70-ലും തന്റെ നിലപാട് മാറ്റാതെ മമ്മുട്ടി, ലാലിനുള്ളത് രഹസ്യ രാഷ്ട്രീയ ‘അജണ്ട’

ലയാളത്തിന്റെ മഹാനടന്‍ മമ്മുട്ടിക്ക് സെപ്തംബര്‍ ഏഴിന് 70 തികയും. നീണ്ട നാല് പതിറ്റാണ്ടിലേറെയായി മലയാള സിനിമയ്ക്കൊപ്പം നടക്കുന്ന മമ്മുട്ടിക്ക് ഇന്നും മറ്റൊരു പകരക്കാരനില്ല. തൊഴില്‍ മേഖലയോടുള്ള കടുത്ത ആത്മാര്‍ത്ഥതയാണ് അദ്ദേഹത്തെ ഇപ്പോഴും ചെറുപ്പമാക്കുന്നത്. 70-കളില്‍ വെളുത്ത ഒറ്റമുണ്ടും കൈമുട്ടുവരെ മടക്കിവെച്ച പശയിടാത്ത വെള്ള ഷര്‍ട്ടും അലസമായി തുറന്നിട്ട ബട്ടണുകളും കട്ടിമീശയും, മുകളിലേക്ക് ചീകിയൊതുക്കിയ മുടിയുമായി മലയാളത്തിലേക്ക് കടന്നുവന്ന നടനാണ് മമ്മുട്ടി. കഥാപാത്ര പൂര്‍ത്തീകരണത്തിനായുള്ള വേഷവും ശരീരഭാഷയുമായി ഈ പുതിയ കാലത്തും അദ്ദേഹം നമ്മെ അദ്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.

1971ല്‍ പ്രദര്‍ശനത്തിനെത്തിയ ‘അനുഭവങ്ങള്‍ പാളിച്ചകള്‍’ ആണ് മമ്മൂട്ടി അഭിനയിച്ച ആദ്യചിത്രം. ഇതിനകം തന്നെ വിവിധ ഭാഷകളിലായി നാന്നൂറില്‍ അധികം സിനിമകളില്‍ മമ്മുട്ടി അഭിനയിച്ചിട്ടുണ്ട്. മികച്ച നടനുള്ള ദേശീയ പുരസ്‌കാരം മൂന്ന് തവണയാണ് അദ്ദേഹം നേടിയിരിക്കുന്നത്. ഇതിനു പുറമേ അഞ്ചു തവണ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും 12 തവണ ഫിലിംഫെയര്‍ പുരസ്‌കാരവും മമ്മുട്ടിക്ക് ലഭിച്ചിട്ടുണ്ട്. 1998ല്‍ ഭാരത സര്‍ക്കാര്‍ പത്മശ്രീ നല്‍കിയും ആദരിക്കുകയുണ്ടായി. 2010 ജനുവരിയില്‍ കേരള സര്‍വകലാശാലയില്‍ നിന്ന് ഹോണററി ഡോക്ടറേറ്റ് ലഭിച്ച ഇദ്ദേഹത്തെ ആ വര്‍ഷം ഡിസംബറില്‍ തന്നെ ഡോക്ടറേറ്റ് നല്‍കി കാലിക്കറ്റ് സര്‍വകലാശാലയും ആദരിക്കുകയുണ്ടായി.

ക്യാരക്ടര്‍ ആവശ്യപ്പെടുന്ന വസ്ത്രധാരണത്തെയും ഭാവചലനങ്ങളെയും ഭാഷയെയും ശരീരത്തിലേക്കും മനസ്സിലേക്കും ആവാഹിക്കാന്‍ മമ്മൂട്ടിയോളം പോന്ന ഒരു നടന്‍ കഴിഞ്ഞ കാല്‍ നൂറ്റാണ്ടിനിടയില്‍ ഉണ്ടായിട്ടുണ്ടോ എന്നതും സംശയമാണ്. ഒരുപാട് കഷ്ടപ്പാടുകള്‍ സഹിച്ചാണ് ഇന്നും മമ്മുട്ടി മുന്നോട്ട് പോകുന്നത്. തന്നെ ഇപ്പോഴും വേട്ടയാടുന്ന കാലിലെ പരിക്കിനെ പറ്റി അടുത്തയിടെ മമ്മുട്ടി തുറന്നു പറഞ്ഞപ്പോള്‍ ഞെട്ടിയത് നാട് മാത്രമല്ല അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ കൂടിയാണ്. ഇടതുകാലിന്റെ ലിഗമെന്റ് പൊട്ടിയിട്ട് 21 വര്‍ഷമായെന്നും ഇതുവരെ ഞാനത് ഓപ്പറേറ്റ് ചെയ്ത് മാറ്റിയിട്ടില്ലെന്നുമാണ് മമ്മുട്ടി തുറന്ന് പറഞ്ഞിരിക്കുന്നത്. ഓപ്പറേഷന്‍ ചെയ്താല്‍ ഇനിയും തന്റെ കാല്‍ ചെറുതാകുമെന്നതിനാലാണ് ആ വേദന സഹിച്ച് ഈ അഭ്യാസങ്ങളൊക്കെ കാണിക്കുന്നതെന്നും മമ്മുട്ടി വിശദീകരിക്കുകയുണ്ടായി.

കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയില്‍ റോബോട്ടിക്ക് ശസ്ത്രക്രിയയുടെ ഉദ്ഘാടനത്തിന് എത്തിയപ്പോഴായായിരുന്നു എല്ലാവരെയും ഞെട്ടിച്ച മമ്മൂട്ടിയുടെ വെളിപ്പെടുത്തല്‍ ഉണ്ടായിരുന്നത്. സഹതാപം കിട്ടുന്ന ചെറിയ ഒരു കാര്യം ഉണ്ടായാല്‍ പോലും അത് അപ്പോള്‍ തന്നെ വെളിപ്പെടുത്തി നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുന്ന സെലിബ്രിറ്റികള്‍ക്കിടയില്‍ ഇങ്ങനെയൊക്കെയാണ് മമ്മുട്ടി എന്ന മഹാനടന്‍ വ്യത്യസ്തനാകുന്നത്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും മമ്മുട്ടിയോളം ഇടപെടുന്ന ഒരു താരവും ഇന്ന് മലയാള സിനിമയിലില്ല. ആരൊക്കെ എതിര്‍ത്താലും അതൊരു യാഥാര്‍ത്ഥ്യം തന്നെയാണ്. നിലപാടുകള്‍ സ്വീകരിക്കുമ്പോള്‍ അത് ഇമേജിനെ ബാധിക്കുമോ എന്നതും മമ്മുട്ടി നോക്കാറില്ല. അതിന്റെ ഏറ്റവും നല്ല ഉദാഹരണം കൈരളി ചാനലിന്റെ ചെയര്‍മാന്‍ സ്ഥാനം തന്നെയാണ്.

കൈരളി ഡയറക്ടര്‍ സ്ഥാനത്ത് നിന്നും മോഹന്‍ലാല്‍ പേടിച്ച് പിന്‍മാറിയപ്പോള്‍ ചാനലിന്റെ ആരംഭ കാലം മുതല്‍ ഇന്നും കൈരളി തലപ്പത്ത് ഉറച്ചു നില്‍ക്കുകയാണ് മമ്മുട്ടി ചെയ്തിരിക്കുന്നത്. തന്റെ ചുവപ്പിനോടുള്ള താല്‍പ്പര്യം ഒരിക്കല്‍ പോലും മമ്മുട്ടി മറച്ചുവെച്ചിട്ടില്ല. തുമ്മിയാല്‍ തെറിക്കുന്ന ഇമേജാണെങ്കില്‍ അത് തനിക്കു വേണ്ടന്നതാണ് അദ്ദേഹത്തിന്റെ നിലപാട്. എന്നാല്‍ മോഹന്‍ലാല്‍ അങ്ങനെയല്ല, ആര്‍.എസ്.എസ് സംഘടനയായ സേവാഭാരതിയുമായി സഹകരിക്കുമ്പോഴും ബി.ജെ.പി നേതാക്കളുമായി ആശയ വിനിമയം നടത്തുമ്പോഴും അതെല്ലാം പരമാവധി മറച്ചു പിടിക്കാനാണ് ലാല്‍ ശ്രമിക്കാറുള്ളത്.

ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മോഹന്‍ലാലിനെ പരിഗണിക്കുന്നതായ വാര്‍ത്തകളോട് പോലും അദ്ദേഹം എതിരായി പ്രതികരിച്ചത് ഇമേജ് പോകുമെന്ന ഭയം ഒന്നുകൊണ്ടു മാത്രമാണ്. ഇക്കാര്യത്തില്‍ മമ്മുട്ടിയുടെ നിലപാടാണ് മാതൃകാപരം. തന്റെ രാഷ്ട്രീയ ആഭിമുഖ്യം അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ടെങ്കിലും രാഷ്ട്രീയത്തില്‍ ഇറങ്ങുന്ന കാര്യത്തില്‍ ഇതുവരെയും മനസ്സ് തുറന്നിട്ടില്ല. അതിന് മമ്മുട്ടി എപ്പോള്‍ അനുകൂലമായി പ്രതികരിച്ചാലും തീരുമാനമെടുക്കാന്‍ സി.പി.എമ്മും ഒട്ടും വൈകാന്‍ സാധ്യതയില്ല. അക്കാര്യവും വ്യക്തമാണ്. ഇന്നല്ലെങ്കില്‍ നാളെ അതിനുള്ള സാധ്യത തന്നെയാണ് രാഷ്ട്രീയ നിരീക്ഷകരും ഇപ്പോള്‍ ചൂണ്ടിക്കാട്ടുന്നത്.

Top