‘വാരണാസിയില്‍ മോദിയെ നേരിടാന്‍ പ്രിയങ്ക മത്സരിക്കണം’; നിര്‍ദേശവുമായി മമത ബാനര്‍ജി

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വാരണാസിയില്‍ ഇന്ത്യ ഐക്യമുന്നണി സ്ഥാനാര്‍ഥിയായി പ്രിയങ്കാഗാന്ധി മത്സരിക്കണമെന്ന് നിര്‍ദേശിച്ച് ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജി. സഖ്യമുന്നണിയുടെ നാലാം യോഗത്തിലാണ് മമത പ്രിയങ്കയുടെ പേര് മുന്നോട്ടുവെച്ചത്.

2019-ല്‍ മോദിക്കെതിരെ പ്രിയങ്ക മത്സരിക്കുമെന്ന അഭ്യൂഹങ്ങളുയര്‍ന്നിരുന്നു. പ്രിയങ്ക മോദിയെ നേരിടണമെന്ന ആവശ്യമുന്നയിച്ച് പോസ്റ്ററുകളുള്‍പ്പടെ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ അജയ് റായിയേയാണ് കോണ്‍ഗ്രസ് അന്ന് സ്ഥാനാര്‍ഥിയായി തിരഞ്ഞെടുത്തത്.

സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യത്തിന് യോഗത്തില്‍ ചര്‍ച്ച ചെയ്ത എല്ലാം വെളിപ്പെടുത്താനാകില്ലെന്നായിരുന്നു മമതയുടെ പ്രതികരണം. ഡിസംബര്‍ 31-നു മുമ്പ് സീറ്റു പങ്കിടലുമായി ബന്ധപ്പെട്ട് അന്തിമതീരുമാനമെടുക്കണമെന്നും മമത യോഗത്തില്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്.

Top