കേന്ദ്രത്തിൽ നിർണ്ണായക ശക്തിയാവുക ഈ വനിതകൾ, അവർ തീരുമാനിക്കും . . .

മായാവതിയും മമതയും ദേശീയ രാഷ്ട്രീയത്തില്‍ കരുത്തരായ രണ്ട് വനിതാ നേതാക്കളാണ്. ഇവരില്‍ ആരാണ് ഇത്തവണ ചെങ്കോട്ടയില്‍ നിര്‍ണ്ണായകമാവുക എന്നതാണ് ഇനി അറിയാനുള്ളത്. 2014ലെ ലോകസഭ തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ മൂന്നാമത്തെ കക്ഷിയുടെ സാരഥിയും ഒരു വനിത ആയിരുന്നു. തമിഴ് മക്കളുടെ സ്വന്തം പുരട്ചി തലൈവിയായ ജെ. ജയലളിത ആയിരുന്ന അത്. മോദി സര്‍ക്കാറിനെയായിരുന്നു ജയലളിത പിന്തുണച്ചിരുന്നത്. ജയലളിതയുടെ മരണശേഷവും രാജ്യസഭയില്‍ ബില്ലുകള്‍ പാസാക്കാന്‍ അണ്ണാ ഡി.എം.കെ പിന്തുണ ബി.ജെ.പിക്ക് അനിവാര്യമായിരുന്നു. 39 ലോകസഭ അംഗങ്ങള്‍ ഉള്ള തമിഴകത്ത് നിന്നും 37 സീറ്റും തൂത്ത് വാരിയാണ് ജയലളിതയുടെ പാര്‍ട്ടി അന്ന് കരുത്ത് കാട്ടിയിരുന്നത്.

2019 ല്‍ കേന്ദ്ര സര്‍ക്കാര്‍ രൂപീകരണത്തില്‍ ഏത് വനിത ആയിരിക്കും നിര്‍ണ്ണായകമാവുക എന്നതാണ് രാഷ്ട്രീയ നിരീക്ഷകരും ഇപ്പാള്‍ ഉറ്റുനോക്കുന്നത്. മമതയും മായാവതിയും പ്രധാനമന്ത്രി കസേര ലക്ഷ്യമിട്ടാണ് ഇപ്പോള്‍ കരുക്കള്‍ നീക്കുന്നത്.

യു.പി.എക്കും എന്‍.ഡി.എക്കും കേവല ഭൂരിപക്ഷം കിട്ടാത്ത സാഹചര്യം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇരുവരുടെയും കണക്ക് കൂട്ടല്‍.

യു.പിയിലെ 80 സീറ്റില്‍ 38 സീറ്റിലാണ് എസ്.പിയുമായി സഖ്യം ചേര്‍ന്ന് മായാവതി മത്സരിക്കുന്നത്. ബംഗാളിലെ 42 സീറ്റിലും ഒറ്റക്കാണ് തൃണമൂല്‍ കോണ്‍ഗ്രസ്സ് ഭരിക്കുന്നത്.

ഇരു പാര്‍ട്ടികളും മത്സരിക്കുന്ന സീറ്റുകളില്‍ 90 ശതമാനവും വിജയിക്കുമെന്ന പ്രതീക്ഷയിലാണ് കണക്ക് കൂട്ടലുകള്‍ നടത്തുന്നത്.

ബംഗാളില്‍ പരസ്പരം മത്സരിക്കേണ്ടതില്ലെന്ന സി.പി.എം-കോണ്‍ഗ്രസ്സ് ധാരണയും ബി.ജെ.പിയുടെ ശക്തമായ സാന്നിധ്യവും മറികടന്ന് എത്ര സീറ്റ് നേടാന്‍ മമതക്ക് കഴിയും എന്നതിനെ ആശ്രയിച്ചായിരിക്കും അവരുടെ വിലപേശല്‍. ഇവിടെ സീറ്റുകള്‍ കുറഞ്ഞാല്‍ വലിയ തിരിച്ചടിയാകും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 34 സീറ്റുകളാണ് തൃണമൂല്‍ കോണ്‍ഗ്രസ്സിന് ഉണ്ടായിരുന്നത്.

2014 ലെ മോദി തരംഗത്തില്‍ ഒരു സീറ്റു പോലും നേടാന്‍ കഴിയാതിരുന്ന മായവതിക്ക് പക്ഷേ അന്നും 20 ശതമാനം വോട്ട് നേടാന്‍ കഴിഞ്ഞിരുന്നു. എസ്.പിക്ക് 25 ശതമാനവും നേടാന്‍ കഴിഞ്ഞു. ഇത്തവണ ഇരു കൂട്ടരും ഒന്നിക്കുമ്പോള്‍ മായാവതിക്ക് പ്രതീക്ഷകളും വാനോളമാണ്. 80ല്‍ 55-60 സീറ്റുകളാണ് സഖ്യം ഉറപ്പിക്കുന്നത്. 30 സീറ്റ് തനിച്ച് നേടാനാകുമെന്നാണ് മായാവതിയുടെ പ്രതീക്ഷ. തൂക്ക് സഭയുണ്ടായാല്‍ രാജ്യത്തെ ആദ്യത്തെ ദലിത് പ്രധാനമന്ത്രിയാകാന്‍ അവസരം ലഭിക്കും എന്ന പ്രതീക്ഷയിലാണവര്‍.

ദേശീയ തലത്തില്‍ കോണ്‍ഗ്രസ്സിനും ബി.ജെ.പിക്കും ഉണ്ടാകുന്ന നഷ്ടം നേട്ടമാക്കാനാണ് മമത ബാനര്‍ജിയുടെയും നീക്കം.

ഒരിക്കല്‍ കൂടി 30ല്‍ ഏറെ സീറ്റുകള്‍ ബംഗാളില്‍ നിന്നും തൃണമൂലിന് ലഭിക്കുമെന്നതാണ് ദീദിയുടെ പ്രതീക്ഷ. വ്യക്തിപരമായി അടുപ്പമുള്ള അരവിന്ദ് കെജ്‌രിവാള്‍, തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖരറാവു, ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു എന്നിവര്‍ മമതയുടെ പേര് മുന്നോട്ട് വയ്ക്കാനുള്ള സാധ്യതയും ഉണ്ട്. ബി.ജെ.പിയെ പുറത്ത് നിര്‍ത്താന്‍ മമതയെ ആയാലും മായാവതിയെയായാലും പിന്തുണക്കാന്‍ കോണ്‍ഗ്രസ്സ് എന്തായാലും നിര്‍ബന്ധിതമാകും. ഈ സാഹചര്യം മുന്നില്‍ക്കണ്ട് ഒഴിവാക്കാനും പരമാവധി സീറ്റുകള്‍ നേടി യു.പി.എക്ക് ഭൂരിപക്ഷം ലഭിക്കുന്നതിനും വേണ്ടിയാണ് കോണ്‍ഗ്രസ്സ് യുപിയില്‍ തന്നെ ഒറ്റക്ക് മത്സരിക്കുന്നത്.

കോണ്‍ഗ്രസ്സ് ഇതര പ്രതിപക്ഷ കക്ഷികള്‍ 125 സീറ്റുകള്‍ നേടുകയും യു.പി.എക്ക് 150 സീറ്റുകള്‍ ലഭ്യമാകുകയും ചെയ്താല്‍ മൂന്നാം ബദലിന് സാധ്യത കൂടുതലാണ്.

എന്നാല്‍ ഇത്തരമൊരു സാഹചര്യമുണ്ടായാല്‍ തന്നെ മമത പ്രധാനമന്ത്രിയാകാന്‍ മായാവതിയും മായാവതി പ്രധാനമന്ത്രിയാകാന്‍ മമതയും ആഗ്രഹിക്കില്ലെന്ന കണക്ക് കൂട്ടലിലാണ് ബി.ജെ.പി. മമത കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച മഹാറാലിയില്‍ ക്ഷണമുണ്ടായിട്ടും മായാവതി പങ്കെടുത്തിരുന്നില്ല എന്നതും ബി.ജെ.പിയെ സംബന്ധിച്ച് പ്രതീക്ഷ നല്‍കുന്ന ഘടകമാണ്.

മൂന്നാം ചേരിയില്‍ നിന്നും മായാവതി, വൈ.എസ്.ആര്‍ കോണ്‍ഗ്രസ്സ്, ബിജു ജനതാദള്‍ തുടങ്ങിയ പാര്‍ട്ടികളുടെ അപ്രതീക്ഷിത പിന്തുണയും ബി.ജെ.പി പ്രതീക്ഷിക്കുന്നുണ്ട്.

മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസ്സ് പോലും വാജ്‌പേയി മന്ത്രിസഭയില്‍ അംഗമായിരുന്നതും ബി.ജെ.പി നേതൃത്വം ചൂണ്ടിക്കാട്ടുന്നു.

ഏറ്റവും വലിയ ഒറ്റകക്ഷിയായി ബി.ജെ.പി മാറുന്നതോടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ രാഷ്ട്രപതി ക്ഷണിക്കുമെന്നും ഈ ഘട്ടത്തില്‍ പ്രാദേശിക പാര്‍ട്ടികള്‍ കളം മാറ്റി ചവിട്ടുമെന്നുമാണ് കാവി പടയുടെ പ്രതീക്ഷ.

political reporter

Top