ക്രാഫ്റ്റ്‌സ് വില്ലേജിന്റെ ‘വൗ വീക്കി’നു മല്ലിക സാരാഭായി മുതല്‍ റിമ കല്ലിങ്കല്‍ വരെ

ല്ലിക സാരാഭായിയുടെ നൃത്തപ്പൊലിമയോടെ കേരള ആട്‌സ് ആന്‍ഡ് ക്രാഫ്റ്റ്‌സ് വില്ലേജില്‍ ‘വൗ’ (World of Women) വനിതാവാരത്തിനു ചൊവ്വാഴ്ച (മാര്‍ച്ച് 5) തുടക്കമാകും. ജന്‍ഡര്‍ സംബന്ധിച്ചതോ വനിതകള്‍ ആവിഷ്‌ക്കരിച്ചതോ അവതരിപ്പിക്കുന്നതോ ആയ കലാസാംസ്‌ക്കാരികപരിപാടികളുടെ നിറവിരുന്നാണ് ഇത്തവണയും ക്രാഫ്റ്റ് വില്ലേജിന്റെ വനിതാദിനാഘോഷമായ വൗ വീക്ക്. ‘പാസ്റ്റ് ഫോര്‍വാഡ്’ എന്ന നൃത്തശില്പമാണ് മല്ലിക സാരാഭായ് അവതരിപ്പിക്കുന്നത്. വൈകിട്ട് ഏഴിനാണു പരിപാടി.

 

ചിത്ര, അഖില കൂട്ടുകെട്ടിന്റെ മോഹിനിയാട്ടവും ശ്രുതിയുടെ ഭരതനാട്യവുമാണ് രണ്ടാം ദിവസം വൈകിട്ട് 7-നും 7 15-നും. തുടര്‍ന്ന് എട്ടിന് ലോകത്തേതന്നെ ആദ്യ സയന്‍സ് ഫിക്ഷന്‍ നോവലായ ‘സോംനിയം’ ഗായത്രി മധുസൂദന്‍ മോഹിനിയാട്ടത്തിലൂടെ ‘നിലാക്കനവ്’ എന്ന പേരില്‍ അരങ്ങിലെത്തിക്കും. പതിനേഴാം നൂറ്റാണ്ടില്‍ പ്രശസ്ത ജര്‍മ്മന്‍ ശാസ്ത്രജ്ഞന്‍ ജോഹന്നാസ് കെപ്ലര്‍ നോവലിലൂടെ സ്വപ്നം കണ്ട ചാന്ദ്രയാത്ര യാഥാര്‍ത്ഥ്യമായതിന്റെ ആഘോഷമാണു നിലാക്കനവ്. വിനോദ് മങ്കരയുടെ മേല്‍നോട്ടത്തില്‍ സേതുവും മാനവും എഴുതി രമേഷ് നാരായണന്റെ സംഗീതത്തില്‍ സദനം ജ്യോതിഷ് ബാബുവിന്റെ പാട്ടും പ്രഗത്ഭസംഗീതകാരരുടെ പിന്നണിയും നിലാക്കനവിനു മികവേറ്റും.

മൂന്നാം ദിവസമായ വ്യാഴാഴ്ച വൈകിട്ട് 7-ന് ഷീന കലാമണ്ഡലം അവതരിപ്പിക്കുന്ന നവദുര്‍ഗ്ഗ ഭരതനാട്യശില്പമാണ്. വനിതാദിനമായ മാര്‍ച്ച് 8-ന് നിരീക്ഷ സ്ത്രീനാടകവേദിയുടെ ‘അന്തിക’ നാടകമുണ്ട്. സമയം വൈകിട്ട് 7.മാര്‍ച്ച് 9 ശനിയാഴ്ച 6 30-ന് വയനാട് ട്രൈബല്‍ മ്യൂസി ബാന്‍ഡിന്റെ ആദിവാസി-നാടന്‍ സംഗീതവിരുന്നും 7 15-ന് രാജലക്ഷ്മി നയിക്കുന്ന മ്യൂസിക് ബാന്‍ഡും 8 റാസയും ബീഗവും ഒരുക്കുന്ന ഗസല്‍ രാവും നടക്കും.

അവസാനദിനമായ ഞായറാഴ്ച വൈകിട്ട് 7-ന് ‘യത്‌ന’ നൃത്തശില്പവും 7 45-ന് ചലച്ചിത്രതാരം റിമ കല്ലിങ്കലിന്റെ മാമാങ്കം ഡാന്‍സ് കമ്പനിയുടെ ‘നെയ്ത്ത്’ നൃത്തശില്പവും നടക്കും. ലളിതമായ നൂലിനെ മാന്ത്രികവസ്ത്രമാക്കി മാറ്റുന്ന സര്‍ഗ്ഗപ്രക്രിയയായ നെയ്ത്തിന്റെ സൂക്ഷ്മപരിണാമങ്ങള്‍ മെയ്‌മൊഴിയിലൂടെ ആവിഷ്‌ക്കരിക്കുന്ന നൃത്തവിസ്മയമാണ് ‘നെയ്ത്ത്’. തുടര്‍ന്നു വൈലോപ്പിള്ളീ സംസ്‌കൃതിഭവന്‍ ഒരുക്കുന്ന കേരളകവികളുടെ കാവ്യലോകത്തിലൂടെയുള്ള സഞ്ചാരമായ ‘കാവ്യകൈരളി’യോടെ വൗ വീക്കിനു തിരശീല വീഴും.

വൗ വീക്കിന്റെ ഭാഗമായി സംഘടിപ്പിച്ച വനിതാസംരംഭകയായ ശാലിനി ബിനുവിന്റെ ഫോട്ടോ പ്രദര്‍ശനവും ഈ ദിവസങ്ങളില്‍ കാണാം. ക്രാഫ്റ്റ് വില്ലേജിന്റെ ഈ വര്‍ഷത്തെ അതിഥിരാജ്യമായ യുഗാന്‍ഡയില്‍നിന്നും അതിഥിസംസ്ഥാനമായ ഒറീസയില്‍നിന്നും ഉള്ള കരകൗശലവിദഗ്ദ്ധരുടെ പ്രദര്‍ശനവും ക്രാഫ്റ്റ് വില്ലേജില്‍ നടക്കുന്നുണ്ട്.

Top