ബംഗാളില്‍ പശുവിന്റെ പേരില്‍ ജനങ്ങളെ കൊല്ലുന്നില്ല; മോദിക്ക് മമതയുടെ മറുപടി

കൊല്‍ക്കത്ത:ജനങ്ങളെ ഭിന്നിച്ച് ഭരിക്കാനുള്ള ബിജെപിയ്ക്കൊപ്പമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബംഗാളില്‍ ജനാധിപത്യമില്ലെന്ന നരേന്ദ്രമോദിയുടെ ട്വീറ്റിന് മറുപടി പറയുകായിരുന്നു അവര്‍.

നിരപരാധികളായ മനുഷ്യരെ പശുവിന്റെ പേരില്‍ കൊല്ലുന്നവരാണ് ജനാധിപത്യത്തെ കുറിച്ച് ക്ലാസെടുക്കുന്നത്. അവര്‍ ഭിന്നിപ്പിച്ച് ഭരിക്കുന്ന രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നു. ഞങ്ങളുടെ സംസ്ഥാനത്ത് അത് നടപ്പിലാക്കാന്‍ അനുവദിക്കില്ല.

അവര്‍ കരുതുന്നത് അവരാണ് ഹിന്ദുക്കളുടെ രാജാവെന്ന്. മതത്തിന്റെ പേരില്‍ ന്യൂനപക്ഷങ്ങളെയും ദളിതരെയും ആള്‍ക്കൂട്ട വിചാരണക്ക് വിധേയരാക്കുന്നു. എന്ത് കഴിക്കണമെന്നും ധരിക്കണമെന്നും പറയുന്നു. അവര്‍ കലാപങ്ങളിലാണ് വിശ്വസിക്കുന്നത്. ജനങ്ങള്‍ക്ക് സംസാരിക്കാനുള്ള അവകാശം നല്‍കുന്നില്ല- മമത ബാനര്‍ജി പറഞ്ഞു.

ഞങ്ങള്‍ ദുര്‍ഗാ പൂജ ആഘോഷിക്കുകയും രാമനെ ദുര്‍ഗാ പൂജക്കിടെ പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. ബംഗാളില്‍, എല്ലാ മതങ്ങളിലും വിശ്വസിക്കുന്ന മനുഷ്യര്‍ എല്ലാ ആഘോഷങ്ങളും ഒരുമിച്ച് ആഘോഷിക്കുന്നു മമത ബാനര്‍ജി പറഞ്ഞു.

ബംഗാളില്‍ രഥയാത്ര നല്‍കാന്‍ മമതാ ബാനര്‍ജി അനുമതി നല്‍കിയിരുന്നില്ല. രഥയാത്ര നടത്തിയാല്‍ വര്‍ഗീയ സംഘര്‍ഷം ഉണ്ടായേക്കുമെന്ന് ആരോപിച്ചായിരുന്നു തടഞ്ഞത്.

Top