കൊല്‍ക്കത്ത: പാര്‍ട്ടി അറിയാതെ ബിജെപി നേതാവുമായി കൂടിക്കാഴ്ച നടത്തിയ തൃണമൂല്‍ എംഎല്‍എയ്‌ക്കെതിരേ നടപടിയെടുക്കാനൊരുങ്ങി മുഖ്യമന്ത്രി മമത ബാനര്‍ജി. ബിജെപി നേതാവ് മുകുള്‍ റോയിയുമായി വെള്ളിയാഴ്ചയാണ് തൃണമൂല്‍ എംഎല്‍എ സബ്യസാചി ദത്ത കൂടിക്കാഴ്ച നടത്തിയത്.
സംഭവത്തില്‍ നടപടി എടുക്കാനായി എല്ലാ എംഎല്‍എമാരുടെയും യോഗം വിളിക്കാന്‍ മമത കോല്‍ക്കത്ത മേയറോട് നിര്‍ദേശിച്ചു. ദത്ത ബിജെപിക്കൊപ്പം ചേരുമെന്ന അഭ്യുഹങ്ങള്‍ക്കിടെയാണ് മുകള്‍ റോയിയുമായി കൂടിക്കാഴ്ച നടത്തിയത്.
അതേസമയം മമത വരച്ച ചിത്രങ്ങള്‍ വിറ്റ് തൃണമൂല്‍ കോണ്‍ഗ്രസ് രണ്ട് വര്‍ഷത്തിനിടെ 6,46,90,000 കോടി രൂപ സമ്പാദിച്ചു എന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് സത്യവാങ്മൂലം നല്‍കിയത് വിവാദത്തിന് ഇടയായിട്ടുണ്ട്.
മമത വരയ്ക്കുന്ന ചിത്രങ്ങള്‍ കോടിക്കണക്കിന് രൂപയ്ക്ക് വിറ്റുപോയ സംഭവം സിബിഐ അന്വേഷിക്കുന്ന ശാരദ ചിട്ടിതട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നേരത്തേ വിവാദമായതാണ്. ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ ഉള്‍പ്പെട്ട കമ്പനികളാണ് മമതയുടെ പെയിന്റിങുകള്‍ വാങ്ങിയതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. മമത തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ സത്യാവാങ്മൂലത്തിലൂടെ ഈ ആരോപണം കൂടുതല്‍ ബലപ്പെടുകയാണെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ പറയുന്നത്.