കൊല്‍ക്കത്ത: വിമാനത്താവളത്തില്‍ ലാന്‍ഡിംഗിനിടയില്‍ മതിയായ ഇന്ധനമില്ലെന്ന് അറിയിച്ച ഇന്റിഗോ, സ്‌പൈസ് ജെറ്റ്, എയര്‍ ഇന്ത്യ വിമാനങ്ങളിലെ ആറു പൈലറ്റുമാരെ സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ സസ്‌പെഡ് ചെയ്തു.
ഓരോ കമ്പനികളിലെയും രണ്ടു പൈലറ്റുമാരെ വീതമാണ് സസ്‌പെന്‍ഡ് ചെയ്തത്.പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ വിമാനം താഴെയിറക്കാന്‍ വൈകിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ നടപടി. പാട്‌നയില്‍ നിന്നും കൊല്‍ക്കത്തയിലേക്ക് പറന്ന ഇന്റിഗോ വിമാനത്തിലായിരുന്നു മമത യാത്ര ചെയ്തിരുന്നത്.
ഇതിനു മുമ്പ് വിമാനത്താവളത്തിലെത്തിയ എയര്‍ ഇന്ത്യ, സ്‌പൈസ് ജെറ്റ് വിമാനങ്ങളിലെ പൈലറ്റുമാര്‍ക്ക് എതിരെയുമാണ് നടപടി ഉണ്ടായിരിക്കുന്നത്.
എന്നാല്‍ നടപടിയില്‍ എയര്‍ലൈനുകള്‍ അസന്തുഷ്ടരാണ്. അരമണിക്കൂറോളം വട്ടമിട്ടു പറക്കാന്‍ ആവശ്യമായ ഇന്ധനവുമായാണ് സാധാരണയായി ഒരു വിമാനം പറന്നുയരുന്നത്.
കൊല്‍ക്കത്തില്‍ ലാന്‍ഡ് ചെയ്യാന്‍ അനുവദിക്കുന്നത് വരെ വട്ടമിട്ടു പറക്കുന്നതിന് മതിയായ ഇന്ധനമില്ലെന്നും ലാന്റിംഗിനായി ഭുവനേശ്വര്‍ വിമാനത്താവളത്തെ ആശ്രയിക്കേണ്ടി വരുമെന്നുമാണ് പൈലറ്റുമാര്‍ അറിയിച്ചതെന്ന് കമ്പനികള്‍ പറയുന്നത്.
അതേസമയം പൈലറ്റിനും കൊല്‍ക്കത്ത എയര്‍ ട്രാഫിക്ക് കണ്‍ട്രോളിനുമിടയില്‍ ആശയവിനിമയം നടത്തുന്നതില്‍ തടസം നേരിട്ടെന്ന് ഇന്റിഗോ പറയുന്നുണ്ട്.
എന്നാല്‍ ശൈത്യകാലമായതിനാല്‍ വിമാനങ്ങള്‍ വഴിതിരിച്ചുവിടാനും മറ്റും സാധ്യതയുള്ളതിനാല്‍ മതിയായ ഇന്ധനമില്ലാതെ യാത്രതിരിക്കുന്നതിനുള്ള ശക്തമായ മുന്നറിയിപ്പായിട്ടാണ് കര്‍ശനമായ നടപടി സ്വീകരിച്ചിരിക്കുന്നതെന്നാണ് അധികൃതര്‍ പറയുന്നത്.
മമത യാത്ര ചെയ്ത വിമാനം സമയത്തിന് ലാന്‍ഡ് ചെയ്യാത്തതിനെ തുടര്‍ന്ന് തൃണമൂല്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.