ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ വിമര്‍ശനവുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കൊവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ മാത്രമല്ല, മരണ സര്‍ട്ടിഫിക്കറ്റിലും മോദി സ്വന്തം ചിത്രം പതിപ്പിക്കണമെന്നും മമത പരിഹസിച്ചു. കേന്ദ്രത്തില്‍ നിന്നും സംസ്ഥാനത്തിന് ആവശ്യമായ വാക്‌സിന്‍ ഡോസുകള്‍ ലഭിക്കുന്നില്ലെന്നും മമത കുറ്റപ്പെടുത്തി. വ്യാഴാഴ്ച്ച മാധ്യമങ്ങളോടു സംസാരിക്കവെയായിരുന്നു ബംഗാള്‍ മുഖ്യമന്ത്രിയുടെ പ്രതികരണം.
‘സംസ്ഥാനത്തിന് ആവശ്യമായ വാക്‌സിന്‍ ഡോസുകള്‍ പോലും കേന്ദ്രത്തില്‍ നിന്നും ലഭിക്കുന്നില്ല. ഗ്രാമ പ്രദേശങ്ങളില്‍ കൂടുതല്‍പേര്‍ക്ക് വാക്‌സിന്‍ നല്‍കാതെ പ്രാദേശിക ട്രെയിന്‍ സര്‍വീസുകള്‍ പോലും ആരംഭിക്കാന്‍ കഴിയുന്നില്ല.’, മമത പറഞ്ഞു.
അതേസമയം കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ കൊവിഡ് ലോക്ഡൗണ്‍ ഓഗസ്റ്റ് 30 വരെ നീട്ടിയതായി മമത അറിയിച്ചിരുന്നു. കൂടുതല്‍ ഇളവുകളോടെയാണ് ലോക്ക്ഡൗണ്‍ നീട്ടിയതെന്നും മമത വ്യക്തമാക്കി.