പ്രതിപക്ഷ യോഗം ബഹിഷ്‌കരിക്കുമെന്ന് മമത; കോണ്‍ഗ്രസ് നീക്കം പാളുമോ?

കൊല്‍ക്കത്ത: പൗരത്വനിയമഭേദഗതിക്കെതിരായ പോരാട്ടത്തില്‍ പ്രതിപക്ഷ കക്ഷികളെ ഒന്നിപ്പിക്കാനുള്ള കോണ്‍ഗ്രസ് ശ്രമങ്ങള്‍ക്ക് തിരിച്ചടി. പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരപരിപാടികള്‍ ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിളിച്ച പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ബഹിഷ്‌കരിക്കുമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു. വിവിധ തൊഴിലാളി യൂണിയനുകള്‍ പ്രഖ്യാപിച്ച ദേശീയ പണിമുടക്കില്‍ കഴിഞ്ഞ ദിവസം ബംഗാളില്‍ ഇടത്-കോണ്‍ഗ്രസ് പാര്‍ട്ടികളുടെ നേതൃത്വത്തില്‍ വ്യാപകമായ ആക്രമണ സംഭവങ്ങള്‍ അരങ്ങേറിയതിന് പിന്നാലെയാണ് പ്രതിപക്ഷ യോഗം ബഹിഷ്‌കരിക്കാനുള്ള മമതയുടെ തീരുമാനം.

ഇടത് പാര്‍ട്ടികളുടെയും കോണ്‍ഗ്രസിന്റെയും ഇരട്ട നിലപാട് ഒരുകാരണവശാലും പ്രോത്സാഹിപ്പിക്കാന്‍ പറ്റില്ലെന്ന് വ്യാഴാഴ്ച നിയമസഭയില്‍ മമത ബാനര്‍ജി വ്യക്തമാക്കി. ‘ജനുവരി 13ന് ഡല്‍ഹിയില്‍ സോണിയാ ഗാന്ധി വിളിച്ച യോഗം ബഹിഷ്‌കരിക്കാന്‍ ഞാന്‍ തീരുമാനിച്ചു. സംസ്ഥാനത്ത് കഴിഞ്ഞ ദിവസം ഇടത്-കോണ്‍ഗ്രസ് പാര്‍ട്ടികള്‍ അഴിച്ചുവിട്ട അക്രമം ഒരിക്കലും പിന്തുണയ്ക്കാന്‍ സാധിക്കില്ലെന്നും’ മമത നിയമസഭയില്‍ പറഞ്ഞു.

വൃത്തികെട്ട രാഷ്ട്രീയമാണ് ഇടത്-കോണ്‍ഗ്രസ് പാര്‍ട്ടികള്‍ ബംഗാളില്‍ കളിക്കുന്നത്. ഗുണ്ടായിസമാണ് അവരുടെ പ്രവൃത്തി. വാഹനങ്ങള്‍ കത്തിച്ചതിലും മറ്റ് നാശനഷ്ടങ്ങള്‍ക്കും ഉത്തരവാദികള്‍ അവരാണ്. അതുകൊണ്ടുതന്നെ ഇനി ഇടത്-കോണ്‍ഗ്രസ് പാര്‍ട്ടിക്കൊപ്പം നില്‍ക്കാതെ പൗരത്വ നിയമ ഭേദഗതി, എന്‍ആര്‍സി വിഷയങ്ങളില്‍ ഒറ്റയ്ക്ക് പ്രതിഷേധമുയര്‍ത്തി പോരാടാനാണ് തീരുമാനമെന്നും മമത ബാനര്‍ജി വ്യക്തമാക്കി.

പൗരത്വ നിയമ ഭേദഗതിയിലെ തുടര്‍ പ്രതിഷേധങ്ങളും വിവിധ യൂണിവേഴ്സിറ്റി കാമ്പസില്‍ വിദ്യാര്‍ഥികള്‍ക്ക് നേരേയുണ്ടായ അക്രമ സംഭവങ്ങളും ചര്‍ച്ച ചെയ്യാനാണ് ജനുവരി 13ന് ഇടത് പാര്‍ട്ടികളടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം കോണ്‍ഗ്രസ് അധ്യക്ഷയുടെ നേതൃത്വത്തില്‍ വിളിച്ചിരുന്നത്. സോണിയ ഗാന്ധി വിളിച്ചുചേര്‍ത്ത യോഗത്തില്‍ പ്രതിപക്ഷത്തെ പ്രധാന നേതാക്കളെല്ലാം എത്തുമെന്നായിരുന്നു കോണ്‍ഗ്രസ് അറിയിച്ചത്. ഡിഎംകെയും ഇടതുപാര്‍ട്ടികളുമടക്കം യോഗത്തില്‍ പങ്കെടുക്കുമെന്നായിരുന്നു സൂചന. മമത പിന്‍മാറിയതോടെ യോഗം നടക്കുമോയെന്നും വ്യക്തമല്ല. പൗരത്വ നിയമഭേദഗതിക്കെതിരേ രാജ്യത്ത് നടക്കുന്ന പ്രക്ഷോഭം സജീവമാക്കാനാണ് കോണ്‍ഗ്രസ് പ്രതിപക്ഷത്തിന്റെ സംയുക്ത യോഗം വിളിക്കുന്നത്.

Top