മാമാങ്കം സിനിമക്കെതിരായ വ്യാജ പ്രചരണത്തിന് പിന്നില്‍ ഒരു പ്രമുഖ സിനിമാ നിര്‍മ്മാതാവിന് പങ്കുണ്ടെന്ന സംശയത്തില്‍ പൊലീസ്. സൂപ്പര്‍ താരത്തിന്റെ അടുപ്പക്കാരനായ ഈ നിര്‍മ്മാതാവിനെ ചുറ്റിപ്പറ്റിയും അന്വേഷണം പുരോഗമിക്കുകയാണ്. ഇയാളുടേതുള്‍പ്പെടെ ചില ഫോണുകള്‍ പൊലീസ് നിരീക്ഷണത്തിലാണെന്നാണ് ലഭിക്കുന്ന സൂചന.
നേരത്തെ സൈബര്‍ ആക്രമണത്തിനെതിരെ മാമാങ്കം സിനിമയുടെ നിര്‍മ്മാതാക്കള്‍ നല്‍കിയ പരാതിയില്‍ വിതുര പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. മുന്‍ സംവിധായകന്‍ ഉള്‍പ്പടെ ഏഴോളം പേരാണ് പ്രതികള്‍. അന്വേഷണ സംഘം ചില ഫോണ്‍ കോള്‍ വിശദാംശങ്ങളും ശേഖരിച്ച് കഴിഞ്ഞതായാണ് ലഭിക്കുന്ന സൂചന.
സാധാരണ ഒരു സൈബര്‍ കേസ് എന്നതിലുപരി സംഘടിതമായ ഒരു ഗൂഢാലോചന തന്നെ സിനിമക്കെതിരെ നടക്കുന്നുണ്ടെന്ന നിഗമനത്തിലാണിപ്പോള്‍ പൊലീസ്.
ഈ സാഹചര്യത്തില്‍ പൊലീസിന്റെ സൈബര്‍ വിഭാഗവും സിനിമക്കെതിരായ സംഘടിത നീക്കത്തെ ഗൗരവമായി കണ്ടാണ് തുടര്‍ നടപടികള്‍ സ്വീകരിച്ച് വരുന്നത്. ഇതോടെയാണ് പ്രമുഖ നിര്‍മ്മാതാവ് നിരിക്ഷണത്തിലായിരിക്കുന്നത്.
മോഹന്‍ലാല്‍ ഫാന്‍സിന്റെ പേരിലാണ് പ്രധാനമായും ഇപ്പോള്‍ വ്യാജ പ്രചരണങ്ങള്‍ നടക്കുന്നത്.
ഇതു സംബന്ധമായ വോയ്‌സ് ക്ലിപ്പ്, മൊബൈല്‍ നമ്പര്‍ എന്നിവയും ലഭിച്ച് കഴിഞ്ഞിട്ടുണ്ട്. സിനിമ പുറത്തിറങ്ങുന്നതിന് മുന്‍പ് തന്നെ സിനിമയെ ഡി ഗ്രേഡ് ചെയ്യുമെന്ന് പറയുന്ന നിതിന്‍ എന്നയാളുടെ വോയ്‌സ് മെസേജാണ് ലഭിച്ചിരിക്കുന്നത്. ഇയാള്‍ മോഹന്‍ലാല്‍ ഫാന്‍സാണെന്നാണ് സ്വയം അവകാശപ്പെട്ടിരിക്കുന്നത്.
‘ഒടിയ’നെതിരായ പ്രചരണത്തിന് മറുപടിയാണ് ഈ നീക്കമെന്നാണ് നിതിന്‍ വാട്‌സ് ആപ്പ് ഗ്രൂപ്പിലിട്ട വോയ്‌സ് മെസേജില്‍ പറയുന്നത്. ഈ വാട്‌സ് ആപ്പ് ഗ്രൂപ്പ് തന്നെ അഡ്മിന്‍ പിന്നീട് ഡിലിറ്റ് ചെയ്‌തെങ്കിലും സംഭാഷണം ലഭിച്ചിട്ടുണ്ട്. ആ ഗ്രൂപ്പിലുള്ളവര്‍ തന്നെയാണ് ഈ വോയ്‌സ് മെസേജ് അധികൃതര്‍ക്ക് കൈമാറിയിരിക്കുന്നത്.
മോഹന്‍ലാല്‍ ആശംസയറിയിച്ച സിനിമക്കെതിരെ ഫാന്‍സിന്റെ പേരില്‍ നടക്കുന്ന അപവാദ പ്രചരണത്തില്‍ ലാലും കടുത്ത രോഷത്തിലാണ്.
‘മാമാങ്കം മലയാളത്തിന്റെ ഉത്സവമായിത്തീരാന്‍ എല്ലാവിധ ആശംസകളും നേരുന്നു എന്നാണ് ലാല്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരുന്നത്’.
മോഹന്‍ലാല്‍ നിലപാട് കടുപ്പിച്ചതോടെ ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹികളും ഇപ്പോള്‍ കുപ്രചരണങ്ങളെ തള്ളി രംഗത്ത് വന്നിട്ടുണ്ട്.
മോഹന്‍ലാല്‍ ഫാന്‍സ് ആന്റ് വെല്‍ഫെയര്‍ അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി വിമല്‍കുമാറാണ് പ്രതികരണവുമായി രംഗത്ത് വന്നിരിക്കുന്നത്.
‘ലാല്‍ സാറിനെ ഇഷ്ടപ്പെടുന്ന ഒരാളും മാമാങ്കം എന്ന സിനിമയെ ഡീഗ്രെയ്ഡ് ചെയ്യുന്ന വിധത്തില്‍ ഗ്രൂപ്പുകളിലോ ഫെയ്‌സ്ബുക്കിലോ ഒന്നും പോസ്റ്റ് ചെയ്യാന്‍ പാടില്ലെന്നാണ് വിമല്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കാരണം ഇത് ലാല്‍ സാറിന്റെ പേജില്‍ വന്ന സിനിമയാണെന്നും നമ്മള്‍ മോശമാണെന്ന് പ്രചരിപ്പിക്കാന്‍ പാടില്ലെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ഇനി ആരെങ്കിലും അങ്ങനെ ചെയ്യുന്നുണ്ടെങ്കില്‍ നിങ്ങള്‍ അതില്‍ നിന്നും അവരെ പിന്തിരിപ്പിക്കണമെന്ന് എല്ലാ ജില്ലാ കമ്മിറ്റി അംഗങ്ങളോടും വിമല്‍ നിര്‍ദേശിച്ചിട്ടുണ്ട്’.
മോഹന്‍ലാല്‍ ഫാന്‍സിന്റെ പേരില്‍ ആര് തെറ്റായ പ്രചരണം നടത്തിയാലും അത് അംഗീകരിക്കുന്ന പ്രശ്‌നമേയില്ലന്ന നിലപാടിലാണ് സംഘടനാ നേതൃത്വം.
സിനിമയിലെ താരാരാധകരുടെ കുടിപ്പക തന്ത്രപരമായി ഉപയോഗപ്പെടുത്താനുള്ള ചിലരുടെ നീക്കത്തിനാണ് ഈ നിലപാട് തിരിച്ചടിയായിരിക്കുന്നത്.
മാമാങ്കം ശത്രുക്കള്‍ക്ക് സംഘടിത രൂപം കൈവന്നു എന്നതിന്റെ തെളിവാണ് വ്യാജ പ്രചരണമെന്നാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കളും ചൂണ്ടിക്കാട്ടുന്നത്.
എന്നാല്‍ ഈ പ്രചരണങ്ങളൊന്നും തന്നെ സിനിമയെ ബാധിച്ചിട്ടില്ലന്നും നിര്‍മ്മാതാക്കള്‍ വ്യക്തമാക്കി. തിയറ്ററുകളിലെ തിരക്ക് ചൂണ്ടിക്കാട്ടിയാണ് ഈ പ്രതികരണം. മറ്റ് ഭാഷകളിലും ഒരു മലയാള സിനിമക്കും ഇതുവരെ ലഭിക്കാത്ത സ്വകാര്യതയാണ് മാമാങ്കത്തിനിപ്പോള്‍ ലഭിച്ചിരിക്കുന്നത്.
പേരു സൂചിപ്പിക്കുന്നതുപോലെ തന്നെ യഥാര്‍ത്ഥ മാമാങ്കത്തിന്റെ പുനരാവിഷ്‌കരണം തന്നെയാണ് എം. പദ്മകുമാറിന്റെ സംവിധാനത്തിലൊരുങ്ങിയ ഈ സിനിമ. 12 വര്‍ഷത്തിലൊരിക്കല്‍ 17, 18 നൂറ്റാണ്ടുകളില്‍ ഭാരതപ്പുഴയുടെ തീരത്ത് തിരുനാവായയില്‍ നടന്നിരുന്ന മഹോത്സവം. അതായിരുന്നു മാമാങ്കം.
28 ദിവസം നീണ്ടുനില്‍ക്കുന്ന ഈ ആഘോഷത്തിന്റെ രക്ഷാധികാരിയാവുക എന്നത് ആഭിജാത്യം നല്‍കിയിരുന്ന ഒരു പദവിയായിരുന്നു. ആ പദവിക്കായി വള്ളുവക്കോനാതിരിയും സാമൂതിരിയും തമ്മില്‍ നടന്ന യുദ്ധങ്ങള്‍ ചരിത്രപ്രസിദ്ധമാണ്. നമുക്കു കേട്ടുകേള്‍വി മാത്രമുള്ള മാമാങ്കം ഇതായിരുന്നു.
മാമാങ്കത്തില്‍ മമ്മൂട്ടിക്കൊപ്പം തന്നെ മറക്കാന്‍ കഴിയാത്തൊരു മുഖമാണ് 12 വയസ്സുകാരനായ മാസ്റ്റര്‍ അച്ചുതന്‍. ചന്തുണ്ണിയായി ഈ ബാലന്‍ കാണിക്കുന്ന അഭ്യാസവും ആക്രമണവും പ്രേക്ഷകരുടെ സിരകളില്‍ അഗ്‌നി പടര്‍ത്തുന്നതാണ്. കളരിയടക്കമുള്ള ആയോധന വിദ്യകളില്‍ നമ്മളെ വിസ്മയിപ്പിക്കുന്ന പ്രകടനമാണ് അച്യുതന്‍ കാഴ്ചവെച്ചിരിക്കുന്നത്.
ക്ലൈമാക്‌സ് രംഗങ്ങളില്‍ നായകന്റെ അപ്രമാദിത്വം മാത്രം കണ്ടു പരിചയിച്ച മലയാളി സിനിമാ പ്രേക്ഷകരെ ഇപ്പോള്‍ കോരിത്തരിപ്പിച്ചു കൊണ്ടിരിക്കുന്നത് ഈ കൗമാരക്കാരനാണ്. ഒരു വിമര്‍ശനത്തിന് പോലും ഇടനല്‍കാത്ത വിധമാണ് അച്ചുതന്‍ വിസ്മയിപ്പിച്ച് കളഞ്ഞിരിക്കുന്നത്. കുടുംബ പ്രേക്ഷകരെ ഈ സിനിമ ആകര്‍ഷിക്കുന്നതില്‍ ഈ ബാലന്റെ അസാധ്യ പ്രകടനവും ഒരു പ്രധാന ഘടകമാണ്. പ്രേക്ഷകപ്രശംസ പിടിച്ചുപറ്റി ഇങ്ങനെ സിനിമ മുന്നേറുന്നതിനിടെയാണ് സൈബര്‍ ആക്രമണവും ശക്തമായിരിക്കുന്നത്.
ഇതിനിടെ സിനിമ ഡൗണ്‍ലോഡ് ചെയ്ത് ചില കേന്ദ്രങ്ങളിപ്പോള്‍ പ്രചരിപ്പിച്ചും വരുന്നുണ്ട്. ഈ നടപടിയേയും അതീവഗൗരവമായാണ് പൊലീസ് കാണുന്നത്. പ്രചരിപ്പിക്കുന്നവരുടെ ഐപി അഡ്രസ്സ് അടക്കം പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സൈബര്‍ പൊലീസ് പിടിമുറുക്കിയതോടെ ചാവേറുകളുടെ കഥ പറയുന്ന മാമാങ്കം സിനിമയെ തകര്‍ക്കാന്‍ ‘ചാവേറായവരും’ എരിതീയില്‍ വീഴുന്ന അവസ്ഥയാണ് നിലവിലുള്ളത്.
Staff Reporter