കൊല്‍ക്കത്ത: ബംഗാളില്‍ ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരം തുടരുന്നതിനിടെ മുഖ്യമന്ത്രി മമത ബാനര്‍ജി നടത്താനിരിക്കുന്ന സമവായ ചര്‍ച്ച ഫലം കാണുമെന്ന് പ്രതീക്ഷ. ഡോക്ടര്‍മാര്‍ മമതയുടെ ചര്‍ച്ചാ ക്ഷണം സ്വീകരിച്ചതോടെയാണ് പ്രശ്‌നത്തില്‍ പരിഹാരമുണ്ടായേക്കുമെന്ന് കരുതുന്നത്. ഇന്ന് വൈകീട്ട് മൂന്നിനാണ് ചര്‍ച്ച ആരംഭിക്കുക. എന്നാല്‍, തുറന്ന ചര്‍ച്ച എന്ന ഡോക്ടര്‍മാരുടെ ആവശ്യം അംഗീകരിക്കില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
അതേസമയം, ചര്‍ച്ചക്ക് ശേഷം മാധ്യമങ്ങളെ കാണുമെന്നും മമത ബാനര്‍ജി വ്യക്തമാക്കിയിട്ടുണ്ട്. ബംഗാള്‍ സെക്രട്ടറിയേറ്റ് മന്ദിരത്തില്‍ വച്ചാകും ചര്‍ച്ചകള്‍ നടക്കുക. ചര്‍ച്ച നടക്കുന്ന സ്ഥലവും സമയവും മമതയ്ക്ക് തീരുമാനിക്കാമെങ്കിലും മാധ്യമങ്ങളുടെ സാന്നിധ്യത്തിലാവണമെന്ന ഉപാധിയാണ് സമരക്കാര്‍ വച്ചിരുന്നത്. ഇതാണ് മുഖ്യമന്ത്രി തള്ളിയത്. അതിനിടെ, ഡോക്ടര്‍മാര്‍ക്ക് സുരക്ഷ ആവശ്യപ്പെട്ട് സമര്‍പിച്ചിട്ടുള്ള പൊതു താത്പര്യ ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും.
കൊല്‍ക്കത്ത എന്‍ആര്‍എസ് ആശുപത്രിയില്‍ രോഗി മരിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ജൂനിയര്‍ ഡോക്ടറെ മര്‍ദ്ദിച്ചതോടെയാണ് ഡോക്ടര്‍മാര്‍ സമരം ആരംഭിച്ചത്.