മഹാറാലി മമതക്ക് മഹാ അബദ്ധമായി . . 50 ലക്ഷത്തിന് പകരം വന്നത് 5 ലക്ഷം !

കൊട്ടിഘോഷിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്സ് കൊല്‍ക്കത്തയില്‍ നടത്തിയ മഹാറാലി പരാജയമായിരുന്നു എന്ന റിപ്പോര്‍ട്ടുകള്‍ മമത ബാനര്‍ജിക്ക് വലിയ തിരിച്ചടിയാകുന്നു.

പ്രധാനമന്ത്രി മോഹം മുന്‍ നിര്‍ത്തി മുഖ്യമന്ത്രി മമത സംഘടിപ്പിച്ച റാലിയില്‍ 50 ലക്ഷം പേര്‍ പങ്കെടുക്കുമെന്നായിരുന്നു തൃണമൂല്‍ നേതാക്കള്‍ അവകാശപ്പെട്ടിരുന്നത്.

എന്നാല്‍ അഞ്ചു ലക്ഷം പേര്‍ മാത്രമാണ് റാലിയില്‍ പങ്കെടുത്തത് എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇത് മമതാ ബാനര്‍ജിയെ വലിയ രൂപത്തില്‍ നിരാശയാക്കി എന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍. റാലി നടന്ന ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിന്റെ ശേഷി മൂന്നര ലക്ഷമാണെന്ന് സംഘാടകര്‍ തന്നെ സമ്മതിക്കുന്നുണ്ട്. മമത പ്രസംഗിക്കുമ്പോള്‍ തന്നെ അണികള്‍ ഗ്രൗണ്ടില്‍ നിന്നും എണീറ്റ് പോകാന്‍ തുടങ്ങിയതും തൃണമൂലിന് ക്ഷീണമായി.

എല്ലാവരും ഇരുന്ന് നേതാക്കളുടെ പ്രസംഗം കേള്‍ക്കണമെന്ന മമതയുടെ അഭ്യര്‍ത്ഥന കേള്‍ക്കാനും ഭൂരിപക്ഷവും നിന്നു കൊടുത്തില്ല.

സ്വന്തം കാലിനടിയിലെ മണ്ണ് ഒലിച്ച് പോവുന്നത് മമതയെ ബോധ്യപ്പെടുത്തിയ റാലിയാണ് നടന്നതെന്നാണ് സി.പി.എം പ്രതികരണം. ബി.ജെ.പിയും റാലി പരാജയമാണെന്ന് ചൂണ്ടിക്കാട്ടി രംഗത്ത് വന്നിട്ടുണ്ട്.

പ്രതിപക്ഷ നേതാക്കളെ സംഘടിപ്പിച്ച് മഹാറാലി നടത്തി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകാനുള്ള മമതയുടെ നീക്കം തട്ടിപ്പാണെന്ന് ആരോപിച്ച് സി.പി.എം ശക്തമായ പ്രചരണമാണ് ബംഗാളില്‍ നടത്തുന്നത്.

ഇടതുപക്ഷ പാര്‍ട്ടികള്‍, മായാവതി, ടി.ആര്‍.എസ് നേതാവ് ചന്ദ്രശേഖരറാവു , ഒറീസ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് എന്നിവരാണ് യോഗത്തില്‍ പങ്കെടുക്കാതെ മാറി നിന്നത്. എന്നാല്‍ റാലിയില്‍ പങ്കെടുത്ത മറ്റു പ്രതിപക്ഷ പാര്‍ട്ടികളില്‍ ഭൂരിപക്ഷവും മമതയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കില്ലന്ന നിലപാടില്‍ തന്നെയാണ്. മതേതര ചേരിയുടെ കൂട്ടായ്മ എന്ന നിലയില്‍ റാലിയില്‍ പ്രസംഗിച്ചു എന്നാണ് സമാജ് വാദി പാര്‍ട്ടി, ഡി.എം.കെ ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുടെ നേതൃത്വം വ്യക്തമാക്കുന്നത്.

കഴിഞ്ഞ തവണ 42-ല്‍ 32 സീറ്റ് നേടിയ തൃണമൂല്‍ കോണ്‍ഗ്രസ്സിന് അതിന്റെ പകുതി പോലും ഇത്തവണ നേടാന്‍ കഴിയില്ലെന്ന് റാലി ചൂണ്ടിക്കാട്ടി രാഷ്ട്രീയ നിരീക്ഷകരും ഇതിനകം തന്നെ വിലയിരുത്തല്‍ തുടങ്ങി കഴിഞ്ഞു. സംസ്ഥാനത്തെ പ്രതിപക്ഷ പാര്‍ട്ടികളെ സംബന്ധിച്ച് വലിയ ആത്മവിശ്വാസമാണ് ഇത് നല്‍കുന്നത്.

അത്രക്കും വലിയ തയ്യാറെടുപ്പുകള്‍ നടത്തിയാണ് തൃണമൂല്‍ മഹാറാലി സംഘടിപ്പിച്ചിരുന്നത്. കോടിക്കണക്കിന് രൂപയാണ് റാലിയുടെ വിജയത്തിനായി ഒഴുക്കിയത്. വാഹനങ്ങള്‍ മിക്കതും മുന്‍കൂട്ടി ബുക്ക് ചെയ്ത് സര്‍വ്വ സന്നാഹങ്ങളും തൃണമൂല്‍ നേതാക്കള്‍ ഉള്‍പ്പെട്ട് ഏര്‍പ്പാട് ചെയ്ത് കൊടുത്തിരുന്നു. ഭരണ സംവിധാനവും റാലിയുടെ മഹാവിജയത്തിനായി ഉപയോഗപ്പെടുത്തുകയുണ്ടായി.

ഇടതുപക്ഷത്ത് നിന്നും ഭരണം തിരിച്ചു പിടിച്ച ശേഷം തൃണമൂല്‍ കോണ്‍ഗ്രസ്സ് ഏറ്റവും ശക്തമായി നേരിടുന്ന വെല്ലുവിളിയായിരിക്കും വരുന്ന ലോകസഭ തിരഞ്ഞെടുപ്പ്. ഇടതുപക്ഷവും ബി.ജെ.പിയും കോണ്‍ഗ്രസ്സും ഇതിനകം തന്നെ ഇവിടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.

അമിത് ഷായുടെ റാലി നടത്താന്‍ സമ്മതിക്കാതിരുന്ന തൃണമൂല്‍ സര്‍ക്കാര്‍ നടപടി ബി.ജെ.പി ആയുധമാക്കുമ്പോള്‍ സംസ്ഥാനത്ത് നഷ്ടപ്പെട്ട സ്വാധീനം തിരികെ പിടിക്കാന്‍ സര്‍വ്വശക്തിയും എടുത്താണ് സി.പി.എം ഇവിടെ പോരാടുന്നത്. തൃണമൂല്‍ റാലിയെ കവച്ച് വയ്ക്കുന്ന ശക്തി പ്രകടനത്തിനാണ് സി.പി.എം നീക്കം.

Top