കൊല്‍ക്കത്ത: ഇന്ത്യയില്‍ രണ്ടാം ഘട്ട കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ രോഗ പ്രതിരോധ നടപടികള്‍ ആലോചിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വിളിച്ചു ചേര്‍ക്കുന്ന യോഗത്തില്‍ പങ്കെടുക്കില്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെയും ആരോഗ്യമന്ത്രിമാരുടെയും യോഗമാണ് ഇന്ന് ചേരുക. ഇലക്ഷന്‍ പ്രചാരണ തിരക്കുകളുളളതിനാല്‍ യോഗത്തില്‍ എത്താനാകില്ലെന്നും പകരം സംസ്ഥാന ചീഫ് സെക്രട്ടറി യോഗത്തില്‍ പങ്കെടുക്കുമെന്ന് മമത അറിയിച്ചു.
പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത മുന്‍ യോഗത്തിലും മമതാ ബാനര്‍ജി പങ്കെടുത്തിരുന്നില്ല. തിരഞ്ഞെടുപ്പ് തിരക്കുകളുണ്ടെന്നാണ് അന്നും മമത അറിയിച്ചിരുന്നത്. ബംഗാളില്‍ നാലാംഘട്ട തിരഞ്ഞെടുപ്പ് വൈകാതെ നടക്കും. മമതയുടെ തൃണമൂലിനെ തറപറ്റിച്ച് അധികാരം പിടിക്കാനൊരുങ്ങുകയാണ് ബിജെപി. ഇതിനായി പ്രധാനമന്ത്രി മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ഉള്‍പ്പടെ ബിജെപിയുടെ വലിയ നേതാക്കളെല്ലാം ശക്തമായ പ്രചാരണമാണ് ബംഗാളില്‍ നടത്തുന്നത്. ഇതിനെ പ്രതിരോധിക്കാനാണ് മമതയുടെ ശ്രമം.