ടാഗോര്‍ ലണ്ടനില്‍ താമസിച്ച വസതി സ്മാരകമാക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച് മമത

mamata

ലണ്ടന്‍: വിശ്വകവി രബീന്ദ്രനാഥ ടാഗോര്‍ ‘ഗീതാഞ്ജലി’യുടെ ഇംഗ്ലീഷ് പരിഭാഷ പൂര്‍ത്തിയാക്കാനായി ചെലവഴിച്ച ലണ്ടനിലെ വസതി സ്മാരകമാക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.

ലണ്ടന്‍ സന്ദര്‍ശനത്തിനിടെ ബ്രിട്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ദിനേഷ് പട്നായിക്കുമായി മമത ഇക്കാര്യം സംസാരിച്ചു. 27 ദശലക്ഷം പൗണ്ട് (ഏകദേശം 23 കോടി) ആണ് ഈ വീടിന്റെ വിലയെന്നാണ് റിപ്പോര്‍ട്ട്.

നോര്‍ത്ത് ലണ്ടനിലെ ഹാംസ്റ്റെഡ് ഹീത്തിലുള്ള ഈ വസതിയില്‍ വച്ചാണ് ടാഗോറിന് സാഹിത്യത്തിനുള്ള നോബല്‍ നേടിക്കൊടുത്ത കവിതാസമാഹാരം ഗീതാഞ്ജലിയുടെ ഇംഗ്ലീഷ് പരിഭാഷ പൂര്‍ത്തിയാക്കിയത്.

1910 ജൂലൈയിലാണ് 157 ഗാനങ്ങളോടെ ബംഗാളി ഭാഷയിലുള്ള ഗീതാഞ്ജലി പ്രസിദ്ധമായത്. ഇതില്‍ 103 ഗാനങ്ങള്‍ ടാഗോര്‍ ഇംഗ്ലീഷ് പരിഭാഷയില്‍ ഉള്‍പ്പെടുത്തിയിരുന്നു.

ഗീതാഞ്ജലിയുടെ ഇംഗ്ലീഷ് പരിഭാഷയ്ക്ക് അവതാരികയെഴുതി ഐറിഷ് കവി ഡബ്ല്യു.ബി. യേറ്റ്സ്, സി.എഫ്. ആന്‍ഡ്രൂസ് ഉള്‍പ്പെടെയുള്ളവരുമായി ടഗോര്‍ അക്കാലത്ത് അടുത്ത ബന്ധം സ്ഥാപിച്ചിരുന്നു.

1912 നവംബര്‍ ഒന്നാം തീയ്യതി ലണ്ടനിലെ ഇന്ത്യ സൊസൈറ്റി ഗീതാഞ്ജലിയുടെ ഇംഗ്ലിഷ് പരിഭാഷ പ്രസിദ്ധീകരിച്ചു. തൊട്ടടുത്ത വര്‍ഷം ടാഗോറിന് നൊബേല്‍ സമ്മാനം ലഭിച്ചു.

Top