ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 40 സീറ്റെങ്കിലും നേടുമോയെന്ന കാര്യം സംശയമാണെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. സംസ്ഥാനത്തെ 42 ലോക്‌സഭാ സീറ്റുകളിലും തൃണമൂല്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിന് അടുത്ത ദിവസമാണ് മമതയുടെ പരിഹാസം. ബംഗാളിലെ മുര്‍ഷിദാബാദില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
‘കോണ്‍ഗ്രസ് 300 സീറ്റുകളില്‍ മത്സരിച്ചാല്‍ 40 എണ്ണത്തിലെങ്കിലും വിജയിക്കുമോ എന്ന കാര്യം സംശയമാണ്. അവര്‍ക്ക് രണ്ടുസീറ്റ് ഞാന്‍ വാഗ്ദാനം ചെയ്തതായിരുന്നു. അപ്പോള്‍ അവര്‍ക്ക് കൂടുതല്‍ വേണം. അങ്ങനെയാണെങ്കില്‍ 42 സീറ്റിലും ഒറ്റയ്ക്ക് മത്സരിച്ചോളാന്‍ ഞാന്‍ പറഞ്ഞു. അതിനുശേഷം ഞങ്ങള്‍ തമ്മില്‍ സംസാരമുണ്ടായിട്ടില്ല’, ബാനര്‍ജി പറഞ്ഞു.
‘എന്തിനാണ് ഇത്ര അഹങ്കാരം? നേരത്തെ നിങ്ങള്‍ വിജയിച്ചിരുന്ന സ്ഥലങ്ങളെല്ലാം നിങ്ങള്‍ക്ക് ഇപ്പോള്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. നിങ്ങള്‍ക്ക് ധൈര്യമുണ്ടെങ്കില്‍ വാരാണസിയില്‍ ബിജെപിയെ തോല്‍പ്പിക്കൂ. അലഹബാദില്‍ മത്സരിച്ച് വിജയിക്കൂ. നിങ്ങള്‍ എത്ര ധീരതയുള്ള പാര്‍ട്ടിയാണെന്ന് കാണട്ടെ’, മമത കോണ്‍ഗ്രസിനെ വെല്ലുവിളിച്ചു.
രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ന്യായ് യാത്ര സംസ്ഥാനത്തുകൂടി കടന്നുപോയത് അനൗദ്യോഗിക വഴികളിലൂടെ അറിഞ്ഞതിലുള്ള നിരാശയും അവര്‍ പങ്കുവെച്ചു. ‘ബംഗാളിലേക്ക് ഒരു പരിപാടിക്കായി അവര്‍ വന്നപ്പോള്‍ ഇന്ത്യ മുന്നണിയിലെ അംഗമായ എന്നെ അറിയിക്കാനുള്ള സാമാന്യമര്യാദപോലും കാണിച്ചില്ല. മറ്റ് ഉറവിടങ്ങളില്‍ നിന്നാണ് ഞാനത് അറിഞ്ഞത്. കോണ്‍ഗ്രസും സിപിഎമ്മും ഇപ്പോള്‍ ബംഗാളിലെ മുസ്ലീംങ്ങളെ പ്രീതിപ്പെടുത്താന്‍ ഇറങ്ങിയതാണ്’, മമത പറഞ്ഞു.