കൊല്‍ക്കത്ത: ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ ട്രംപ് അനുകൂലികളെപ്പോലെ പെരുമാറുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ‘തെരഞ്ഞെടുപ്പില്‍ ബി.ജെ.പി തോല്‍ക്കുന്ന ദിവസം പാര്‍ട്ടി പ്രവര്‍ത്തകര്‍ ട്രംപ് അനുകൂലികളെ പോലെയാകും പെരുമാറുക. എല്ലാ ചവറുകളും നിക്ഷേപിക്കാനുള്ള ഒരു പ്രസ്ഥാനമായി ബി.ജെ.പി മാറിക്കഴിഞ്ഞു. മറ്റ് പാര്‍ട്ടികളില്‍ നിന്ന് പുറത്താക്കപ്പെട്ടവരോ, സ്വഭാവദൂഷ്യമുള്ളവരോ, അഴിമതിക്കാരോ ആയ നേതാക്കളെ തങ്ങളുടെ പാര്‍ട്ടിയിലേക്ക് ക്ഷണിക്കുകയാണ് ബി.ജെ.പി ഇപ്പോള്‍ ചെയ്യുന്നത്’ മമത പറഞ്ഞു.
പല പാര്‍ട്ടികളില്‍ നിന്നെത്തിയ അഴിമതിക്കാരായ നേതാക്കളെ വെളുപ്പിച്ചെടുത്ത് മഹാന്‍മാരായും പുണ്യാത്മാക്കളായും അവതരിപ്പിക്കുകയാണ് ബി.ജെ.പിയുടെ പ്രധാന ജോലിയെന്നും മമത കുറ്റപ്പെടുത്തി. പറഞ്ഞു. അതേസമയം, ബംഗാള്‍ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ തൃണമൂലിനെതിരെ ശക്തമായ പ്രചാരണവുമായി ബി.ജെ.പി രംഗത്തെത്തിയിട്ടുണ്ട്. തൃണമൂലില്‍ നിന്ന് പല നേതാക്കളും ബി.ജെ.പിയിലേക്ക് പോയതും വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മന്ത്രിമാരടക്കമുള്ള തൃണമൂല്‍ നേതാക്കളുടെ രാജി പാര്‍ട്ടിക്ക് തലവേദയായിട്ടുണ്ട്. നേരത്തെ രാജിവെച്ച സുവേന്തു അധികാരി ബി.ജെ.പിയില്‍ ചേര്‍ന്നത് മമതാ ബാനര്‍ജിക്ക് തിരിച്ചടിയായിരുന്നു. സുവേന്തുവിനൊപ്പം തൃണമൂലില്‍ നിന്നും മറ്റു പാര്‍ട്ടികളില്‍ നിന്നുമുള്ള പത്തോളം നേതാക്കളാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. സുവേന്തുവിന്റെ സഹോദരനായ സൗമേന്തു അധികാരിയും 14 തൃണമൂല്‍ കൗണ്‍സിലര്‍മാരും കഴിഞ്ഞ ദിവസം ബി.ജെ.പി അംഗത്വം സ്വീകരിച്ചിരുന്നു.