ഒരു താരതമ്യം രമേശ് ചെന്നിത്തലയും മമത ബാനര്‍ജിയും തമ്മില്‍ സാധ്യമല്ലെങ്കിലും ചില യാഥാര്‍ത്ഥ്യങ്ങള്‍ വ്യക്തമാണ്. അതില്‍ പ്രധാനം രമേശ് ചെന്നിത്തല ആയിരുന്നു മമതയുടെ നേതാവ് എന്നത് തന്നെയാണ്.
യൂത്ത് കോണ്‍ഗ്രസ്സ് അഖിലേന്ത്യാ അദ്ധ്യക്ഷനായി രമേശ് ചെന്നിത്തല പ്രവര്‍ത്തിച്ച കാലഘട്ടത്തില്‍ അദ്ദേഹത്തിനു കീഴില്‍ ബംഗാള്‍ ഘടകം സംസ്ഥാന അദ്ധ്യക്ഷയായിരുന്നു മമത ബാനര്‍ജി. സാറേ എന്നു വിളിച്ച് ചെന്നിത്തലയുടെ പിന്നാലെ നടന്ന വനിതാ നേതാവ് ഇപ്പോള്‍ രാജ്യത്തെ ഭരണാധികാരികളെ ഞെട്ടിക്കുമ്പോള്‍ ഒരു പൊലീസുകാരനെ പോലും വിറപ്പിക്കാന്‍ ശേഷിയില്ലാതെ ഇരിക്കുകയാണ് പഴയ യൂത്ത് കോണ്‍ഗ്രസ്സ് സിംഹം.
കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും അശക്തനായ പ്രതിപക്ഷ നേതാവിന്റെ പട്ടികയിലാണ് രമേശ് ചെന്നിത്തലക്ക് ഇപ്പോഴുള്ള സ്ഥാനം. പ്രതിപക്ഷ നേതൃസ്ഥാനത്ത് സാക്ഷാല്‍ വി.എസ് അച്യുതാനന്ദന്‍ ഇരുന്ന് ഭരണകൂടത്തെ വിറപ്പിച്ച കസേരയാണിതെന്ന് കൂടി ഓര്‍ക്കണം.
സ്വന്തം മുന്നണിയില്‍ പോലും ശക്തമായ പിന്തുണ തേടാന്‍ കഴിയാതെ ചെന്നിത്തല ഉഴലുമ്പോള്‍ രാജ്യത്തെ സി.പി.എം ഒഴികെയുള്ള പ്രതിപക്ഷ പാര്‍ട്ടികളെ ഒപ്പം നിര്‍ത്തിയാണ് മമത വിലസുന്നത്.
യൂത്ത് കോണ്‍ഗ്രസ്സ് അഖിലേന്ത്യാ അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും എം.പിയായും സംസ്ഥാന മന്ത്രിയായും ഇപ്പോള്‍ പ്രതിപക്ഷ നേതാവായും ചെന്നിത്തല ചുരുങ്ങിയെങ്കില്‍ മമതയുടെ വളര്‍ച്ച റോക്കറ്റ് വേഗത്തില്‍ ആയിരുന്നു.
കോണ്‍ഗ്രസ്സ് വേഷം അഴിച്ച് വച്ച് ബംഗാളില്‍ ഇടതുപക്ഷത്തിനെതിരെ പട നയിച്ച് വീര നായികയായി ബംഗാള്‍ ഭരണം പിടിച്ച മമത ഇപ്പോള്‍ ദേശീയ ഭരണം പിടിക്കാനുള്ള ശ്രമങ്ങളാണ് നടത്തി വരുന്നത്. പ്രതിപക്ഷത്തിന് ഭൂരിപക്ഷം ലഭിച്ചാല്‍ വിലപേശല്‍ രാഷ്ട്രീയത്തിലൂടെ പ്രധാനമന്ത്രി പദമാണ് അവര്‍ ലക്ഷ്യമിടുന്നത്.
കോണ്‍ഗ്രസ്സ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കളെ ബംഗാളിന്റെ മണ്ണില്‍ എത്തിക്കാനും അവരുടെ തന്ത്രപരമായ നീക്കത്തിന് കഴിഞ്ഞു. അന്നും ഇന്നും മമതയോട് വിട്ടു വീഴ്ച ഇല്ലാതെ പോരാടുന്ന ഒരു പാര്‍ട്ടിയേ ഒള്ളൂ. അതാണ് സി.പി.എം.
ഇപ്പോഴത്തെ മമതയുടെ ശത്രു ബി.ജെ.പി പോലും ഒരു കാലത്ത് അവരുടെ അടുത്ത മിത്രമായിരുന്നു. വാജ്‌പേയി നയിച്ച എന്‍.ഡി.എ മന്ത്രിസഭയില്‍ അംഗമായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസ്സ്.
പഴയ യൂത്ത് കോണ്‍ഗ്രസ്സ് വീര്യം പതിന്മടങ്ങ് ജീവിതത്തില്‍ പകര്‍ത്തിയാണ് മമത ഇപ്പോള്‍ പോരാട്ടം നടത്തുന്നത്. ചെന്നിത്തലക്ക് എതിരാളികളോടുള്ള മമതയൊന്നും പക്ഷെ, മമതക്ക് ശത്രുപക്ഷത്തിനോടില്ല. ഒരേ കളരിയില്‍ ഒരേ സമയം ഒരുമിച്ച് പഠിച്ചിറങ്ങിയ രണ്ട് നേതാക്കളുടെ ഇപ്പോഴത്തെ അവസ്ഥയാണിത്.
മമത പ്രധാനമന്ത്രിയെ വെല്ലുവിളിക്കുമ്പോഴും സി.ബി.ഐ ഉദ്യോഗസ്ഥരെ അകത്താക്കിച്ചപ്പോഴുമെല്ലാം ഒരു പക്ഷേ ചെന്നിത്തലയുടെ മനസ്സ് പോലും കിടുങ്ങിയിട്ടുണ്ടായിട്ടുണ്ടാകും.
മമതയെ പോലെ മുഖ്യമന്ത്രി ഒന്നും ആയില്ലെങ്കിലും ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ പൊലീസ് ഭരണം നടത്തിയ മന്ത്രി ആയിരുന്നല്ലോ ചെന്നിത്തലയും.
രമേശ് ചെന്നിത്തല മൂന്ന് പ്രാവശ്യമാണ് പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നത്. കൂടാതെ സംസ്ഥാന കാബിനറ്റ് മന്ത്രി പദം രണ്ട് തവണ വഹിച്ചിട്ടുമുണ്ട്. 1970-ല്‍ ചെന്നിത്തല ഹൈസ്‌കൂളിലെ കെ.എസ്.യു.വിന്റെ യൂണിറ്റ് സെക്രട്ടറിയായിരുന്ന ‘പയ്യന്‍’ 2005-ല്‍ കേരളത്തിലെ കോണ്‍ഗ്രസിന്റെ അധ്യക്ഷ പദവിയിലേക്കും എത്തി. 2014 ജനുവരി 2 നാണ് ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ രമേശ് പൊലീസ് മന്ത്രിയായത്.
15-ാം വയസ്സിലാണ് മമത ബാനര്‍ജി രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. കെ.എസ്.യുവിന്റേയും യൂത്ത് കേണ്‍ഗ്രസിന്റേയും വിവിധ പദവികള്‍ പഠനകാലം മുതല്‍ തന്നെ അവര്‍ ഏറ്റെടുത്തു. പിന്നീട് ബംഗാള്‍ യൂത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷയായി ചെന്നിത്തലയുടെ കീഴില്‍ എത്തി. പ്രമുഖ സിപിഎം നേതാവ് സോമനാഥ് ചാറ്റര്‍ജിയെ പരാജയപ്പെടുത്തിയാണ് ഇവര്‍ പാര്‍ലമെന്റിലേയ്ക്ക് കാലെടുത്തുവയ്ക്കുന്നത്. നരസിംഹ റാവു മന്ത്രിസഭയില്‍ മമത മന്ത്രിയായിരുന്നു.
1997 ല്‍ കോണ്‍ഗ്രസുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്ന് തൃണമൂല്‍ കോണ്‍ഗ്രസ് രൂപീകരിച്ചു. 1999ല്‍ എന്‍ഡിഎയുമായി കൈ കോര്‍ത്ത് റെയ്ല്‍വേ മന്ത്രിയായി. 2001 ല്‍ തെഹല്‍ക വിഷയത്തില്‍ എന്‍ഡിഎയില്‍ നിന്ന് പുറത്തു പോയി. എന്നാല്‍, 2004ല്‍ തിരിച്ച് എന്‍ഡിഎയില്‍ തന്നെ എത്തി കല്‍ക്കരി മന്ത്രിയായി. അന്ന് മമത മാത്രമായിരുന്നു തൃണമൂലില്‍ നിന്ന് പാര്‍ലമെന്റില്‍ എത്തിയത്.
എന്നാല്‍ പിന്നീടങ്ങോട്ട് ബംഗാളില്‍ മമത യുഗമായിരുന്നു. രാഷ്ടീയ ഇന്ത്യയെ ഞെട്ടിച്ചാണ് ബംഗാള്‍ ഭരണം മമതയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ് പിടിച്ചെടുത്തിരുന്നത്.