മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ബിഗ്ബജറ്റ് ചിത്രം മാമാങ്കത്തിന് നിന്ന് നടന് ധ്രുവനെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട സംഭവം വിവാദമാവുന്നു. നവാഗതനായ സജീവ് പിളള സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിന്ന് ധ്രുവനെ ഒഴിവാക്കിയതിനു പിന്നാലെ ചിത്രത്തില്‍ പകരക്കാരനായി ഉണ്ണി മുകുന്ദന് എത്തുമെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. ഒടുവില്‍ സംഭവത്തോട് പ്രതികരിച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദന്. സാമൂഹ്യമാധ്യമത്തിലൂടെയാണ് താന്‍ മാമാങ്കത്തിന്റെ ഭാഗമാകുന്നുവെന്ന പ്രഖ്യാപനം താരം നടത്തിയത്.
എന്നാല്‍ ഉണ്ണി മുകുന്ദനുമായി താന്‍ ഒരു തരത്തിലുമുളള ചര്‍ച്ചകളും നടത്തിയിട്ടില്ലെന്നും ഉണ്ണിയുടെ വരവ് തന്റെ അറിവോടെയല്ലെന്നും സംവിധായകന് സജീവ് പിളള വ്യക്തമാക്കി. ധ്രുവനും ഇതുതന്നെയാണ് അഭിപ്രായപ്പെടുന്നത്. ഉണ്ണി മുകുന്ദന് മാമാങ്കത്തില്‍ എത്തുന്നുവെന്ന വാര്‍ത്ത മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും ഈ വിഷയത്തില്‍ കൂടുതല്‍ ഒന്നും അറിയില്ലെന്നും ധ്രുവന് പറഞ്ഞു. പ്രവാസി വ്യവസായി വേണു കുന്നപ്പിള്ളിയാണ് മാമാങ്കത്തിന്റെ നിര്‍മാതാവ്. ചിത്രത്തില്‍ നാല് വ്യത്യസ്ത ഗെറ്റപ്പുകളിലായാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്. രണ്ട് ബോളിവുഡ് അഭിനേത്രികള്‍ക്കൊപ്പം മൂന്ന് മലയാള നടികളും ചിത്രത്തില്‍ അഭിനയിക്കും.