സൈന്യത്തെ പിന്‍വലിക്കാനുള്ള കേന്ദ്രത്തിന്റെ നീക്കം രാഷ്ട്രീയ പ്രേരിതമെന്ന് മമത ബാനര്‍ജി

mamata

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ പ്രശ്ന ബാധിത മേഖലകളില്‍ നിന്നു സായുധ സൈന്യത്തെ പിന്‍വലിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരേ മുഖ്യമന്ത്രി മമത ബാനര്‍ജി.

ഡാര്‍ജിലിംഗില്‍ നിന്നു സൈന്യത്തെ പിന്‍വലിക്കാനുള്ള കേന്ദ്രത്തിന്റെ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്നും ജനാധിപത്യവിരുദ്ധമാണെന്നും മമത ആരോപിച്ചു.

ബംഗാളിന്റെ സ്ഥരിതയെ വിഭജിക്കുന്ന നടപടിയാണ് ഇപ്പോള്‍ കേന്ദ്രത്തിന്റെ ഭാഗത്തു നിന്നുണ്ടായിട്ടുള്ളതെന്നും രാഷ്ട്രീയമായും ഭരണപരമായും ഇത് മോശം തീരുമാനമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് എന്നിവര്‍ക്ക് അയച്ച കത്തില്‍ മമത ബാനര്‍ജി കുറ്റപ്പെടുത്തി.

പ്രശ്നബാധിതമായ ഡാര്‍ജലിംഗില്‍ നിന്നു 10 സിഎപിഎഫ് കമ്പനികളെ പിന്‍വലിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഞായറാഴ്ച തീരുമാനമെടുത്തിരുന്നു. 15 കമ്പനി സൈന്യത്തെയായിരുന്നു പ്രദേശത്തു വിന്യസിച്ചിരുന്നത്. തീരുമാനത്തെ മുഖ്യമന്ത്രി മമത ബാനര്‍ജി എതിര്‍ത്തു. ഇതോടെ പിന്‍വലിക്കുന്ന കമ്പനികളുടെ എണ്ണം ഏഴായി ചുരുക്കി.

ഇതിനുശേഷമാണ് ഫെഡറല്‍ ഘടന തകര്‍ക്കുന്ന തീരുമാനമാണ് കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന കുറ്റപ്പെടുത്തലുമായി മമത നേരിട്ടു രംഗത്തെത്തിയത്.

സംസ്ഥാന സര്‍ക്കാരിനോട് ആലോചിക്കാതെയാണ് കേന്ദ്രം തീരുമാനമെടുക്കുന്നതെന്നും മമത കുറ്റപ്പെടുത്തി.

 

 

Top