മാമന്നന്‍ റിലീസ് തടയണം; നിര്‍മാതാവിന്റെ ഹര്‍ജിയില്‍ ഉദയനിധിക്ക് നോട്ടീസ്

ചെന്നൈ : തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഉദയനിധി സ്റ്റാലിന്‍ മാരി സെല്‍വരാജ് ചിത്രമായ മാമന്നന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി. ഉദയനിധി സ്റ്റാലിന്‍ തന്റെ അവസാന സിനിമയെന്ന് പ്രഖ്യാപിച്ച ചിത്രം ശക്തമായ രാഷ്ട്രീയമാണ് പറയുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് രാമ ശരവണന്‍ എന്ന നിര്‍മ്മാതാവ്.

ഉദയനിധി സ്റ്റാലിനെ നായകനാക്കി 2018ല്‍ എയ്ഞ്ചല്‍ എന്ന സിനിമ താന്‍ നിര്‍മിച്ചുവെന്നും ചിത്രത്തിന്റെ 80 ശതമാനം ഷൂട്ടിങ് പൂര്‍ത്തിയാക്കിയ ശേഷം ബാക്കിയുള്ള 20 ശതമാനം രംഗങ്ങള്‍ ചിത്രീകരിക്കുന്നതിന് ഉദയനിധി സ്റ്റാലിന്‍ ഡേറ്റ് നല്‍കിയില്ലെന്നും ഇത് തനിക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നും മാമന്നന്‍ റിലീസ് ചെയ്യുന്നതിന് മുന്‍പായി ഉദയനിധി സ്റ്റാലിന്‍ തനിക്ക് 25 കോടി രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നും അല്ലെങ്കില്‍ ചിത്രത്തിന്റെ റിലീസ് തടയണമെന്നുമാണ് ഹര്‍ജിക്കാരന്റെ ആവശ്യം.ഹര്‍ജി സ്വീകരിച്ച് കോടതി ഉടന്‍ വാദം കേള്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്. യോഗി ബാബു,ആനന്ദി,പായല്‍ രാജ്പുത്ത് അടക്കം വലിയ താരനിരയുള്ള ചിത്രമാണ് ഏയ്ഞ്ചല്‍.

Top