കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഇന്ത്യ ഇപ്പോള്‍ ഭരിക്കുന്നത് ഹിറ്റ്ലറെക്കാളും മുസോളിനിയേക്കാളും വലിയ ഏകാധിപതിയാണെന്നും അവര്‍ ജനങ്ങളെ വെറുപ്പ് പഠിപ്പിക്കുകയാണെന്നും മമത പറഞ്ഞു.
ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തിരഞ്ഞെടുപ്പ് പദ്ധതികള്‍ തയാറാക്കുന്നതിനായി വിളിച്ചുചേര്‍ത്ത യോഗത്തിലാണ് മമതയുടെ വിമര്‍ശനം.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബംഗാളിലെ ആകെയുള്ള 42 സീറ്റുകളും നേടുകയാണ് തൃണമൂല്‍ കോണ്‍ഗ്രസ് ലക്ഷ്യമെന്നും, അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ സീറ്റുകളുടെ എണ്ണം 150-ല്‍ താഴെയായി കുറയുമെന്നും മമത അഭിപ്രായപ്പെട്ടു.
സഭയില്‍ ബിജെപിക്ക് കൂടുതല്‍ അംഗങ്ങള്‍ ഉണ്ടെങ്കിലും പുറത്ത് അവരുടെ സഖ്യകക്ഷികളുടെ എണ്ണം കുറഞ്ഞുവരികയാണെന്നും, വെള്ളിയാഴ്ച ലോക്സഭയില്‍ എഐഎഡിഎംകെ ബിജെപിയെ പിന്തുണച്ചിരുന്നു. എന്നാല്‍, ജയലളിതയുണ്ടായിരുന്നെങ്കില്‍ ഇത് നടക്കില്ലായിരുന്നെന്നും മമത ചൂണ്ടിക്കാട്ടി.