ഐപിഎസ്സുകാരന്റെ ആത്മഹത്യ; മമതയ്ക്ക് എതിരെ സിബിഐ അന്വേഷണം വേണമെന്ന് ബിജെപി

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ഐപിഎസ് ഉദ്യോഗസ്ഥന്റെ ആത്മഹത്യക്ക് പിന്നില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയാണെന്ന ആരോപണവുമായി ബിജെപി. ഗൗരവ് ദത്ത എന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ മരണത്തില്‍ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി മമതയ്‌ക്കെതിരെ കേസ് എടുക്കണമെന്നും അന്വേഷണം സിബിഐയെ ഏല്‍പിക്കണമെന്നും ബിജെപി നേതാവ് മുകുള്‍ റോയി ആവശ്യപ്പെട്ടു.

ബംഗാളിന്റെ ചരിത്രത്തില്‍ ആദ്യമായാണ് മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്യുന്നതും സര്‍ക്കാരിന്റെ മേല്‍ പഴിചാരപ്പെടുന്നതും മുകുള്‍ റോയ് പറഞ്ഞു. പൊതുതിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ആത്മഹത്യാസംഭവം സര്‍ക്കാരിനെതിരെ ശക്തമായ രാഷ്ട്രീയായുധമായി പ്രയോഗിക്കാന്‍ ഒരുങ്ങുകയാണ് ബിജെപി.

1986 ലെ ഐപിഎസ് ബാച്ചുകാരനായ ഗൗരവ് ദത്തയെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇരു കൈകളിലേയും ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ജോലിയില്‍ നിന്ന് വിരമിച്ച ശേഷം ലഭിക്കാനുള്ള ആനുകൂല്യങ്ങളും ഉദ്യോഗസംബന്ധമായ അവകാശങ്ങളും മുഖ്യമന്ത്രി മമത ബാനര്‍ജി മനഃപൂര്‍വം തടഞ്ഞു വെച്ചിരിക്കുകയാണെന്ന് ഗൗരവിന്റെ ആത്മഹത്യാ കുറിപ്പില്‍ പറഞ്ഞിരുന്നു.

Top