ന്യൂഡല്‍ഹി: ഉത്തരകൊറിയന്‍ ഭരണാധികാരി കിങ് ജോങ് ഉന്നിന്റെ ബംഗാള്‍ പതിപ്പാണ് മമത ബാനര്‍ജിയെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. ബി.ജെ.പിയുടെ രഥയാത്രക്ക് ബംഗാളില്‍ മമതാ ബാനര്‍ജി അനുമതി നിഷേധിച്ചതിനെ തുടര്‍ന്നായിരുന്നു ഗിരിരാജ് സിങിന്റെ പ്രതികരണം.
കിമ്മിനെ പോലെ തന്നെ മമതയും തനിക്കെതിരെ ശബ്ദമുയര്‍ത്തുന്നവരെ കൊല്ലുന്നു, രാജ്യത്ത് ജനാധിപത്യമില്ലാത്ത ഒരേയൊരു സ്ഥലം പശ്ചിമ ബംഗാളാണെന്നും ഗിരിരാജ് മാധ്യമങ്ങളോട് പറഞ്ഞു. ജനാധിപത്യ രാജ്യത്ത് ആര്‍ക്കും എവിടെയും റാലി നടത്താം. അത് തടുക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും മന്ത്രി പറഞ്ഞു.
റാലി നടത്താന്‍ സര്‍ക്കാര്‍ അനുമതി നിഷേധിച്ചതിന്റെ പശ്ചാത്തലത്തില്‍ ഹൈകോടതിയെ സമീപിച്ച ബി.ജെ.പിക്ക് കഴിഞ്ഞ ആഴ്ച ഏകാംഗ ബെഞ്ച് അനുമതി നല്‍കിയിരുന്നു. പ്രദേശിക അധികൃതരോട് ക്രമസമാധാനം ഉറപ്പുവരുത്തണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കോടതിയുടെ ഈ വിധിയെ മമതാ ബാനര്‍ജി സര്‍ക്കാര്‍ രണ്ടംഗ ബെഞ്ചിനു മുമ്പാകെ ചോദ്യം ചെയ്യുകയായിരുന്നു.