രാജ്‌നാഥ് സിംഗുമായി മമത ബാനര്‍ജി ഇന്ന് കൂടിക്കാഴ്ച നടത്തും

ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജി ഇന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗുമായി കൂടിക്കാഴ്ച നടത്തും. മുന്‍ ധനമന്ത്രി യശ്വന്ത് സിന്‍ഹയുമായും ശത്രുഘ്‌നന്‍ സിന്‍ഹയുമായും മമത ഡല്‍ഹില്‍വച്ച് കൂടിക്കാഴ്ച നടത്തും.

തിങ്കളാഴ്ച അസമിലെ ദേശീയ പൗരത്വ രജിസ്റ്റര്‍ അന്തിമ കരട് പട്ടികയ്ക്കെതിരെ മമത ബാനര്‍ജി രംഗത്തെത്തിയിരുന്നു. ആധാര്‍ കാര്‍ഡും പാസ്പോര്‍ട്ടും അടക്കമുണ്ടെങ്കിലും ഇപ്പോഴും പലരുടേയും പേര് കരടു പട്ടികയിലില്ലെന്നും ആളുകളെ അവരുടെ കുടുംബ പേരിന്റെ അടിസ്ഥാനത്തിലും കൂടിയാണ് ഒഴിവാക്കിയതെന്നും നിര്‍ബന്ധിത കുടിയിറക്കലിനാണോ ബിജെപി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മമത ചോദിച്ചിരുന്നു.

ജനങ്ങള്‍ സ്വന്തം രാജ്യത്ത് അഭയാര്‍ത്ഥികളായി മാറുന്നത് ആശങ്കപ്പെടുത്തുന്നതായും ഗെയിം പ്ലാനിലൂടെ ജനങ്ങള്‍ ഒറ്റപ്പെടുകയാണ്. ബംഗാളി സംസാരിക്കുന്നവരേയും ബിഹാറികളേയും പുറത്താക്കുന്നതിനുള്ള ശ്രമമാണ് നടക്കുന്നത്. ആത്യന്തികമായി പശ്ചിമ ബംഗാളാണ് ഇക്കാര്യത്തില്‍ സഹിക്കേണ്ടി വരിക. ബി.ജെ.പിയുടെ വോട്ട് രാഷ്ട്രീയമാണ് ഇതിനു പിന്നിലെന്നും ഇക്കാര്യത്തില്‍ ഭേദഗതി വരുത്തണമെന്നും മമത ആഭ്യന്തര മന്ത്രിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഡല്‍ഹിയിലേക്കു പുറപ്പെടുന്നതിനു മുമ്പായി കൊല്‍ക്കത്തയില്‍ മാധ്യമങ്ങളെ കാണവെയാണ് മമത ബിജെപി സര്‍ക്കാരിനെതിരേ വിമര്‍ശനം ഉന്നയിച്ചത്.

ഇന്നലെ പുറത്തിറങ്ങിയ കരട് പട്ടികയില്‍ നിന്നും 40 ലക്ഷം പേരാണ് പുറത്തായിട്ടുള്ളത്. നാഷണല്‍ രജിസ്റ്ററി ഓഫ് സിറ്റിസണ്‍ പുറത്തിറക്കിയ പട്ടികയില്‍ അസമില്‍ ആകെയുള്ള 3.29 കോടി ജനങ്ങളില്‍ 2.89,83,677 ജനങ്ങള്‍ പൗരത്വം തെളിയിച്ചു. പൗരത്വ പട്ടികയില്‍ നിന്ന് പുറത്താകുന്നവര്‍ക്കു വേണ്ടി കേന്ദ്രം ഏതെങ്കിലും വിധത്തിലുള്ള പുനരധിവാസ പദ്ധതികള്‍ ഒരുക്കിയിട്ടുണ്ടോയെന്നും മമത കേന്ദ്രസര്‍ക്കാരിനോട് ചോദിക്കുകയും ചെയ്തിരുന്നു.

Top