കൊല്‍ക്കത്ത: അഭിഷേക് ബാനര്‍ജിക്കും ഭാര്യ രുചിരയ്ക്കുമെതിരേയുള്ള ഇ.ഡി നടപടിയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചുള്ള ഭീഷണിയൊക്കെ മനസ്സിലാകുമെന്നും അത് മാറ്റിവെച്ച് രാഷ്ട്രീയമായി നേരിടാന്‍ ബിജെപിയെ മമത വെല്ലുവിളിക്കുകയും ചെയ്തു. കല്‍ക്കരി കേസുമായി ബന്ധപ്പെട്ട പണമിടപാടില്‍ അഭിഷേകിനും ഭാര്യക്കും ഹാജരാകാന്‍ ഇ.ഡി നിര്‍ദേശം നല്‍കിയിരുന്നു.
നിങ്ങള്‍ എന്തിനാണ് ഇ.ഡി പോലുള്ള ഏജന്‍സികളെ ഞങ്ങള്‍ക്ക് എതിരായി തുറന്ന് വിടുന്നത്. നിങ്ങള്‍ ഒരു കേസിനെപ്പറ്റി പറഞ്ഞാല്‍ തിരിച്ച് ഞങ്ങള്‍ക്ക് പറയാന്‍ ഒരുപാടുണ്ടാകും. ഗുജറാത്തിലൊക്കെ എന്താണ് സംഭവിക്കുന്നതെന്ന് എല്ലാവര്‍ക്കും അറിയുന്നതാണ്. തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാപക ദിനത്തില്‍ നടന്ന പരിപാടിയിലായിരുന്നു മമതയുടെ വിമര്‍ശനം.
കല്‍ക്കരി പോലുള്ള വിഷയങ്ങള്‍ കേന്ദ്ര സര്‍ക്കാരിന് കീഴിലാണ് വരുന്നത്. അതിന് തൃണമൂല്‍ കോണ്‍ഗ്രസിനെതിരേ അഴിമതി ആരോപണം ഉന്നയിച്ചിട്ടെന്താണ് കാര്യമെന്നും അവര്‍ ചോദിച്ചു. കല്‍ക്കരി ഇടപാടില്‍ പണം തട്ടിയത് ബി.ജെ.പി നേതാക്കളാണെന്നും മമത തിരിച്ചടിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ ആസ്തി വിറ്റഴിക്കല്‍ പദ്ധതിയായ നാഷണല്‍ മോണിറ്റൈസേഷന്‍ പ്പൈപ് ലൈനിനേയും മമത വിമര്‍ശിച്ചു. രാജ്യത്തെ വിറ്റഴിക്കാനും കോര്‍പ്പറേറ്റുകളെ സഹായിക്കാനുമുള്ള തട്ടിക്കൂട്ട് പരിപാടിയാണെന്നും മമത കൂട്ടിച്ചേര്‍ത്തു.