കൊല്‍ക്കത്ത: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സമാജ്‌വാദി പാര്‍ട്ടിയെ പിന്തുണയ്ക്കണമെന്നാവശ്യപ്പെട്ട് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കോണ്‍ഗ്രസിനെ അനുനയിപ്പിക്കാന്‍ സമാജ് വാദി പാര്‍ട്ടി ശ്രമിച്ചെങ്കിലും അഭ്യര്‍ത്ഥന നിരസിച്ചെന്നും മമത ബാനര്‍ജി പറഞ്ഞു.
കോണ്‍ഗ്രസ് എന്തായാലും യുപിയില്‍ വിജയിക്കാന്‍ പോകുന്നില്ല, പിന്നെന്തിനാണ് വിലങ്ങു തടിയായി കോണ്‍ഗ്രസ് നില്‍ക്കുന്നതെന്നും മമത ചോദിച്ചു. അഖിലേഷ് യാദവിന് വേണ്ടി പ്രചാരണം നടത്താന്‍ മമത ഇന്ന് യുപിയില്‍ എത്തിയിരുന്നു.
ഓരോ സമുദായവും ഓരോ വോട്ടറും സമാജ്‌വാദി പാര്‍ട്ടിക്കും അഖിലേഷ് യാദവിനും ഒപ്പമുണ്ടെങ്കില്‍ അദ്ദേഹത്തിന് വിജയിക്കാനാകുമെന്ന് മമത ബാനര്‍ജി വ്യക്തമാക്കി. സഖ്യത്തിനായി തങ്ങളുടെ നേതൃത്വം കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ സമീപിച്ചെങ്കിലും പ്രതികരണമൊന്നും ലഭിച്ചില്ലെന്ന് മമത പറഞ്ഞു.
തങ്ങളുടെ ചെലവില്‍ വളരാന്‍ ആഗ്രഹിക്കുന്ന തൃണമൂലിനെ ‘വിശ്വസനീയമല്ലാത്ത സഖ്യകക്ഷി’ എന്നാണ് കോണ്‍ഗ്രസ് വിശേഷിപ്പിച്ചതെന്നും മമത വ്യക്തമാക്കി. ഗോവ തിരഞ്ഞെടുപ്പിനെച്ചൊല്ലി തൃണമൂലും കോണ്‍ഗ്രസും തമ്മില്‍ പുതിയ സംഘര്‍ഷം രൂപപ്പെട്ട സാഹചര്യത്തിലാണ് മമതയുടെ പരാമര്‍ശം.