ആയുധവുമായി നടക്കാന്‍ രാമന്‍ പറഞ്ഞോ..?; രാമനവമി റാലിയിലെ ആക്രമത്തെ വിമര്‍ശിച്ച് മമത

mamatha-banarji

കൊല്‍ക്കത്ത: രാമനവമി ആഘോഷത്തില്‍ ബിജെപി റാലിക്കിടെ നടന്ന് സംഘര്‍ഷത്തെ രൂക്ഷമായി വിമര്‍ശിച്ച് ബംഗാള്‍ മുഖ്യമന്ത്രി
മമത ബാനര്‍ജി. ആയുധങ്ങളുമായി രാമനവമി ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതിനെതിരെയാണ് മമത ബാനര്‍ജി ശക്തമായി വിമര്‍ശിച്ചത്. റാലിയില്‍ ഉണ്ടായ സംഘര്‍ഷം സംസ്ഥാനത്തൊട്ടാകെ വ്യപിക്കുകയാണ്. സംഘര്‍ഷം ഇല്ലാതാക്കന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും മമത ബാനര്‍ജി പറഞ്ഞു.

‘ആയുധവുമായി നടക്കാന്‍ രാമന്‍ ആരോടെങ്കിലും പറഞ്ഞിട്ടുണ്ടോ’ എന്ന് മമത ബാനര്‍ജി ചോദിച്ചു. ഇത്തരം തെമ്മാടിത്തരം കാണിക്കുന്നവര്‍ രാമനെ അപമാനിക്കുകയാണെന്നും, ബംഗാളികള്‍ കാളി പൂജയും ദുര്‍ഗാ പൂജയുമെല്ലാം ആയുധങ്ങളും തെമ്മാടിത്തരവും ഇല്ലാതെ സമാധാനപരമായി ആഘോഷിക്കുന്നവരാണെന്നും അവര്‍ പറഞ്ഞു. ഇപ്പോഴത്തെ സംഭവങ്ങളില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും മമത വ്യക്തമാക്കി.കഴിഞ്ഞ ദിവസം നടന്ന റാലിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷും വാളുമേന്തി പങ്കെടുത്തിരുന്നു.

മുര്‍ഷിദാബാദിലെ കാന്‍ഡിയില്‍ ആയുധമേന്തിയ സംഘം പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചിരുന്നു.തൊട്ടു പിന്നാലെ റാണിഗഞ്ചില്‍ രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുകയും ഇരുചക്രവാഹനങ്ങള്‍ തീയിട്ടു നശിപ്പിക്കുകയുെ ചെയ്തിരുന്നു. ആക്രമണത്തിനിടെ ഒരു പോലീസുകാരനെ അക്രമിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു. പുരുലിയ ജില്ലയില്‍ നടത്തിയ റിലിയിലും അക്രമ സംഭവങ്ങള്‍ അരങ്ങേറിയിരുന്നു. സംഭവത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

കൊല്‍ക്കത്തയില്‍ മാത്രം ആയുധമേന്തിയ 60-ല്‍ അധികം റാലികള്‍ നടന്നിരുന്നു. പലതും അക്രമത്തില്‍ കലാശിക്കുകയും ചെയ്തു. പൊലീസിന്റെ മുന്‍കൂര്‍ അനുമതിയോടെ മാത്രമേ ജാഥകള്‍ നടത്താവൂ എന്ന നിബന്ധന പാലിക്കാതെയാണ് പരിപാടികള്‍ സംഘടിപ്പിക്കപ്പെട്ടത്. ബംഗാളില്‍ അടുത്തകാലം വരെ രാമനവമി കാര്യമായി ആഘോഷിച്ചിരുന്നില്ല. ബിജെപി സജീവമായതോടെയാണ് ആഘോഷം വ്യാപകമായിത്തുടങ്ങിയത്. ആഘോഷത്തിന്റെ ഭാഗമായി വാള്‍, ത്രിശൂലം തുടങ്ങിയവ ഏന്തിക്കൊണ്ടുള്ള ജാഥകളും നടത്താറുണ്ട്.

Top