കൊൽക്കത്ത∙ ഇന്ധനവില വർധനവിൽ രാജ്യത്ത് പ്രതിഷേധം ശക്തമാകുന്നതിനിടെ വിലക്കുറവ് പ്രഖ്യാപിച്ച് ബംഗാൾ സർക്കാർ. പെട്രോളിനും ഡീസലിനും ലീറ്ററിന് ഒരു രൂപയാണ് കുറച്ചത്. ഞായറാഴ്ചയാണ് നികുതി ഇനത്തിൽ ഒരു രൂപ കുറയ്ക്കുന്നതായി സർക്കാർ പ്രഖ്യാപിച്ചത്.
ഇന്ധനവില വർധനവിൽ വലഞ്ഞ ജനത്തിന് ഈ നീക്കം ആശ്വാസമാകുമെന്ന് ധനമന്ത്രി അഭിപ്രായപ്പെട്ടു.അർധരാത്രിയോടെ പുതിയ വില പ്രാബല്യത്തിൽ വരുമെന്ന് ബംഗാൾ ധനമന്ത്രി അമിത് മിത്ര വാർത്ത ഏജൻസിയോട് പറഞ്ഞു.
ഇന്ധനവില വർധനവിൽ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ കടുത്ത പ്രതിഷേധമാണ് കേന്ദ്ര സർക്കാരിനെതിരെ ഉയർത്തുന്നത്. വിലവർധനവിൽ പ്രതിഷേധിച്ച് കോൺഗ്രസ് രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ ശനിയാഴ്ച ബന്ദും സംഘടിപ്പിച്ചിരുന്നു.