കൊല്‍ക്കത്തയിലോ വാങ്കഡെയിലോ ഫൈനല്‍ നടന്നിരുന്നെങ്കില്‍ ലോകകപ്പ് നേടുമായിരുന്നു;മമത ബാനര്‍ജി

കൊല്‍ക്കത്ത: ലോകകപ്പ് ക്രിക്കറ്റ് മത്സരത്തില്‍ ഇന്ത്യ തോറ്റതില്‍ കേന്ദ്രസര്‍ക്കാരിനെയും ബിജെപിയെയും രൂക്ഷമായി വിമര്‍ശിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി. ബിജെപി നേതൃത്വത്തെ ലക്ഷ്യമിട്ടായിരുന്നു മമതയുടെ പ്രതികരണം. രാജ്യത്തെ ക്രിക്കറ്റ് ടീമിനെ കാവിവല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് അവര്‍ ആരോപിച്ചു.

അവര്‍ രാജ്യത്തെ മുഴുവന്‍ കാവി ചായം പൂശാന്‍ ശ്രമിക്കുകയാണ്. നമ്മുടെ ഇന്ത്യന്‍ കളിക്കാരില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്. കൊല്‍ക്കത്തയിലോ വാങ്കഡെയിലോ ഫൈനല്‍ നടന്നിരുന്നെങ്കില്‍ നമ്മള്‍ ലോകകപ്പ് നേടുമായിരുന്നു. കാവി പ്രാക്ടീസ് ജേഴ്സി അവതരിപ്പിച്ച് ടീമിനെ കാവിവല്‍ക്കരിക്കാന്‍ പോലും അവര്‍ ശ്രമിച്ചു. കളിക്കാര്‍ എതിര്‍ത്തതുകൊണ്ട് മത്സരങ്ങളിലെങ്കിലും അവര്‍ക്ക് ആ ജേഴ്സി ധരിക്കേണ്ടി വന്നില്ല.

പാപികള്‍ എവിടെ പോയാലും അവരുടെ പാപങ്ങള്‍ കൂടെ കൊണ്ടുപോകും. ഇന്ത്യന്‍ ടീം വളരെ നന്നായി കളിച്ചു. പാപികള്‍ പങ്കെടുത്ത മത്സരം ഒഴികെ അവര്‍ ലോകകപ്പിലെ എല്ലാ മത്സരങ്ങളും വിജയിച്ചു. ആരുടെയും പേരെടുത്ത് പറയാതെ മമത പറഞ്ഞു. നിലവില്‍ പ്രതിപക്ഷ നേതാക്കളെ ലക്ഷ്യമിടുന്ന കേന്ദ്ര ഏജന്‍സികള്‍ 2024 -ലെ തിരഞ്ഞെടുപ്പിന് ശേഷം ബിജെപിക്ക് പിന്നാലെ പോകും. കേന്ദ്രത്തില്‍ ഈ സര്‍ക്കാര്‍ മൂന്ന് മാസം കൂടി മാത്രമേ ഉണ്ടാകൂ എന്നും മമത കൂട്ടിച്ചേര്‍ത്തു.

പാര്‍ട്ടി എംപി മഹുവ മൊയ്ത്ര ഉള്‍പ്പെട്ട പണമിടപാട് കേസുമായി ബന്ധപ്പെട്ട് ഇതുവരെ ഒന്നും മിണ്ടാതിരുന്ന മമത ബാനര്‍ജി ഒടുവില്‍ മൗനം വെടിഞ്ഞു. വന്‍ വിവാദങ്ങളും കോലാഹലങ്ങളും നടന്നിട്ടും മിണ്ടാതിരുന്ന പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി കൂടിയായ മമത ബാനര്‍ജി തന്റെ ആദ്യ പ്രതികരണം നടത്തുകയായിരുന്നു. വിവിധ കേസുകളില്‍ പാര്‍ട്ടി നേതാക്കളെ അറസ്റ്റ് ചെയ്യുകയും എംപി മഹുവ മൊയ്ത്രയെ പുറത്താക്കാന്‍ ശ്രമിക്കുകയുമാണ് ബിജെപി. എന്നാല്‍ വരുന്ന തെരഞ്ഞെടുപ്പില്‍ അത് മഹുമയ്ക്ക ഗുണം ചെയ്യുമെന്നും മമത പറഞ്ഞു. പശ്ചിമ ബംഗാളിലെ കൃഷ്ണനഗറില്‍ നിന്നുള്ള തൃണമൂല്‍ എംപി വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിയുടെ നിര്‍ദേശപ്രകാരം അദാനി ഗ്രൂപ്പിനെ ലക്ഷ്യമിട്ട് പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ കൈക്കൂലി ആവശ്യപ്പെട്ടെന്ന ആരോപണമായിരുന്നു മെഹുവയ്‌ക്കെതിരെ ഉയര്‍ന്നത്.

Top