ആ കുടക്കീഴില്‍ തന്നെയാണ് അഭയവും ! ന്യൂനപക്ഷങ്ങള്‍ക്കും കാര്യം മനസ്സിലായി

ചിലര്‍ അങ്ങനെയാണ് അനുഭവിക്കുമ്പോഴാണ് പാഠം പഠിക്കുക. അത്തരമൊരു അവസ്ഥയിലാണ് ബംഗാളിലെ ന്യൂനപക്ഷ സമൂഹമിപ്പോള്‍. ഇടതുപക്ഷത്തെ തകര്‍ത്ത് ബംഗാളില്‍ മുന്നേറാന്‍ മമതയുടെ തൃണമുലിന് വളമേകിയ ന്യൂനപക്ഷ വിഭാഗമാണിപ്പോള്‍ പരിഭ്രാന്തരായിരിക്കുന്നത്. ഏതു നിമിഷവും ബംഗാള്‍ സര്‍ക്കാറിനെ കേന്ദ്രം പിരിച്ച് വിടുമെന്നും കാവി ആധിപത്യം ബംഗാളില്‍ വരുമെന്നും അവര്‍ ശരിക്കും ഭയക്കുന്നുണ്ട്.

സി.പി.എമ്മിനെയും ഇടതുപക്ഷത്തെയും ഉന്‍മൂലനം ചെയ്യാനുള്ള മമതയുടെ അജണ്ടയാണ് കാവി മുന്നേറ്റത്തിന് വഴി ഒരിക്കിയതെന്ന് പ്രമുഖ മുസ്ലിം നേതാക്കള്‍ തന്നെ ഇപ്പോള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ചുവപ്പിനെ അടിച്ചമര്‍ത്തി ഭരണം മുന്നോട്ട് കൊണ്ടുപോകാന്‍ മമതയെ അനുവദിക്കരുതായിരുന്നു എന്നതാണ് ഈ വിഭാഗത്തില്‍ ഇപ്പോള്‍ രൂപപ്പെട്ടിരിക്കുന്ന ഉള്‍വിളി.

കേന്ദ്ര അധികാരത്തിന്റെ പവറില്‍ തൃണമൂലിനെ ചെറുക്കാന്‍ ബി.ജെ.പി ഇറങ്ങിയതാണ് ഇടതുപക്ഷ വോട്ട് ബാങ്കില്‍ പോലും വിള്ളല്‍ വീഴാന്‍ കാരണമായിരുന്നത്. ന്യൂനപക്ഷ വിഭാഗങ്ങള്‍ മാത്രമല്ല, ചുവപ്പിനെ മാത്രം പിന്തുണച്ച് വന്നിരുന്ന പരമ്പരാഗത വിഭാഗവും ആക്രമണം ഭയന്ന് ബി.ജെ.പിക്ക് വോട്ട് ചെയ്യുന്ന സാഹചര്യം വരെ ഉണ്ടായി. ഇതാണ് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വലിയ വിജയം ബി.ജെ.പിക്ക് സാധ്യമാക്കിയത്. മമതയും ബി.ജെ.പിയും ഇവിടെ ഭയത്തിന്റെ രാഷ്ട്രീയമാണ് ഇപ്പോള്‍ പയറ്റുന്നത്. നേരിന്റെ രാഷ്ട്രീയം പറഞ്ഞ ഇടതു പക്ഷത്തിനാണ് ഇതോടെ തിരിച്ചടി കിട്ടിയത്.

ഇപ്പോഴത്തെ സംഭവ വികാസങ്ങളോടെ ഏത് നിമിഷവും മമത സര്‍ക്കാര്‍ വീഴുമെന്ന അവസ്ഥയാണുള്ളത്. ഗവര്‍ണര്‍ ഭരണം വരാനാണ് സാധ്യത. ഗവര്‍ണര്‍ ഭരണത്തിനു കീഴില്‍ തെരഞ്ഞെടുപ്പ് നടത്തി ബംഗാള്‍ പിടിക്കാനാണ് ബി.ജെ.പി നീക്കം. ഇതിനാവശ്യമായ കരുക്കളാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കി കൊണ്ടിരിക്കുന്നത്. ബി.ജെ.പിക്ക് അവസരമൊരുക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ്സുകാര്‍ തന്നെ അക്രമം നടത്തി ശരിക്കും സാഹചര്യം ഉണ്ടാക്കി കൊടുക്കുന്നുമുണ്ട്. സംസ്ഥാന പൊലീസിന് അടിച്ചമര്‍ത്താന്‍ പറ്റാത്ത രൂപത്തില്‍ അക്രമം ബംഗാളില്‍ വ്യാപിക്കുകയാണ്. സാമുദായികമായ ചേരിതിരിവും ഇവിടെ പ്രകടമാണ്.

ഇതിനിടെ ബംഗാളിലെ മമത സര്‍ക്കാരിനെതിരെ കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയും ഇപ്പോള്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. നിലവില്‍ നടക്കുന്നതും ഇതിനു മുന്‍പ് നടന്നതുമായ സംഭവങ്ങള്‍ ഉള്‍പ്പെടുത്തി വിശദമായ റിപ്പോര്‍ട്ടാണ് കേന്ദ്ര സര്‍ക്കാറിന് ഐ.ബി ഡയറക്റ്ററേറ്റ് സമര്‍പ്പിച്ചിരിക്കുന്നത്. കൊലപാതകങ്ങള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പ്രത്യേക സംഘത്തെ തന്നെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ബംഗാളിലേക്ക് അയച്ചിട്ടുമുണ്ട്. ഐ.ബി റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാകും വിശദമായ റിപ്പോര്‍ട്ട് അന്വേഷണ സംഘം തയ്യാറാക്കുക. ഇതിനു ശേഷം എപ്പോള്‍ വേണമെങ്കിലും ഗവര്‍ണറുടെ റിപ്പോര്‍ട്ട് കൂടി തേടി മമത സര്‍ക്കാരിനെ പിരിച്ച് വിടാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിയും.

അതേ സമയം 24 നോര്‍ത്ത് പര്‍ഗനാസ് ജില്ലയില്‍ വീണ്ടും ബോംബ് ആക്രമണവും കൊലപാതകങ്ങളും അരങ്ങേറിയത് സ്ഥിതി കൂടുതല്‍ വഷളാക്കിയിട്ടുണ്ട്. സംസ്ഥാന പൊലീസിന് അക്രമണം അടിച്ചമര്‍ത്താന്‍ പറ്റാത്ത സാഹചര്യമാണുള്ളത്. ബംഗാളില്‍ ഇപ്പോള്‍ നടക്കുന്നത് ആസൂത്രിത ആക്രമണമാണെന്നാണ് മുഖ്യമന്ത്രി മമത ബാനര്‍ജി ആരോപിക്കുന്നത്. രഹസ്യ പദ്ധതിയുടെ ഭാഗമായാണ് പ്രത്യേക സംഘത്തെ ബംഗാളിലേക്ക് കേന്ദ്രം അയച്ചതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

കാര്യങ്ങള്‍ എന്തായാലും മമത സര്‍ക്കാര്‍ ഇപ്പോള്‍ നൂലിലൂടെയാണ് സഞ്ചരിക്കുന്നത്. ഏത് നിമിഷവും പിരിച്ചു വിടാപ്പെടാവുന്ന അവസ്ഥയാണ് നിലവിലുള്ളത്. ചുവപ്പിന് മേല്‍ ആധിപത്യം സ്ഥാപിച്ച മമതക്ക് മേല്‍ കാവി രാഷ്ട്രീയം ആധിപത്യം പുലര്‍ത്തുന്നതോടെ ബംഗാളിന്റെ മുഖം തന്നെ ഇനി മാറും. അത് ഏത് രൂപത്തിലാകും എന്ന ആശങ്ക പരക്കെ പ്രകടമാണ്. ഇടതുപക്ഷം ഭരിക്കുമ്പോള്‍ ഒറ്റ വര്‍ഗ്ഗീയ കലാപം പോലും ബംഗാളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നില്ല. ഒരു ആള്‍ക്കൂട്ട കൊലപാതകവും നടക്കാന്‍ സമ്മതിച്ചിരുന്നുമില്ല. എന്നാല്‍ ഒറ്റപ്പെട്ട സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി അവിടെ ചുവപ്പ് വധം നടപ്പാക്കുകയാണ് ചെയ്തിരുന്നത്. അതിന് കൂട്ടു നിന്ന ന്യൂനപക്ഷ വിഭാഗമാണിപ്പോള്‍ ശരിക്കും പകച്ച് നില്‍ക്കുന്നത്.

ഇടതുപക്ഷം ബംഗാള്‍ ഭരിച്ചിരുന്നപ്പോള്‍ കാവി രാഷ്ട്രീയം എന്നും പടിക്ക് പുറത്തായിരുന്നു എന്ന യാഥാര്‍ത്ഥ്യം ഇപ്പോഴാണ് അവര്‍ തിരിച്ചറിയുന്നത്. ഗുജറാത്ത് കലാപത്തിന്റെ ഇരയായ കുത്തുബുദ്ദിന്‍ അന്‍സാരിക്ക് അഭയം നല്‍കിയതും ബംഗാളിലെ ഇടതുപക്ഷ സര്‍ക്കാറായിരുന്നു. അവിടെ തൃണമുല്‍ ആധിപത്യം വന്നതോടെയാണ് കാവി രാഷ്ട്രീയം കരുത്താര്‍ജിച്ചത്. ത്രിപുരയിലും സ്ഥിതി വ്യത്യസ്തമല്ല. മുഖ്യ പ്രതിപക്ഷമായിരുന്ന കോണ്‍ഗ്രസ്സ് നേതൃത്വം ഒന്നാകെ കാവിയണിഞ്ഞപ്പോള്‍ അവിടെയും ബി.ജെ.പിക്ക് ആധിപത്യം ഉറപ്പിക്കാന്‍ കഴിഞ്ഞു.

ചുവപ്പിന്റെ അസ്തമയം എത്രമാത്രം പ്രത്യാഘാതം സൃഷ്ടിക്കും എന്നതിന്റെ നേര്‍കാഴ്ചയാണ് ഇതെല്ലാം ചൂണ്ടിക്കാണിക്കുന്നത്. ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്ന് നിന്നാല്‍ മാത്രമേ രക്ഷയുള്ളൂ എന്ന തിരിച്ചറിവിലേക്ക് വൈകിയെങ്കിലും ബംഗാളിലെ ഒരു വിഭാഗം ഇപ്പോള്‍ എത്തിചേര്‍ന്നിട്ടുണ്ട്. ഈ പുനര്‍വിചിന്തനം എങ്ങനെ വോട്ടിങ്ങില്‍ പ്രകടമാകും എന്നതിനെ ആശ്രയിച്ചായിരിക്കും ഇനി ബംഗാളിന്റെ ഭാവി.

കേരളത്തിലും കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഒരു വിഭാഗം ന്യൂനപക്ഷങ്ങള്‍ കൈവിട്ടതോടെ ചുവപ്പിന് വലിയ നഷ്ടമുണ്ടായി. ഈ നഷ്ടം യു.ഡി.എഫിന് ഉണ്ടാക്കിയ നേട്ടം കാവിക്ക് ഗുണകരമാവുന്ന കാലവും ഇനി വിദൂരമാകില്ല. ഇക്കാര്യം ന്യൂനപക്ഷ വിഭാഗങ്ങള്‍ ഓര്‍ക്കുന്നത് നല്ലതാണ്.

ബംഗാള്‍ സര്‍ക്കാറിനെ മോദി സര്‍ക്കാര്‍ പിരിച്ചുവിട്ടാലും ഇല്ലെങ്കിലും അന്നും ഇന്നും സംഘപരിവാറിന്റെ കടുത്ത ശത്രു കമ്യൂണിസ്റ്റുകളാണ്. സി.പി.എം നേതാക്കളാണ്. അതില്‍ നമ്പര്‍ വണ്ണാണ് പിണറായി വിജയന്‍. മമതക്കെതിരെ ദേശവ്യാപകമായ ഒരു പ്രതിഷേധവും ഇന്നു വരെ സംഘപരിവാര്‍ നടത്തിയിട്ടില്ല. തലയ്ക്ക് ഒരു നേതാവും ഇനാം പ്രഖ്യാപിച്ചിരുന്നുമില്ല, അതെല്ലാം സി.പി.എമ്മിനും പിണറായിക്കും നേരെയാണ് ഉണ്ടായിരുന്നത്. ബംഗാളില്‍ ഇതുവരെ കേന്ദ്ര മന്ത്രി പടയെ ഇറക്കി അമിത് ഷാ പ്രതിഷേധ ജാഥ നടത്തിയിട്ടില്ല, അത് നടന്നതും കേരളത്തിലെ പിണറായി സര്‍ക്കാറിനെതിരെയാണ്. മമതയുടെ സഞ്ചാരസ്വാതന്ത്രവും ഇതുവരെ സംഘ പരിവാര്‍ തടഞ്ഞിട്ടില്ല. തടയാന്‍ ശ്രമിച്ചത് മുഖ്യമന്ത്രി പിണറായിയെയാണ്. ആര്‍.എസ്.എസ് ദേശീയ നേതൃത്വത്തിന്റെ കണ്ണിലെ കരട് ഇപ്പോഴും മമതയല്ല, അത് പിണറായി ഉള്‍പ്പെടെയുള്ള കമ്യൂണിസ്റ്റ് നേതാക്കളാണ്. മമതയുടെ തൃണമൂലിന്റെ കേന്ദ്ര ഓഫീസല്ല സി.പി.എമ്മിന്റെ കേന്ദ്ര ഓഫീസാണ് സംഘ പരിവാറുകാര്‍ അടിച്ചു തകര്‍ത്തത്. മര്‍ദ്ദനമേറ്റതും മമതയ്ക്കല്ല, അത് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കാണ്. പി.ബി അംഗം മുഹമ്മദ് സലീമിനുമാണ്. പ്രതിരോധത്തിലും വേണ്ടത് ആശയപരമായ അടിത്തറയാണ്.

മമതയുടെ ചെപ്പടി വിദ്യയല്ല കാവി രാഷ്ട്രീയത്തിനെതിരെ കമ്യൂണിസ്റ്റുകള്‍ പയറ്റുന്നത്. അത് പ്രത്യായ ശാസ്ത്രത്തില്‍ അടിയുറച്ച് നിന്നുള്ള പ്രതിരോധമാണ്. അതിനു മാത്രമേ ആത്യന്തികമായി ഈ വെല്ലുവിളിയെ ചെറുക്കാന്‍ കഴിയൂ. ഇനിയും ഇക്കാര്യം ന്യൂനപക്ഷ വിഭാഗങ്ങള്‍ തിരിച്ചറിഞ്ഞില്ലങ്കില്‍ വിനാശകാലേ വിപരീത ബുദ്ധി എന്ന് കേരളത്തിലും പറയേണ്ടി വരുന്ന കാലം വിദൂരമല്ല.

Political Reporter

Top