ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ സംഘര്‍ഷത്തില്‍ പന്ത് കേന്ദ്ര സര്‍ക്കാറിന്റെ ക്വാര്‍ട്ടില്‍ ! ബിര്‍ഭൂം കൂട്ടക്കൊലക്കേസില്‍ അന്വേഷണം ഏറ്റെടുത്ത സിബിഐ അറസ്റ്റ് ആരംഭിച്ചതോടെ മമത ബാനര്‍ജിയും തൃണമൂല്‍ കോണ്‍ഗ്രസ്സും ശരിക്കും പ്രതിരോധത്തില്‍ ആയിരിക്കുകയാണ്. ഡിഐജി അഖിലേഷ് സിംഗിന്റെ നേതൃത്വത്തിലുള്ള സി.ബി.ഐ സംഘമാണ് സംഭവസ്ഥലത്തെത്തി തുടര്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കി വരുന്നത്. ന്യൂഡല്‍ഹിയില്‍ നിന്നുള്ള കേന്ദ്ര ഫൊറന്‍സിക് സംഘവും സ്ഥലത്ത് ക്യാംപ് ചെയ്ത് പരിശോധന നടത്തുണ്ട്.ഇതും, കോടതി നിര്‍ദ്ദേശപ്രകാരമാണ്. അതായത് സംസ്ഥാന സര്‍ക്കാറിന്റെ ഒരു സംവിധാനത്തെയും അടുപ്പിക്കാതെയാണ് സി.ബി.ഐ അന്വേഷണം മുന്നോട്ട് കൊണ്ടു പോകുന്നത്.
എട്ട് പേരെ തീകൊളുത്തിക്കൊന്ന സംഭവത്തില്‍ 21 പേരാണ് ഇതുവരെ അറസ്റ്റിലായിരിക്കുന്നത്. ബംഗാള്‍ പൊലീസ് അറസ്റ്റ് ചെയ്തവര്‍ക്കെതിരെയും സി.ബി.ഐ കലാപ കുറ്റവും ചുമത്തിയിട്ടുണ്ട്. എല്ലാവരും തൃണമൂല്‍ പ്രവര്‍ത്തകരും നേതാക്കളുമാണ്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഭാദു ഷെയ്ഖിന്റെ കൊലയ്ക്കുള്ള പ്രതികാരമായിട്ടാണ് കൂട്ടക്കൊല അരങ്ങേറിയത്. ഇരു ഭാഗത്തും തൃണമൂല്‍ പ്രവര്‍ത്തകരായതാണ് മമത ഭരണകൂടത്തെ പ്രതിസന്ധിയിലാക്കിയിരുന്നത്.
സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയുള്ളവരെ അക്രമികള്‍ മര്‍ദിക്കുകയും ജീവനോടെ തീവയ്ക്കുകയും ചെയ്ത സംഭവം നാടിനെ ആകെയാണ് നടുക്കിയിരുന്നത്. സംഭവത്തില്‍ പിടിയിലായവരില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അനാറുല്‍ ഹുസ്സൈന്‍ അടക്കമുള്ളവരും ഉള്‍പ്പെടുന്നുണ്ട്. കൂട്ടക്കൊല ഗൂഢാലോചനയില്‍ തൃണമൂല്‍ ഉന്നത നേതാക്കള്‍ ബന്ധപ്പെട്ടിട്ടുണ്ടോ എന്നതും സി.ബി.ഐ അന്വേഷിക്കുന്നുണ്ട്. കുറ്റകൃത്യത്തില്‍ പ്രത്യക്ഷത്തില്‍ പങ്കെടുത്തവരെ മാത്രമല്ല, പരോക്ഷമായി സഹായിച്ചവരെയും പ്രതികളാക്കാനാണ് സി.ബി.ഐ നീക്കം. ഹൈക്കോടതി ഉത്തരവ് പ്രകാരമുള്ള അന്വേഷണമായതിനാല്‍ ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയിലാണ് ബംഗാള്‍ സര്‍ക്കാര്‍. സി.ബി.ഐ അന്വേഷണത്തെ സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തിട്ടും സി.ബി.ഐ അന്വേഷണത്തിന് കോടതി ഉത്തരവിട്ടതും മമത ഭരണകൂടത്തിന് അപ്രതീക്ഷിത പ്രഹരമാണ്. ഇനി ഈ കേസില്‍ അപ്പീല്‍ പോയാല്‍ പരാജയപ്പെടുമെന്നാണ് സര്‍ക്കാറിന് ലഭിച്ചിരിക്കുന്ന നിയമോപദേശം.
മുന്‍പ് പല തവണ സി.ബി.ഐയെ പ്രകോപിപ്പിച്ച മമത സര്‍ക്കാറിനെ പാഠം പഠിപ്പിക്കാന്‍ സി.ബി.ഐക്ക് ലഭിച്ച വലിയ അവസരമാണിത്. മുന്‍പ് ശാരദ ചിട്ടി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട്, കൊല്‍ക്കത്ത പൊലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ ചോദ്യം ചെയ്യാനെത്തിയ സിബിഐ സംഘത്തെ ബംഗാള്‍ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയും മമത ബാനര്‍ജി കുത്തിയിരിപ്പ് സമരം നടത്തുകയും ചെയ്തത് ദേശീയ തലത്തില്‍ തന്നെ വന്‍ വിവാദത്തിനാണ് തിരികൊളുത്തിയിരുന്നത്. ഒടുവില്‍ സുപ്രീം കോടതി ഇടപെട്ട് സംസ്ഥാനത്തിന് പുറത്ത് രാജീവ് കുമാറിനെ ചോദ്യം ചെയ്യാനുള്ള അവസരം ഉണ്ടാക്കുകയാണ് ചെയ്തിരുന്നത്. ഷില്ലോങ്ങിലാണ് അന്ന് ചോദ്യം ചെയ്യല്‍ അരങ്ങേറിയിരുന്നത്.
മറ്റൊരു സംഭവം നാരദ ഒളിക്യാമറ കേസാണ്. മമത ബാനര്‍ജി സര്‍ക്കാരിലെ 2 മന്ത്രിമാരും ഒരു എംഎല്‍എയുമടക്കം 4 പേരെയാണ് ഈ സംഭവവുമായി ബന്ധപ്പെട്ട് സിബിഐ അറസ്റ്റ് ചെയ്തിരുന്നത്.തുടര്‍ന്ന് തന്നെയും അറസ്റ്റ് വെല്ലുവിളിച്ചു പകല്‍ മുഴുവന്‍ മുഖ്യമന്ത്രി മമത സിബിഐ ഓഫിസില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുന്ന അസാധാരണ സാഹചര്യവുമുണ്ടായി.
പഞ്ചായത്ത്, ഗ്രാമവികസന മന്ത്രി സുബ്രത മുഖര്‍ജി, ഗതാഗത മന്ത്രി ഫിര്‍ഹാദ് ഹക്കീം, മുന്‍ ഗതാഗത മന്ത്രിയും എംഎല്‍എയുമായ മദന്‍ മിത്ര, തൃണമൂല്‍ വിട്ടു ബിജെപിയില്‍ ചേര്‍ന്ന ശേഷം സീറ്റ് ലഭിക്കാതെ പാര്‍ട്ടി വിട്ട മുന്‍ മന്ത്രിയും കൊല്‍ക്കത്ത മുന്‍ മേയറുമായ സോവന്‍ ചാറ്റര്‍ജി എന്നിവരെ സി.ബി.ഐ അറസ്റ്റ് ചെയ്തതാണ് ബംഗാള്‍ മുഖ്യമന്ത്രിയെ ചൊടിപ്പിച്ചിരുന്നത്.
4 പേര്‍ക്കും സിബിഐ പ്രത്യേക കോടതി നല്‍കിയ ജാമ്യം, അര്‍ധരാത്രിയോടെ തന്നെ കല്‍ക്കട്ട ഹൈക്കോടതി റദ്ദാക്കുകയും റിമാന്‍ഡു ചെയ്യാന്‍ ഉത്തരവിടുകയും ചെയ്തതും മമതക്ക് തിരിച്ചടിയായിരുന്നു. അന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് സിബിഐക്കു വേണ്ടി ഹാജരായിരുന്നത്. അതേ സമയം ഈ കേസില്‍ പ്രതികളായ ബിജെപി എംഎല്‍എമാര്‍ സുവേന്ദു അധികാരി, മുകുള്‍ റോയ് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നില്ല. ഇതില്‍ മുകുള്‍ റോയ് പിന്നീട് തൃണമൂലിലേക്ക് തന്നെ മടങ്ങുകയും, സുവേന്ദു ഇപ്പോഴും ബി.ജെ.പിയില്‍ തുടരുകയുമാണ് ചെയ്യുന്നത്. തൃണമൂല്‍ നേതാക്കളുടെ അറസ്റ്റിനെതിരെ വ്യാപക ആക്രമണമാണ് ബംഗാളില്‍ പ്രവര്‍ത്തകര്‍ അഴിച്ചു വിട്ടിരുന്നത്.
കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ ഉള്‍പ്പെടെ, പ്രചരണത്തിനെത്തിയ ബി.ജെ.പി ദേശീയ നേതാക്കളുടെ വാഹന വ്യൂഹങ്ങളും നിരവധി തവണയാണ് ആക്രമിക്കപ്പെടുന്ന സാഹചര്യമുണ്ടായിരുന്നത്. കേന്ദ്ര മന്ത്രിമാരോട് മാത്രമല്ല, പ്രധാനമന്ത്രിയോട് വരെ കടുപ്പിച്ചാണ് ബംഗാള്‍ ഭരണകൂടം പെരുമാറിയിരുന്നത്. ഇതിനെല്ലാം ഉള്ള ഒരു ഒന്നാന്തരം ‘പണി’യാണ് കൂട്ടക്കുരുതിയുടെ ‘മറവില്‍’ സി.ബി.ഐയും കേന്ദ്ര സര്‍ക്കാറും ഇപ്പോള്‍ നല്‍കാന്‍ പോകുന്നത്. മമത സര്‍ക്കാറിനെ സംബന്ധിച്ച് തീര്‍ച്ചയായും ഇത് ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളി തന്നെയാണ്.