ഡൽഹി: 2024-ല്‍ നടക്കേണ്ടത് തിരസ്കരണത്തിന്റെ തിരഞ്ഞെടുപ്പ് ആയിരിക്കണമെന്ന് ജനങ്ങളോട് ആഹ്വാനംചെയ്ത് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി. ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാനുള്ള തിരഞ്ഞെടുപ്പായിരിക്കണം അതെന്നും അവർ കൂട്ടിച്ചേർത്തു. ബി.ജെ.പിയുടെ ചങ്ങലകള്‍ പൊട്ടിക്കണമെന്നും അവരുടെ കഴിവില്ലായ്മയെ തകര്‍ത്തെറിയണമെന്നും മമത ആവശ്യപ്പെട്ടു. കൊല്‍ക്കത്തയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച രക്തസാക്ഷി ദിനാചരണത്തോടനുബന്ധിച്ചുള്ള റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മമത.
ബി.ജെ.പിക്ക് സ്ഥിരത നഷ്ടപ്പെട്ടിരിക്കുന്നു. വറുത്ത അരി (മുരി)ക്ക് പോലും ജി.എസ്.ടി ഏര്‍പ്പെടുത്തിയിരിക്കുന്നു. മധുരപലഹാരത്തിനും സംഭാരത്തിനും തൈരിനും ജി.എസ്.ടിയാണ്. ഇനി ഒരു രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചാല്‍ അതിനുപോലും ചിലപ്പോള്‍ ജി.എസ്.ടി ചുമത്തിയേക്കാമെന്നും മമത ബാനര്‍ജി പറഞ്ഞു.
സംസ്ഥാനങ്ങള്‍ക്കായുള്ള ഫണ്ട് തടഞ്ഞുവെക്കുന്നതിനേയും മമത രൂക്ഷമായി വിമര്‍ശിച്ചു. അര്‍ഹതപ്പെട്ടത് ഞങ്ങള്‍ക്ക് നല്‍കുന്നില്ലെങ്കില്‍ ഞങ്ങള്‍ ഡല്‍ഹിയിലെത്തും. ഇ.ഡിയേയും സിബിഐ ഏജന്‍സികളേയും ഉപയോഗിച്ച് പേടിപ്പിക്കാമെന്ന് കരതേണ്ട. ഞങ്ങള്‍ ഭീരുക്കളല്ലെന്നും പോരാടി ജയിക്കുമെന്നും മമത വ്യക്തമാക്കി.
കോവിഡ് മൂലം കഴിഞ്ഞ രണ്ട് വര്‍ഷമായി നടത്താത്ത രക്തസാക്ഷി ദിനാചരണമാണ് വ്യാഴാഴ്ച കൊല്‍ക്കത്തയില്‍ വന്‍ ജനാവലിയുടെ പങ്കാളിത്തത്തോടെ നടന്നത്. തൃണമൂല്‍ കോണ്‍ഗ്രസിനെ സംബന്ധിച്ച് ഏറ്റവും പ്രധാന്യമുള്ള പാര്‍ട്ടി പരിപാടിയെന്ന നിലയില്‍ ബി.ജെ.പിക്കെതിരേയുള്ള പ്രധാന വേദിയായായും റാലി മാറി.