സന്ദർശനം ഇന്ത്യയിലേക്കെന്ന മാലദ്വീപ് പ്രസിഡന്റുമാരുടെ കീഴ്‌വഴക്കം മുഹമ്മദ് മുയിസു പാലിച്ചിരുന്നില്ല. ആദ്യം തുർക്കിയും പിന്നീട് യുഎഇയും സന്ദർശിച്ച അദ്ദേഹം ഇതിനു ശേഷം ചൈനയിലേക്കു പോയി.