ഡൽഹി: ബിജെപി അധ്യക്ഷൻ ജെ പി നദ്ദയ്ക്ക് മറുപടിയുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. ബിജെപി പാർട്ടിയാണ് രാജ്യവിരുദ്ധമെന്ന് ഖർഗെ തിരിച്ചടിച്ചു. സ്വാതന്ത്ര്യ സമരത്തിൽ ഒരു പങ്കുമില്ലാത്ത പാർട്ടിയാണ് ബിജെപി. ബാക്കി പാർട്ടികളെ രാജ്യവിരുദ്ധമായി ബിജെപി ചിത്രീകരിക്കുന്നു. ഇത് തൊഴിലില്ലായ്മയിൽ നിന്നും വിലക്കയറ്ററിൽ നിന്നും ശ്രദ്ധ തിരിക്കാൻ വേണ്ടിയാണ്. ജനാധിപത്യത്തെ കുറിച്ച് ചർച്ച ചെയ്യുന്നത് എങ്ങനെ രാജ്യവിരുദ്ധമാകുമെന്നും മല്ലികാർജുൻ ഖർഗെ ചോദിച്ചു.
കോൺഗ്രസ് രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നുവെന്നായിരുന്നു ജെ പി നദ്ദയുടെ ആരോപണം. രാജ്യ വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമാണ് കോൺഗ്രസെന്നും രാജ്യ വിരുദ്ധ ടൂൾ കിറ്റിന്റെ ഭാഗമാണ് രാഹുൽ ഗാന്ധിയെന്നും ബിജെപി അധ്യക്ഷൻ കുറ്റപ്പെടുത്തി. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടണമെന്ന് രാഹുൽ വിദേശരാജ്യങ്ങളോട് പറഞ്ഞതായി ആരോപിച്ച ജെപി നഡ്ഡ ഇത് ഇന്ത്യയുടെ പരമാധികാരത്തിനെതിരായ ആക്രമണമാണെന്നും വിമർശിച്ചു. വിദേശത്ത് നടത്തിയ പരാമർശങ്ങളിൽ രാഹുൽ മാപ്പ് പറയണമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ആവശ്യപ്പെട്ടു.
രാഹുൽ ഗാന്ധിക്കെതിരെ കേന്ദ്ര മന്ത്രി കിരൺ റിജിജുവും രംഗത്തെത്തിയിരുന്നു. രാഹുൽ രാജ്യത്തെയും ജനങ്ങളെയും അപകീർത്തിപ്പെടുത്തുകയാണെങ്കിൽ നിശബ്ദത പാലിക്കാൻ ആകില്ല. രാഹുൽ പാർലമെൻറിൽ നുണ പറഞ്ഞു. വിദേശത്തും രാഹുൽ രാജ്യത്തെ മോശമാക്കുന്ന രീതിയിലാണ് സംസാരിച്ചത്. ഇതിന് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മാത്രമല്ല, രാഹുൽ ഗാന്ധി സ്പീക്കർക്ക് മാപ്പെഴുതി നൽകണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു. ഇതിന് ശേഷമേ സഭയിൽ സംസാരിക്കാൻ അനുവദിക്കാവൂ എന്ന് പാർലമെൻ്ററികാര്യമന്ത്രി പ്രൾഹാദ് ജോഷി ആവശ്യപ്പെട്ടു.