തനിച്ച് മത്സരിക്കുമെന്ന് മമത;ഇന്ത്യ മുന്നണിയിൽ നിന്ന് അകൽച്ച

ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ്‌ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ, ഇന്ത്യ മുന്നണിയില്‍നിന്ന് കൂടുതലകന്ന് തൃണമൂല്‍ കോണ്‍ഗ്രസ്. കൊല്‍ക്കത്തയില്‍ ചേര്‍ന്ന പാര്‍ട്ടി നേതൃയോഗത്തില്‍ പശ്ചിമബംഗാളിലെ 42 സീറ്റുകളിലും ടി.എം.സി. തനിച്ചു മത്സരിക്കുമെന്ന് പാര്‍ട്ടി അധ്യക്ഷയും മുഖ്യമന്ത്രിയുമായ മമതാ ബാനർജി വ്യക്തമാക്കി. നേരത്തേ രണ്ട് സിറ്റിങ് സീറ്റുകള്‍മാത്രം കോണ്‍ഗ്രസിന് വിട്ടുനല്‍കാമെന്നായിരുന്നു മമതയുടെ നിലപാട്.

ഇന്ത്യ മുന്നണിയുടെ യോഗങ്ങളെ നിയന്ത്രിക്കുന്നത് സി.പി.എമ്മാണെന്ന് മമത പാര്‍ട്ടി യോഗത്തില്‍ തുറന്നടിച്ചു. കോണ്‍ഗ്രസ് സി.പി.എമ്മിന് കീഴടങ്ങിയെന്ന് തൃണമൂല്‍ വൃത്തങ്ങള്‍ പറയുന്നു. അതേസമയം, ബംഗാളില്‍ മമതയുമായി യോജിപ്പിനില്ലെന്ന് സി.പി.എം. നേരത്തേ വ്യക്തമാക്കി

രണ്ട് സിറ്റിങ് സീറ്റുകള്‍ മമത വെച്ചുനീട്ടുന്നതിനോട് യോജിപ്പില്ലെന്ന് ബംഗാളിലെ കോണ്‍ഗ്രസ് നേതൃത്വവും വ്യക്തമാക്കി. കോണ്‍ഗ്രസിലെ മുകുള്‍ വാസ്നികിന്റെ നേതൃത്വത്തിലുള്ള സഖ്യസമിതി തൃണമൂല്‍ അടക്കമുള്ള കക്ഷികളുമായി ചര്‍ച്ചകള്‍ തുടരാനിരിക്കെയാണ് മമതയുടെ പ്രതികരണം. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ്‌ യാത്രയും അടുത്ത ദിവസം ബംഗാളിലെത്തും.

മുന്നണി യോഗങ്ങളിലെല്ലാം കോണ്‍ഗ്രസിനെ നിയന്ത്രിക്കുന്നത് സി.പി.എമ്മാണെന്നും ഇത് ഖേദകരമാണെന്നും പാര്‍ട്ടിയോഗത്തില്‍ മമത പറഞ്ഞു. താന്‍ അപമാനിതയായി. 34 വര്‍ഷം സി.പി.എമ്മിനെതിരേ പോരാടിയ തനിക്ക് അവരുടെ ഉപദേശം കേള്‍ക്കേണ്ട കാര്യമില്ല. 300 സീറ്റുകളില്‍ തനിച്ച് മത്സരിക്കാനും അവശേഷിക്കുന്ന സീറ്റുകള്‍ സ്വാധീനമുള്ള പ്രാദേശിക കക്ഷികള്‍ക്ക് കൈമാറാനും താന്‍ നിര്‍ദേശിച്ചെങ്കിലും തങ്ങള്‍ക്കിഷ്ടമുള്ളത് ചെയ്യുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചതെന്ന് പിന്നീട് കൊല്‍ക്കത്തയിലെ പൊതുറാലിയില്‍ മമത ആരോപിച്ചു. ഇത് ബി.ജെ.പി.ക്ക് സഹായകമാകും. ഇതാരും പൊറുക്കില്ലെന്നും കോണ്‍ഗ്രസിനോടെന്ന മട്ടില്‍ മമത പറഞ്ഞു. ബംഗാളില്‍ ഒരു സീറ്റിൽപോലും ബി.ജെ.പി. ജയിക്കാതിരിക്കാന്‍ രക്തംചിന്താനും തയ്യാറാണ്. ബാബറി സംഭവത്തിനുശേഷം കൊല്‍ക്കത്ത കത്തുമ്പോള്‍ മുഖ്യമന്ത്രിയായിരുന്ന ജ്യോതിബസുവിനെ നേരില്‍ക്കണ്ട് സഹായം വാഗ്ദാനം ചെയ്തത് മറക്കരുതെന്നും മമത ഓര്‍മിപ്പിച്ചു.

ഇന്ത്യ മുന്നണിയെ ദുര്‍ബലപ്പെടുത്താനാണ് മമത ശ്രമിക്കുന്നതെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം തിരിച്ചടിച്ചു. ബി.ജെ.പി.ക്കെതിരേ ദേശവ്യാപക പ്രക്ഷോഭത്തിനു മുന്നിട്ടിറങ്ങുന്ന ഇടതുപക്ഷത്തെ ഒറ്റപ്പെടുത്താനാണ് മമതയുടെ നീക്കം. സീറ്റുകളില്‍ മാത്രമാണ് അവര്‍ക്ക് താത്പര്യമെന്നും മുഹമ്മദ് സലിം പറഞ്ഞു. മമതയുടെ യഥാർഥമുഖം നേരത്തേ കണ്ടതാണെന്നും അവരെ ഒരിക്കലും വിശ്വസിക്കാനാകില്ലെന്നും കോണ്‍ഗ്രസ് നേതാവ് കൗസ്തവ് ബാഗ്ചിയും ആരോപിച്ചു.

Top