പാക് വെബ്സൈറ്റുകള്‍ വീണ്ടും ആക്രമിച്ച് മല്ലു സൈബര്‍ സോള്‍ജിയേഴ്സ്

കോഴിക്കോട്: പാക് വെബ്സൈറ്റുകള്‍ വീണ്ടും ആക്രമിച്ച് ഇന്ത്യയില്‍ നിന്നുള്ള സൈബര്‍ ഹാക്കര്‍മാരായ മല്ലു സൈബര്‍ സോള്‍ജിയേഴ്സ്. ഇന്ത്യന്‍ ചാരന്‍ എന്നാരോപിച്ച് പാകിസ്ഥാന്‍ വധശിക്ഷയ്ക്ക് വിധിച്ച കുല്‍ഭൂഷണ്‍ ജാദവിനോടുള്ള ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചാണ് സൈബര്‍ ആക്രമണം നടത്തിയത്.

ബുധനാഴ്ച രാവിലെ 8.30 മുതലാണ് പാക് സൈറ്റുകള്‍ക്ക് നേരെ മല്ലു സൈബര്‍ സോള്‍ജിയേഴ്സ് ആക്രമണം നടത്തിയത്. 110 പാക് സൈറ്റുകള്‍ ഹാക്കര്‍മാര്‍ നിശ്ചലമാക്കി. ഓപ്പറേഷന്‍ പേബാക്ക് എന്നപേരിലാണ് ഇവര്‍ ആക്രമണം നടത്തിയത്.

ഇതിനു മുമ്പ് മെയ് 11 ന് ഇന്ത്യയിലെ പാക് സഹായികളെക്കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ ഇവര്‍ പുറത്തു വിട്ടിരുന്നു. പാക് പാസ്പോര്‍ട്ട് വിവരങ്ങള്‍ അടക്കുമുള്ള വിവരങ്ങളാണ് ഇവര്‍ ഹാക്കിങ്ങിലൂടെ മുന്‍കൂട്ടി മുന്നറിയിപ്പ് നല്‍കി പുറത്തുവിട്ടത്. അതിന് പിന്നാലെയാണ് പാക് സൈറ്റുകള്‍ക്ക് നേരെ ആക്രമണം നടത്തിയത്.

ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് മല്ലു സൈബര്‍ സോള്‍ജിയേഴ്സ് പാക് സൈറ്റുകള്‍ ഹാക്ക് ചെയ്ത് നിശ്ചലമാക്കിയത്. ഇത്തവണ ഹാക്ക് ചെയ്യപ്പെട്ട സൈറ്റുകള്‍ ഇതുവരെ തിരിച്ചെടുക്കാന്‍ പാക് അധികൃതര്‍ക്ക് സാധിച്ചിട്ടില്ല.

അതേസമയം ഇനിയും തങ്ങള്‍ പാകിസ്ഥാനെതിരെ സൈബര്‍ ആക്രമണം നടത്തുമെന്ന് ഹാക്കര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Top