ബംഗാൾ വെടിവയ്പ്പ്: അമിത്ഷാ രാജിവയ്ക്കണമെന്ന് മമത ബാനര്‍ജി

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ കുച്ച് ബിഹാര്‍ ജില്ലയില്‍ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുണ്ടായ സംഘര്‍ഷത്തില്‍ വെടിവയ്പ്പില്‍ നാലുപേര്‍ കൊല്ലപ്പെട്ട സംഭവം രാഷ്ട്രീയ വിവാദമാകുന്നു. സംഭവം മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിയുടെ ഭാഗമാണെന്നും. ഇതിന്റെ പേരില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവയ്ക്കണമെന്നും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ശനിയാഴ്ച ആവശ്യപ്പെട്ടു.

കുച്ച് ബിഹാര്‍ ജില്ലയിലെ സീതാള്‍കച്ചി നിയമസഭ മണ്ഡലത്തിലാണ് സംസ്ഥാനത്ത് നാലാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ അനിഷ്ട സംഭവങ്ങള്‍ നടന്നത്. പ്രദേശിക ജനങ്ങളുടെ ആക്രമണത്തെ തുടര്‍ന്ന് കേന്ദ്രസേന നടത്തിയ വെടിവയ്പ്പിലാണ് നാലുപേര്‍ കൊല്ലപ്പെട്ടത്.ഇതേ തുടര്‍ന്ന് ഈ മണ്ഡലത്തിലെ 126 ബൂത്തിലെ വോട്ടെടുപ്പ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ത്തിവച്ചു.

സ്വയം രക്ഷയ്ക്കാണ് വെടിവച്ചത് എന്ന കേന്ദ്രസേനയുടെ വാദം മമത ബാനര്‍ജി തള്ളി. സംഭവുമായി ബന്ധപ്പെട്ട് ബംഗാള്‍ സര്‍ക്കാര്‍ ഒരു പ്രത്യേക അന്വേഷണം നടത്തുമെന്ന് മമത പ്രഖ്യാപിച്ചു.സിലിഗുരിയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു മമത.

Top