മാമാങ്കം സിനിമ തുറന്നിട്ടിരിക്കുന്നതിപ്പോള്‍ വിപുലമായ ഒരു ടൂറിസം സാധ്യതയ്ക്ക് കൂടിയാണ്. പോരാളികളുടെ മണ്ണും ചന്ദ്രോത്ത് തറവാടും 12 കാരന്‍ പയ്യന്റെ ഓര്‍മ്മകള്‍ കുടികൊള്ളുന്ന ഇടവുമെല്ലാമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ച.
തിരുന്നാവായയിലും പരസരത്തുമുള്ള ഈ സ്മാരകങ്ങള്‍ സന്ദര്‍ശിക്കണമെന്ന ആഗ്രഹം സിനിമ കണ്ട ആര്‍ക്കും ഉണ്ടാകും. വീര രക്തസാക്ഷിത്തം വരിച്ച 12കാരനെ സംസ്‌കരിച്ചത് മക്കരപറമ്പിലെ പാങ്ങിലാണ്. ഓര്‍മ്മക്കായി ഇവിടെ ഒരു സ്മാരകവും സ്ഥാപിച്ചിട്ടുണ്ട്.
ഒന്നുകില്‍ ചാവുക, അതല്ലങ്കില്‍ കൊല്ലുക എന്നത് മാത്രമാണ് മാമാങ്കത്തിലെ നിയമം. ഇതാണ് ചാവേറുകള്‍ നടപ്പാക്കിയത്. മരിച്ചവര്‍ക്ക് വീര സ്വര്‍ഗ്ഗമാണ് സങ്കല്‍പ്പം.
മാമാങ്കം കഥ വായിച്ചര്‍ക്ക് പോലും പുതിയ അനുഭവമാണ് ഈ സിനിമ നല്‍കുന്നത്. ചന്ദ്രോത്ത് തറവാട്ടിലെ പോരാളികളോട് ആരാധന തോന്നിപ്പോകുന്ന പ്രകടനമാണ് മമ്മുട്ടിയും 12 വയസ്സുകാരന്‍ അച്ചുതനും കാഴ്ച്ച വച്ചിരിക്കുന്നത്.
ചരിത്ര സിനിമയെ വളച്ചൊടിക്കാതെ അവതരിപ്പിച്ചു എന്നതാണ് മറ്റ് സിനിമകളില്‍ നിന്നും മാമാങ്കത്തെ വ്യത്യസ്തമാക്കുന്നത്.
സിനിമയെ താറടിക്കാന്‍ ക്വട്ടേഷന്‍ എടുത്തവര്‍ക്കും മാസ് മറുപടിയാണിപ്പോള്‍ സോഷ്യല്‍ മീഡിയ നല്‍കി വരുന്നത്.
ക്ലൈമാക്സിലെ മാമാങ്കത്തില്‍ മമ്മൂക്ക വരാത്തത് കൊണ്ട് ചിലര്‍ക്കൊക്കെ ഒരു മിസ്സിംഗ് ഫീല്‍ ചെയ്യുന്നുണ്ടാവും പക്ഷേ മാമാങ്കത്തെ കുറിച്ച് പഠിച്ചവര്‍ക്ക് അറിയാം ഒരാള്‍ക്ക് ജീവിതത്തില്‍ ഒരു മാമാങ്കത്തില്‍ മാത്രമേ ചാവേര്‍ ആയി പോവാന്‍ സാധിക്കൂ എന്നത്. അതാണ് മാമാങ്കത്തിന്റെ നിയമം…ഒന്നുകില്‍ ചാവുക അല്ലെങ്കില്‍ കൊല്ലുക അത് മാത്രമാണ് മുന്നിലുള്ളത്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ശക്തമായ പ്രതിരോധമാണ് മമ്മൂട്ടി ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.
കെട്ടിച്ചമച്ച ബാഹുബലിയല്ല… ചരിത്രം വളച്ചൊടിച്ചു മസാലയില്‍ കെട്ടിപ്പൊക്കി നിര്‍ത്തിയ കായംകുളം കൊച്ചുണ്ണിയുമല്ല. ഇത് യഥാര്‍ത്ഥ ചാവേറിന്റെ കഥയാണെന്നാണ് അവര്‍ ചൂണ്ടികാട്ടുന്നത്.
ഈ സിനിമ നമ്മുക്ക് കാണിച്ചുതരുന്നത് ചരിത്രസിനിമകളിലെ വളച്ചൊടിവുകളല്ല. മറിച്ച് നേര്‍ക്കാഴ്ചയാണ് മാമാങ്കം. എങ്ങനെ മാമാങ്കം തുടങ്ങിയോ എങ്ങനെ അവസാനിച്ചോ, അതുപോലെ തന്നെ പുനരാവിഷ്‌കരിച്ചിരിക്കുകയാണ് സിനിമയില്‍.
എന്തൊക്കെ പറഞ്ഞാലും മമ്മൂട്ടി മലയാളസിനിമയ്ക്ക് മുന്‍പില്‍ വിസ്മയമായിരിക്കുകയാണിപ്പോള്‍. അറുപത്തിയെട്ടാമത്തെ വയസ്സിലും ഒരഭ്യാസിയായി അഭിനയിക്കുക എന്നത് പ്രയാസകരമായ ജോലി തന്നെയാണ്. ഈ വെല്ലുവിളിയാണ് ഏറ്റെടുത്ത് മമ്മുട്ടി വിജയിപ്പിച്ചിരിക്കുന്നത്.
1921ലെ ഖാദര്‍, പടയോട്ടത്തിലെ കമ്മാരന്‍, വടക്കന്‍ വീരഗാഥയിലെ ചന്തു, കേരളവര്‍മ്മ പഴശ്ശിരാജ, മലയാള ചരിത്ര സിനിമകളുടെ ശ്രേണിയില്‍ മമ്മൂട്ടി രചിച്ച ചരിത്രം തന്നെയാണ് മാമാങ്കത്തിലൂടെ അദ്ദേഹം തിരുത്തിയിരിക്കുന്നത്.
പേരു സൂചിപ്പിക്കുന്നതുപോലെ തന്നെ യഥാര്‍ഥ മാമാങ്കത്തിന്റെ പുനരാവിഷ്‌കരണം തന്നെയാണ് എം. പദ്മകുമാറിന്റെ സംവിധാനത്തിലൊരുങ്ങിയ ഈ സിനിമ. 12 വര്‍ഷത്തിലൊരിക്കല്‍ 17, 18 നൂറ്റാണ്ടുകളില്‍ ഭാരതപ്പുഴയുടെ തീരത്ത് തിരുനാവായയില്‍ നടന്നിരുന്ന മഹോത്സവം. അതായിരുന്നു മാമാങ്കം. 28 ദിവസം നീണ്ടുനില്‍ക്കുന്ന ഈ ആഘോഷത്തിന്റെ രക്ഷാധികാരിയാവുക എന്നത് ആഭിജാത്യം നല്‍കിയിരുന്ന ഒരു പദവിയായിരുന്നു. ആ പദവിക്കായി വള്ളുവക്കോനാതിരിയും സാമൂതിരിയും തമ്മില്‍ നടന്ന യുദ്ധങ്ങള്‍ ചരിത്രപ്രസിദ്ധമാണ്. നമുക്കു കേട്ടുകേള്‍വി മാത്രമുള്ള മാമാങ്കം ഇതായിരുന്നു. ചോരയിലെഴുതിയ പോരാട്ടമായിരുന്നു അന്ന് നടന്നിരുന്നത്.
മാമാങ്കത്തില്‍ മമ്മൂട്ടിക്കൊപ്പം തന്നെ മറക്കാന്‍ കഴിയാത്തൊരു മുഖമാണ് 12 വയസ്സുകാരനായ മാസ്റ്റര്‍ അച്ചുതന്‍. ചന്തുണ്ണിയായി ഈ ബാലന്‍ കാണിക്കുന്ന അഭ്യാസവും ആക്രമണവും പ്രേക്ഷകരുടെ സിരകളില്‍ അഗ്നി പടര്‍ത്തുന്നതാണ്. കളരിയടക്കമുള്ള ആയോധന വിദ്യകളില്‍ നമ്മളെ വിസ്മയിപ്പിക്കുന്ന പ്രകടനമാണ് അച്യുതന്‍ കാഴ്ചവെച്ചിരിക്കുന്നത്. ക്ലൈമാക്‌സ് രംഗങ്ങളില്‍ നായകന്മാരുടെ അപ്രമാദിത്വം മാത്രം കണ്ടു പരിചയിച്ച മലയാളി സിനിമാ പ്രേക്ഷകരെ ഇപ്പോള്‍ കോരിത്തരിപ്പിച്ചു കൊണ്ടിരിക്കുന്നത് ഈ കൗമാരക്കാരനാണ്. ഒരു വിമര്‍ശനത്തിന് പോലും ഇടനല്‍കാത്ത വിധമാണ് അച്ചുതന്‍ വിസ്മയിപ്പിച്ച് കളഞ്ഞിരിക്കുന്നത്. കുടുംബ പ്രേക്ഷകരെ ഈ സിനിമ ആകര്‍ഷിക്കുന്നതില്‍ ഈ ബാലന്റെ അസാധ്യ പ്രകടനവും ഒരു പ്രധാന ഘടകമായിട്ടുണ്ട്.
Staff Reporter