ഭവാനിപൂരില്‍ മമത ബാനര്‍ജിക്ക് റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ ജയം

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ഭവാനിപുര്‍ ഉപതിരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് വിജയം. 58,832 വോട്ടുകളുടെ ഭൂരിപക്ഷമാണ് മമതയ്ക്ക് ലഭിച്ചത്. എതിര്‍ സ്ഥാനാര്‍ഥി ബിജെപിയുടെ പ്രിയങ്ക ടിബ്രവാളിന് 26,320 വോട്ടുകളാണ് നേടാന്‍ കഴിഞ്ഞത്. ഭൂരിപക്ഷത്തില്‍ സ്വന്തം റെക്കോര്‍ഡാണ് മമത മറികടന്നത്.

2011 ല്‍ 52,213 വോട്ടിന്റെയും 2016 ല്‍ 25,301 വോട്ടിന്റെയും ഭൂരിപക്ഷമാണ് നേടിയത്.
നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി നേതാവ് സുവേന്ദു അധികാരിയോട് മത്സരിച്ച് പരാജയപ്പെട്ട മമതയ്ക്ക് മുഖ്യമന്ത്രിസ്ഥാനം നിലനിര്‍ത്താന്‍ ഭവാനിപൂരിലെ വിജയം അനിവാര്യമായിരുന്നു. തൃണമൂല്‍ വിട്ട് ബിജെപിയില്‍ എത്തിയ നേതാവാണ് സുവേന്ദു. വ്യാഴാഴ്ചയാണ് ഭവാനിപൂരില്‍ വോട്ടെടടുപ്പ് നടന്നത്. തൃണമൂല്‍ – ബിജെപി സംഘര്‍ഷം പലസ്ഥലത്തും നടന്നിരുന്നു.

അതിനിടെ ബിജെപി സ്ഥാനാര്‍ഥി പ്രിയങ്ക ടിബ്രവാള്‍ പരാജയം സമ്മതിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. താന്‍ കോടതിയില്‍ പോകില്ല. ഒരു ലക്ഷത്തിലധികം വോട്ടുകള്‍ക്ക് മമത വിജയിക്കുമെന്നാണ് അവര്‍ പറഞ്ഞിരുന്നത്. എന്നാല്‍ 50,000ത്തിലധികം വോട്ടുകള്‍ മാത്രമാണ് അവര്‍ക്ക് ലഭിച്ചത്. മമതയെ അഭിനന്ദിക്കുന്നു. എന്നാല്‍ അവര്‍ തിരഞ്ഞെടുപ്പ് വിജയിച്ചത് എങ്ങനെയാണെന്ന് എല്ലാവരും കണ്ടതാണെന്നും ടിബ്രവാള്‍ പറഞ്ഞു.

അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ചരിത്രം കുറിച്ചുകൊണ്ടാണ് മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പശ്ചിമ ബംഗാളില്‍ ഭരണം നിലനിര്‍ത്തിയത്. ഭരണം പിടിക്കാന്‍ സര്‍വ സന്നാഹവുമായി എത്തിയ ബി.ജെ.പിയെ തടഞ്ഞ് ഇരുന്നൂറിലേറെ സീറ്റുമായാണ് തൃണമൂല്‍ ഹാട്രിക് ജയം ആഘോഷിച്ചത്.

എന്നാല്‍, ഈ ചരിത്രജയത്തിനിടയിലും പാര്‍ട്ടിക്ക് തിരിച്ചടിയായിരുന്നു നന്ദിഗ്രാമിലെ അന്നത്തെ മമത ബാനര്‍ജിയുടെ തോല്‍വി. പാര്‍ട്ടിയിലെ തന്റെ പഴയ വലംകൈയായിരുന്ന സുവേന്ദു അധികാരിയോടായിരുന്നു നന്ദിഗ്രാമില്‍ മമതയുടെ അപ്രതീക്ഷിത തോല്‍വി. 2011ല്‍ നന്ദിഗ്രാമില്‍ തുടങ്ങിയ കര്‍ഷക പ്രക്ഷോഭമാണ് അക്ഷരാര്‍ഥത്തില്‍ ഇടതു സര്‍ക്കാരിനെ മറിച്ചിട്ട് മമതയെ ഭരണത്തില്‍ അവരോധിച്ചത്. നേരത്തെ സി.പി.ഐയുടെ സീറ്റായിരുന്ന ഇവിടെ 2009 മുതല്‍ തൃണമൂലാണ് ജയിച്ചുവരുന്നത്.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സുവേന്ദു അധികാരി 81,230 വോട്ടിനാണ് ഇവിടെ നിന്നു ജയിച്ചത്. അന്നിവിടെ ബി.ജെ.പി സ്ഥാനാര്‍ഥിക്ക് പതിനായിരം വോട്ട് മാത്രമായിരുന്നു കിട്ടിയത്. അധികാരി പിന്നീട് മമതയുമായി തെറ്റിപ്പിരിഞ്ഞ് ബി.ജെ.പിയില്‍ ചേര്‍ന്നു. സുവേന്ദുവിന് ചുട്ടമറുപടി കൊടുക്കുക എന്ന ഉദ്ദേശ്യത്തോടെ തന്നെയാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മമത നന്ദിഗ്രാമിന്റെ വെല്ലുവിളി സ്വയം ഏറ്റെടുത്തത്. എന്നാല്‍, അത് ഫലിച്ചില്ല. എന്നാല്‍ തൊട്ടുപിന്നാലെ നടന്ന ഭവാനിപൂര്‍ ഉപതിരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ വിജയിക്കാന്‍ മമതയ്ക്ക് കഴിഞ്ഞു.

 

Top