ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കനത്ത തിരിച്ചടി നേരിട്ടത്തിന് പിന്നാലെ ഇന്ത്യ സഖ്യത്തില്‍ കോണ്‍ഗ്രസിന്റെ നില പരുങ്ങലില്‍. പരാജയത്തില്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് പല പാര്‍ട്ടികളും രംഗത്തെത്തി. തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ വിളിച്ച യോഗത്തില്‍ അതൃപ്തി പ്രകടിപ്പിക്കുന്ന തരത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രതികരണവും ഇന്ത്യ മുന്നണിയുടെ മുന്നോട്ടുള്ള പോക്കില്‍ ആശങ്കയുണ്ടാക്കുന്നു.
ഖാര്‍ഗെ വിളിച്ചുചേര്‍ത്ത ബുധനാഴ്ചത്തെ ഇന്ത്യ സഖ്യത്തിന്റെ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജി വ്യക്തമാക്കി. യോഗത്തെക്കുറിച്ച് തനിക്ക് യാതൊരു അറിവുമില്ലെന്ന് പറഞ്ഞ അവര്‍, ആരും ഇക്കാര്യം അറിയിക്കാത്തതിനാല്‍ കൊല്‍ക്കത്തയില്‍ മറ്റു പരിപാടികള്‍ ഏറ്റിറ്റുണ്ടെന്നും വ്യക്തമാക്കി. വടക്കന്‍ ബംഗാളില്‍ ഏഴ് പരിപാടികളാണ് നിശ്ചയിച്ചിരിക്കുന്നത്. യോഗത്തെക്കുറിച്ച് ആരെങ്കിലും അറിയിച്ചിരുന്നെങ്കില്‍ പരിപാടികള്‍ നിശ്ചയിക്കില്ലായിരുന്നുവെന്നും അവര്‍ വ്യക്തമാക്കി.
അനൗദ്യോഗിക യോഗമാണ് വിളിച്ചുചേര്‍ത്തതെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ജയറാം രമേശ് പ്രതികരിച്ചു. പാര്‍ലമെന്റ് സമ്മേളനം ചേരുന്നതിന് മുമ്പായി കോണ്‍ഗ്രസ് വിളിച്ചുചേര്‍ത്ത യോഗത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള കക്ഷികള്‍ പങ്കെടുത്തിരുന്നു. ചോദ്യത്തിന് പണം ആരോപണത്തില്‍ ലോക്സഭാ എത്തിക്സ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് മേശപ്പുറത്ത് വെക്കാനിരിക്കെ മഹുവ മൊയ്ത്രക്ക് പിന്തുണ പ്രഖ്യാപിച്ച് പ്രതിരോധം തീര്‍ക്കാന്‍ തിങ്കളാഴ്ച രാവിലെത്തെ യോഗത്തില്‍ തീരുമാനിച്ചിരുന്നു. പാര്‍ലമെന്റ് ചേരുന്നതിന് മുമ്പായി ചൊവ്വാഴ്ചയും യോഗം ചേരും.