മൂന്നാം തവണയും ബംഗാള്‍ മുഖ്യമന്ത്രിയായി മമത ; സത്യപ്രതിജ്ഞ ബുധനാഴ്ച

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായി മമതാ ബാനര്‍ജി ബുധനാഴ്ച അധികാരമേല്‍ക്കും. തുടര്‍ച്ചയായി മൂന്നാം തവണയാണ് മമത ബംഗാള്‍ മുഖ്യമന്ത്രിയാകുന്നത്. വൈകീട്ട് ഏഴ് മണിയോടെ മമത ബാനര്‍ജി രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടു. സര്‍ക്കാറുണ്ടാക്കാന്‍ അവകാശമുന്നയിച്ചാണ് ഗവര്‍ണര്‍ ജഗ്ദീപ് ദങ്കറെ മമത സന്ദര്‍ശിച്ചത്.

തിരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. നന്ദിഗ്രാമിലെ തെരഞ്ഞെടുപ്പ് ഫലത്തില്‍ അട്ടിമറി നടന്നതായി മമത ആരോപണം ഉന്നയിച്ചിരുന്നു. നന്ദിഗ്രാമില്‍ പരാജയപ്പെട്ടെങ്കിലും മറ്റൊരു മണ്ഡലത്തില്‍ നിന്ന് ജനവിധി തേടി സഭയിലെത്താനാണ് മമതയുടെ തീരുമാനം.

പുതുതായി തെരഞ്ഞെടുക്കപ്പെട്ട തൃണമൂല്‍ എം.എല്‍.എമാര്‍ പാര്‍ട്ടി നേതാവായി മമത ബാനര്‍ജിയെ ഏകകണ്ഠമായി തെരഞ്ഞെടുത്തിരുന്നു. പുതുതായി തെരഞ്ഞെടുത്ത അംഗങ്ങള്‍ വ്യാഴാഴ്ച നിയമസഭയില്‍ സത്യപ്രതിജ്ഞ ചെയ്യും. തൃണമൂല്‍ കോണ്‍ഗ്രസ് ബംഗാളില്‍ അധികാരം നിലനിര്‍ത്തിയത് 212 സീറ്റുകള്‍ നേടിയാണ്.

 

 

 

Top