കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഹിന്ദുക്കളെയും മുസ്ലീങ്ങളെയും വിഭജിക്കാനാണ് പരിശ്രമിക്കുന്നതെന്ന് ബി ജെ പി വക്താവ് രാഹുല്‍ സിന്‍ഹ.
മമതയുടെ ഈ തീരുമാനം ഒരിക്കലും അനുവദിച്ച് നല്‍കില്ലെന്നും അദ്ദേഹം പറഞ്ഞു.
വിജയദശമി ആഘോഷത്തിന്റെ ഭാഗമായി ദുര്‍ഗാ ദേവിയുടെ ബിംബങ്ങള്‍ ഹൂഗ്ലി നദിയിലടക്കം നിമജ്ജനം ചെയ്യുന്നതിനെ മമത വിലക്കിയതിനെതിരെയാണ് ബിജെപി രൂക്ഷമായി പ്രതികരിച്ചത്.
‘മമത വോട്ട് ബാങ്ക് മാത്രമാണ് ലക്ഷ്യമിടുന്നത്, ജനങ്ങളുടെ വിശ്വാസങ്ങളെയോ ആചാരങ്ങളെയോ അവര്‍ മുഖവിലക്കെടുക്കാറില്ല എന്നതിന് ഉത്തമ ഉദാഹരണമാണ് ഈ നടപടി. മമതയുടെ ഈ ഭിന്നിപ്പിക്കല്‍ നടപടിക്കെതിരെ സംസ്ഥാനത്തെ ജനങ്ങള്‍ തക്കതായ മറുപടി നല്‍കും. ഇതിനെതിരെ ഹൈക്കോടതിയെ സമിപിക്കുമെന്ന്’ ബിജെപി നേതാവ് സമ്പിത് പത്ര അറിയിച്ചു.
ഒക്ടോബര്‍ 1ന് മുഹറം ആഘോഷിക്കാനിരിക്കെ 30ന് നദികളില്‍ ദുര്‍ഗാ ദേവിയുടെ ബിംബങ്ങള്‍ നിമജ്ജനം ചെയ്യുവാന്‍ പാടില്ലെന്നാണ് മമതാ സര്‍ക്കാര്‍ വ്യക്തമാക്കിയത്.
മുഹറം ആഘോഷത്തിന്റെ പ്രാരംഭ നടപടികള്‍ തലേ ദിവസങ്ങളായി നടക്കുന്നുവെന്നതിനാലാണ് ഇത്തരത്തിലുള്ള നടപടി മമത സ്വീകരിച്ചത്.
കഴിഞ്ഞ വര്‍ഷവും മമതാ സര്‍ക്കാര്‍ ഇത്തരത്തില്‍ പ്രതിഷേധാര്‍ഹമായ നടപടി സ്വീകരിച്ചിരുന്നു. എന്നാല്‍ കൊല്‍ക്കത്ത ഹൈക്കോടതി ഈ ഉത്തരവ് ജനവിരുദ്ധമാണെന്ന് വ്യക്തമാക്കിയിരുന്നു.