ന്യൂഡൽഹി : പ്രതിപക്ഷ ഇന്ത്യ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയായി കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ പേര് നിർദേശിച്ച് ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോണ്‍ഗ്രസ് മേധാവിയുമായ മമത ബാനർജി. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം പ്രധാനമന്ത്രിയെ തീരുമാനിക്കുമെന്ന് കഴിഞ്ഞദിവസം പറഞ്ഞ മമത ഏവരെയും ഞെട്ടിച്ചാണു ഖർഗെയുടെ പേര് മുന്നോട്ടുവച്ചത്.
പ്രതിപക്ഷത്തെ പ്രമുഖ ദലിത് മുഖമായ ഖർഗെയ്ക്ക് യോഗത്തിൽ വ്യാപക പിന്തുണയും ലഭിച്ചുവെന്നാണ് റിപ്പോർട്ട്. ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി (എഎപി) മേധാവിയുമായ അരവിന്ദ് കേജ്‌രിവാൾ ഉൾപ്പെടെ യോഗത്തിൽ പങ്കെടുത്ത പ്രതിപക്ഷ കക്ഷികളിൽ 12 പേർ നിർദേശത്തെ പിന്തുണച്ചുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ, ഇതു നിഷേധിച്ച ഖർഗെ, അധഃസ്ഥിതർക്ക് വേണ്ടി പ്രവർത്തിക്കാൻ മാത്രമാണ് താൻ ആഗ്രഹിക്കുന്നതെന്ന് പറഞ്ഞു.
2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിലേക്കുള്ള സീറ്റ് വിഭജനം, സംയുക്ത പ്രചാരണത്തിന്റെ രൂപരേഖ, തിരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാനുള്ള തന്ത്രം എന്നിവ ഉൾപ്പെടെ വിവിധ വിഷയങ്ങൾ ചർച്ച ചെയ്യാനാണ് ഇന്ത്യ മുന്നണി യോഗം ചേർന്നത്. മുന്നണിയുടെ നാലാമത്തെ യോഗമാണിത്. ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സംയുക്ത പ്രചാരണം ജനുവരി 30ന് ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ രാഷ്ട്രപതി തിരഞ്ഞെടുപ്പുകളിൽ പട്ടിക ജാതി, പട്ടിക വർഗത്തിൽ നിന്നുള്ള റാം നാഥ് കോവിന്ദിനും ദ്രൗപദി മുർമുവിനും എതിരെ സ്ഥാനാർഥിയെ നിർത്തിയതിന് ഭരണകക്ഷിയായ ബിജെപിയിൽ നിന്ന് പ്രതിപക്ഷം രൂക്ഷമായ വിമർശനം നേരിട്ടിരുന്നു. കോൺഗ്രസും മറ്റു പാർട്ടികളും ദലിതർക്കും ആദിവാസികൾക്കും എതിരാണെന്നാണു ബിജെപി ആരോപിച്ചത്. ഇതിനെ മറികടക്കാനാണു ഖർഗെയെ കൊണ്ടുവരുന്നതെന്നാണു നിഗമനം.