കൊല്‍ക്കത്ത: ചോദ്യക്കോഴ വിവാദത്തില്‍ പാര്‍ലമെന്റില്‍നിന്നു പുറത്താക്കപ്പെട്ട മഹുവ മൊയ്ത്രയെ പിന്തുണച്ച് ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി. ബിജെപിക്കു ജനം മറുപടി നല്‍കുമെന്നും ജനങ്ങളുടെ കോടതിയില്‍ മഹുവ വിജയിക്കുമെന്നും മമത പറഞ്ഞു. നാദിയ ശാന്തിപുരില്‍ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
”മഹുവയെ പുറത്താക്കാന്‍ നിങ്ങള്‍ (ബിജെപി) അധികാരം ഉപയോഗിച്ചു. ജനകീയ കോടതിയില്‍ വിജയിയായി മഹുവ തിരിച്ചുവരും. മഹുവയ്ക്കു നേരിട്ട അനീതിക്ക് തക്കതായ മറുപടിയുമായി ജനം രംഗത്തെത്തും എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.” മമത പറഞ്ഞു. ബംഗാളിലെ കൃഷ്ണനഗര്‍ ലോക്‌സഭാ മണ്ഡലത്തില്‍നിന്നു മഹുവ വീണ്ടും മത്സരിക്കുമെന്ന സൂചന നേരത്തേയുണ്ടെങ്കിലും സ്ഥാനാര്‍ഥിത്വം ഉറപ്പിച്ച തരത്തിലായിരുന്നു മമതയുടെ പ്രസംഗം.
എംപി സ്ഥാനത്തുനിന്നു പുറത്താക്കപ്പെട്ടെങ്കിലും മഹുവയെ മമത ചേര്‍ത്തുനിര്‍ത്തുന്നുണ്ട്. കൃഷ്ണനഗറിലെ റോഡ് ഷോയിലും ഇരുവരും ഒപ്പമുണ്ടായിരുന്നു. മമതയുടെ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദിയുണ്ടെന്നു മഹുവ പ്രതികരിച്ചു. അദാനി ഗ്രൂപ്പിനെതിരെ ചോദ്യമുന്നയിക്കാന്‍ ഹിരാനന്ദാനി ഗ്രൂപ്പ് സിഇഒ ദര്‍ശന്‍ ഹിരാനന്ദാനിയില്‍നിന്നു പണവും സമ്മാനങ്ങളും കോഴയായി സ്വീകരിച്ചെന്നും ചോദ്യങ്ങള്‍ നല്‍കാനുള്ള പാര്‍ലമെന്റ് അംഗങ്ങളുടെ മെംബേഴ്‌സ് പോര്‍ട്ടലിന്റെ ലോഗിന്‍ ഐഡിയും പാസ്‌വേഡും ഹിരാനന്ദാനിക്കു കൈമാറി എന്നുമാണു മഹുവയ്ക്കെതിരായ ആരോപണം.